പന്തളം : മണ്ഡലകാലാരംഭത്തിൽത്തന്നെ പന്തളത്തേക്ക് ഭക്തജനപ്രവാഹം. ശനിയാഴ്ച തിരുവാഭരണദർശനം തുടങ്ങിയതുമുതൽ മറുനാട്ടുകാരായ തീർഥാടകരുൾപ്പെടെ ആയിരക്കണക്കിനാളുകളാണ് മണികണ്ഠന്റെ മണ്ണിലേക്ക് ദർശനത്തിനായി എത്തിച്ചേർന്നത്. എന്നാൽ പാതിവഴിയിലായ ഒരുക്കങ്ങളാണ് തീർഥാടകരെ ഇത്തവണ വരവേറ്റത്. പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലും മണികണ്ഠനാൽത്തറയിലും അനുബന്ധ ക്ഷേത്രങ്ങളിലും ചിറപ്പുത്സവത്തിന് തുടക്കമായി.
രാവിലെ അഞ്ചിന് സ്രാമ്പിക്കൽ കൊട്ടാരത്തിലെ തിരുവാഭരണമാളിക തുറന്നതുമുതൽ ഭക്തരുടെ നീണ്ടനിരയാണ് ദർശനത്തിനായി കാത്തുനിന്നത്. പുലർച്ചെ 5.30-ന് നട തുറന്നതുമുതൽ വലിയകോയിക്കൽ ക്ഷേത്രത്തിലും ദർശനത്തിനും വ്രതാരംഭം കുറിക്കാനുമായി നൂറുകണക്കിന് ഭക്തർ എത്തിയിരുന്നു. ക്ഷേത്രത്തിൽ പൂജിച്ച മുദ്രധരിച്ച് ഭക്തർ ശബരിമല ദർശനത്തിനുള്ള വ്രതാരംഭത്തിന് തുടക്കംകുറിച്ചു. തിരുവാഭരണപേടകവാഹക സംഘാംഗങ്ങളടക്കം തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്ന ഭക്തർ ക്ഷേത്രത്തിലെത്തി മുദ്രധരിച്ചു.
രാവിലെമുതൽ ഉച്ചയ്ക്ക് നട അടയ്ക്കുന്നതുവരെ പന്തളത്ത് വലിയകോയിക്കൽ ക്ഷേത്രത്തിലും കൊട്ടാരത്തിലും ദർശനത്തിനായി ഭക്തജനത്തിരക്കനുഭവപ്പെട്ടു. ഏപ്രിൽമാസം വിഷുദിനത്തിൽ തുറന്നശേഷം തിരുവാഭരണങ്ങൾ ദർശനത്തിനായി തുറന്നത് ശനിയാഴ്ചയാണ്. ഇനിയും മണ്ഡലപൂജ കഴിഞ്ഞ് ശബരിമല നട അടയ്ക്കുന്ന ഡിസംബർ 26 വരെ തുടർച്ചയായി തിരുവാഭരണ ദർശനമുണ്ടാകും. പിന്നീട് ശബരിമല നടതുറന്നാൽ ഡിസംബർ 31 മുതൽ ജനുവരി 12-ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന ദിവസം 12 മണിവരെ ദർശന സൗകര്യമുണ്ടാകുമെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി എം.ആർ.സുരേഷ് വർമ പറഞ്ഞു.
തിരുവാഭരണ ദർശനത്തിന് കൊട്ടാരത്തിൽ എല്ലാ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തർക്ക് തിരക്കുകൂടാതെ വരിയിൽനിന്നു ദർശനം നടത്താം. മണികണ്ഠനാൽത്തറ ക്ഷേത്രത്തിൽ ചിറപ്പുത്സവവും അന്നദാനവും തുടങ്ങി. വലിയകോയിക്കൽ ക്ഷേത്രത്തിൽ തീർത്ഥാടകർക്കായി മൂന്നുനേരം അന്നദാനമുണ്ടാകും. ഇവിടെ ശനിയാഴ്ച വൃശ്ചികോത്സവത്തിന്റെ ഭാഗമായി ആലുമൂട്ടിൽ ഫ്രണ്ട്‌സ് അയ്യപ്പഡിവോട്ടി ഓർഗനൈസേഷൻ സമൂഹസദ്യ നടത്തിയിരുന്നു. 12-ന് സമൂഹസദ്യ പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി എം.ആർ.സുരേഷ് വർമ ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായി.
പാലസ് വെൽഫെയർ സൊസൈറ്റിയുടെ കീഴിലുള്ള പന്തളം രാജ രാജശേഖരമണ്ഡപവും ഭക്തർക്കായി തുറന്നിട്ടുണ്ട്. മണികണ്ഠനാൽത്തറ ക്ഷേത്രത്തിൽ ജനുവരി 11 വരെ അയ്യപ്പസേവാസംഘമാണ് അന്നദാനം നടത്തുന്നത്. വൈകീട്ട് ശരണംവിളി, ജനുവരി ഒന്നുമുതൽ രാത്രി വിവിധ കലാപരിപാടികൾ എന്നിവ നടക്കുമെന്ന് അയ്യപ്പസേവാസംഘം ശാഖാ സെക്രട്ടറി പി.നരേന്ദ്രൻ നായർ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group