വൈക്കം : അഷ്ടമി ഉത്സവത്തിന് കൊടികയറാൻ ഒരുദിവസം ബാക്കിനിൽക്കേ നാടും നഗരവും ഉത്സവത്തെ വരവേൽക്കാനായി ഒരുങ്ങിക്കഴിഞ്ഞു. പടിഞ്ഞാറെ നടയിൽ കച്ചവടസ്ഥാപനങ്ങളും വഴിവാണിഭക്കാരും എത്തി. വൈക്കം നഗരസഭയാണ് കച്ചവടക്കാർക്കായി പടിഞ്ഞാറെനടയിലെ സ്ഥലം പതിച്ചു നൽകുന്നത്.
ഇതിന്റെ നടപടികൾ തുടരുകയാണ്. കായലോരബീച്ച് മൈതാനത്ത് അഷ്ടമി ഫെസ്റ്റ് ആരംഭിച്ചു.
ഞായറാഴ്ച വൈകീട്ട് വലിയ ജനത്തിരക്കാണ് ബീച്ച് മൈതാനത്തും മുനിസിപ്പൽ പാർക്കിലും അനുഭവപ്പെട്ടത്. മഹാദേവക്ഷേത്രത്തിലെ അഷ്ടമിപ്പന്തൽ, സേവപന്തൽ, പെയ്ന്റിങ് ജോലികൾ അവസാനഘട്ടത്തിലാണ്.
ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ഊട്ടുപുരയോട് ചേർന്ന് വൈദ്യുതി ദീപാലങ്കാരങ്ങളോടെ താത്കാലിക അലങ്കാരപ്പന്തൽ ഒരുക്കുന്നുണ്ട്.
ഇവിടെ പോലീസ് കൺട്രോൾ റൂമും, കുടിവെള്ളകേന്ദ്രവും ഉണ്ടാകും. അഗ്നിരക്ഷാസേനയ്ക്കും എക്‌സൈസിനും ആരോഗ്യവകുപ്പിനും പ്രത്യേക സ്ഥലങ്ങൾ നൽകിയിട്ടുണ്ട്. നിലവിലുള്ള സി.സി.ടി.വി. കൂടാതെ പോലീസ് അറിയിച്ച സ്ഥലങ്ങളിൽ തിങ്കളാഴ്ചയോടുകൂടി സി.സി.ടി.വി.കൾ സ്ഥാപിക്കുന്നത് പൂർത്തിയാകുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.
വൈക്കത്തഷ്ടമി ശബരിമല മണ്ഡലക്കാലംകൂടിയാണ്. ക്ഷേത്രത്തിൽ എത്തുന്ന അയ്യപ്പഭക്തർക്ക് വിരിവെക്കുന്നതിനും മറ്റു ഭക്തർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ദേവസ്വം ബോർഡിന്റെ പ്രാതൽ ഏഴാം ഉത്സവദിനമായ 18-നാണ് ആരംഭിക്കുക. അഷ്ടമിനാളിൽ 121 പറ അരിയുടെ പ്രാതലാണ് ഒരുക്കുന്നത്.
വിളക്കുവെപ്പ് പന്തലിന് കാൽനാട്ടി
വൈക്കം : വൈക്കത്തഷ്ടമി ദിവസം ഉദയനാപുരത്തപ്പനും കൂട്ടുമ്മേൽ ഭഗവതിക്കും ശ്രീനാരായണപുരത്തപ്പനും പരിവാരങ്ങൾക്കും വരവേൽപ് നൽകാൻ വടക്കേനട അഷ്ടമി വിളക്കുവെപ്പ് കമ്മിറ്റി നിർമിക്കുന്ന നാലുനില ദീപാലങ്കാരപ്പന്തലിന്റെ കാൽനാട്ട് പ്രസിഡന്റും ഭാരവാഹികളും ചേർന്ന് നടത്തി. വടക്കേനട പി.ഡബ്ല്യു.ഡി. ഓഫീസിന്റെ സമീപത്താണ് വടക്കേ ഗോപുരനടയ്ക്കുമുൻപിൽ പന്തൽ നിർമിക്കുന്നത്. രക്ഷാധികാരി അജിത്ത് കുമാർ, പ്രസിഡന്റ് അശോകൻ വെള്ളവേലി, സെക്രട്ടറി സി.ശ്രീഹർഷൻ, വൈസ് പ്രസിഡന്റ് ടി.എം.ബിനോയ്, ജോ. സെക്രട്ടറി ജീവരാജ്, പി.കെ.പീതാംബരൻ, എം.കെ.സുകുമാരൻ, കെ.കെ.കുട്ടപ്പൻ, അനുരാജ്, എൻ.വിനോദ് എന്നിവർ പങ്കെടുത്തു.
വടയാർ സമൂഹത്തിന്റെ ഒറ്റപ്പണസമർപ്പണം ഇന്ന് സന്ധ്യവേലയ്ക്ക് അരി അളന്നു
വൈക്കം : അഷ്ടമി ഉത്സവാഘോഷത്തിന്റെ ഭാഗമായി വടയാർ സമൂഹത്തിന്റെ സന്ധ്യവേലയുടേയും ഒറ്റപ്പണ സമർപ്പണത്തിന്റേയും മുന്നോടിയായി ഞായറാഴ്ച വൈകീട്ട് ദേവസ്വം കലവറയിൽ പ്രാതലിന് അരി അളന്നു. സമൂഹം മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് എം.ഈശ്വര അയ്യർ ചടങ്ങ് നടത്തി. 11-ന് വൈകീട്ട് ദീപാരാധനയ്ക്കു ശേഷം ശ്രീകോവിൽ നടയ്ക്കുമുന്നിൽ ഒറ്റപ്പണം സമർപ്പണം നടക്കും. ബലിക്കൽപ്പുരയിൽ ശ്രീകോവിലിനു മുന്നിൽ പട്ടുവിരിച്ച് ദീപം തെളിയിച്ചശേഷം എം.ഈശ്വര അയ്യർ ചടങ്ങ് നടത്തും. നിരവധി ഭക്തർ പങ്കെടുക്കും.
