കബനിക്കരയിൽ വേടഗൗഡരുടെ മൂരിയബ്ബ ആഘോഷം

കബനിക്കരയിൽ വേടഗൗഡരുടെ മൂരിയബ്ബ ആഘോഷം
കബനിക്കരയിൽ വേടഗൗഡരുടെ മൂരിയബ്ബ ആഘോഷം
Share  
2024 Nov 03, 10:11 AM
VASTHU
MANNAN

പുല്പള്ളി : പാരമ്പര്യ സ്മരണകളുയർത്തി കബനിക്കരയിൽ വേടഗൗഡരുടെ മൂരിയബ്ബ ആഘോഷം. കേരളാതിർത്തി ഗ്രാമമായ കർണാടകയിലെ ബൈരക്കുപ്പയിൽനടന്ന മൂരിയബ്ബ ആഘോഷത്തിൽ പങ്കുചേരാനായി മലയാളക്കരയിൽനിന്നടക്കം ആയിരങ്ങളാണ് കബനിക്കരയിലേക്ക് ഒഴുകിയെത്തിയത്. ചിത്രദുർഗയിൽനിന്നും വേടഗൗഡർ കബനിക്കരയിലേക്ക് പലായനംചെയ്തതിന്റെ ഓർമ്മപുതുക്കലാണീ ആഘോഷം.


ദീപാവലിക്കുശേഷമുള്ള കറുത്തവാവിന്റെ പിറ്റേദിവസമാണ് മൂരിയബ്ബ ആഘോഷിക്കുന്നത്. ബൈരക്കുപ്പയിലെ ബൈരവേശ്വര, ബസവേശ്വര ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ. കബനിയുടെ തീരത്തെ ഏഴ് പുരാതന ജനവാസകേന്ദ്രങ്ങളിൽനിന്നുള്ളവരാണ് കാളകളുമായി ആഘോഷത്തിൽ പങ്കുചേരാനെത്തുന്നത്. ഓരോ ഗ്രാമത്തിൽനിന്നും കർഷകർ കൊട്ടുംപാട്ടുമായി കാളകളെ എഴുന്നള്ളിച്ച് ബൈരക്കുപ്പയിലേക്ക് കൊണ്ടുവരും. വ്രതാനുഷ്ഠാനങ്ങളോടെ കുങ്കുമം ചാർത്തി, പട്ടുപുതപ്പിച്ച്, മണികളും പൂമാലകളുമണിയിച്ച് ഒരുക്കിയാണ് കാളകളെ ക്ഷേത്രങ്ങളിലേക്ക് ആനയിക്കുക. പ്രത്യേക പൂജകൾക്കുശേഷം ഇവയെ ബസവേശ്വരക്ഷേത്രത്തിലും പിന്നീട് ബൈരേശ്വരക്ഷേത്രത്തിലുമെത്തിക്കും. ആഘോഷങ്ങൾക്ക് പുറപ്പെടുന്നതിനുമുൻപ്‌ എല്ലാസംഘങ്ങളും കാളകളുമായി കബനീതീരത്തെത്തി തിരി തെളിയിച്ച്, നാളികേരമുടച്ച് നദിയെ വണങ്ങും.


വിജയനഗര രാജാവ് ഹരിഹരൻ രണ്ടാമൻ യുദ്ധത്തിൽ പരാജയപ്പെട്ടപ്പോൾ വിജയനഗരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ചിത്രദുർഗയിൽനിന്ന്‌ പൂർവികർ പ്രാണനുംകൊണ്ട് രക്ഷപ്പെട്ടതിന്റെ ഓർമ്മപുതുക്കലാണീച്ചടങ്ങ്. രക്ഷപ്പെടുമ്പോൾ ശിവ-പാർവതിമാർ കാളകളുടെ രൂപത്തിലെത്തി വഴികാട്ടിയായെന്നും ബൈരക്കുപ്പയിൽ സ്ഥിരതാമസമാക്കാൻ ഉപദേശിച്ചെന്നുമാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ തങ്ങളുടെ ഐശ്വര്യത്തിന്റെ അടയാളമായിട്ടാണ്‌ ഇവർ കാളകളെ കാണുന്നത്. കൃഷിയും കന്നുകാലിവളർത്തലുമാണ് വേടഗൗഡരുടെ കുലത്തൊഴിൽ.


samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2