എൻ.എസ്.എസിന്റെകുലവാഴപ്പുറപ്പാട് ഇന്ന്
വൈക്കം : വൈക്കത്തഷ്ടമി ഉത്സവത്തിന്റെ വരവറിയിക്കുന്ന സംയുക്ത എൻ.എസ്.എസ്. കരയോഗത്തിന്റെ കുലവാഴപ്പുറപ്പാട് തിങ്കളാഴ്ച വൈകീട്ട് നടക്കും. ഉത്സവത്തിന്റെ വരവ് അറിയിക്കുന്ന ആർഭാടമായ ചടങ്ങാണ് ടൗണിലെ ആറ് എൻ. എസ്.എസ്. കരയോഗങ്ങളുടെ നേതൃത്വത്തിലുള്ള കുലവാഴപ്പുറപ്പാട്. ഇക്കുറി 1878-ാം നമ്പർ കിഴക്കുംചേരി വടക്കേമുറി എൻ.എസ്.എസ്.കരയോഗം ആണ് ആതിഥേയത്വം വഹിക്കുന്നത്.
വൈകീട്ട് 4.30-ന് ചാലപ്പറമ്പ് കാർത്ത്യാകുളങ്ങര ശാസ്താക്ഷേത്രത്തിൽനിന്നാണ് കുലവാഴപ്പുറപ്പാട് വൈക്കം മഹാദേവക്ഷേത്ര സന്നിധിയിലേക്ക് പുറപ്പെടുന്നത്. വനിതകളുടെ താലപ്പൊലി കൂടാതെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ, വിവിധതരം വാദ്യമേളങ്ങൾ, നിശ്ചലദൃശ്യം എന്നിവ ഭംഗിപകരും.
1573-ാം നമ്പർ കിഴക്കുംചേരി നടുവിലെ മുറി, 1603-ാം നമ്പർ കിഴക്കുംചേരി തെക്കേമുറി, 1634-ാം നമ്പർ പടിഞ്ഞാറ്റുംചേരി പടിഞ്ഞാറേമുറി, 1820-ാം നമ്പർ പടിഞ്ഞാറ്റുംചേരി തെക്കേമുറി, 1880-ാം നമ്പർ വി.കെ.വി.എം. പടിഞ്ഞാറ്റുംചേരി വടക്കേമുറി എന്നീ കരയോഗങ്ങളുടെ നേതൃത്വത്തിലാണ് കുലവാഴപ്പുറപ്പാട് നടത്തുന്നത്. ഒന്നും രണ്ടും ഉത്സവം സംയുക്ത എൻ.എസ്.എസ്. കരയോഗം അഹസ്സായി ആഘോഷിക്കും. മുപ്പത് പറ അരിയുടെ പ്രാതലാണ് ഇക്കുറി ഊട്ടുപുരയിൽ ഒരുക്കുന്നത്. ലക്ഷദീപവും, പുഷ്പാലങ്കാരങ്ങളും, ക്ഷേത്രസന്നിധിയിൽ ഉണ്ടാകും. വൈക്കത്തപ്പന്റെ കലാമണ്ഡപത്തിൽ കരയോഗങ്ങൾ നടത്തുന്ന കലാപരിപാടികളും, കൊടിപ്പുറത്ത് വിളക്കും കുലവാഴപ്പുറപ്പാടിന്റെ ഭാഗമായി നടത്തുമെന്ന് സംയുക്ത കരയോഗം പ്രസിഡന്റ് എസ്. ഹരിദാസൻ നായർ, സെക്രട്ടറി എം. വിജയകുമാർ, ട്രഷറർ കെ.ടി. രാംകുമാർ എന്നിവർ അറിയിച്ചു.
ക്ഷേത്രത്തിലെ ബലിക്കൽപ്പുരയും ആനക്കൊട്ടിലും, കൊടിമരഭാഗങ്ങളും നാല് ഗോപുരനടകളും കെട്ടി അലങ്കരിക്കുവാനുള്ള നാളികേരക്കുലകളും, വാഴക്കുലകളും, കട്ടിമാലകളും അലങ്കരിച്ച വാഹനത്തിൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതാണ് കുലവാഴപ്പുറപ്പാട്.
പുളിഞ്ചുവട്, മുരിയൻകുളങ്ങര, കിഴക്കേനട, തെക്കേനട, പടിഞ്ഞാറേനട വഴി വടക്കേഗോപുര നടയിലെത്തും. ദീപാരാധനയ്ക്കുശേഷം അലങ്കാരസാധനങ്ങൾ ക്ഷേത്രനടയിൽ സമർപ്പിക്കും. കുലവാഴപ്പുറപ്പാട് വടക്കേനടയിലെത്തുമ്പോൾ ദേവസ്വം അധികാരികൾ ഔദ്യോഗിക വരവേൽപ് നൽകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group