പുളിക്കീഴ് : വിശുദ്ധിയുടെ പരിമളം പരത്തുന്ന കബറിടത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. പ്രാർഥനകളാൽ ഭക്തിസാന്ദ്രമായ പുണ്യഭൂമിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓർമപ്പെരുന്നാൾ കൊടിയിറങ്ങി. ആയിരങ്ങൾ പങ്കെടുത്ത റാസയോടെയായിരുന്നു പെരുന്നാൾ സമാപനം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടന്ന സമാപന റാസയിൽ വിവിധ ഭദ്രാസനങ്ങളിൽനിന്നുള്ള വൈദികരും വിശ്വാസികളും പങ്കെടുത്തു. റാസ പടിഞ്ഞാറേ കുരിശടി, വടക്കേ വാതിൽവഴി തിരികെ പള്ളിയിൽ പ്രവേശിച്ചു. തുടർന്ന് ആശീർവാദവും കൊടിയിറക്കും നടന്നു.
ശനിയാഴ്ച പുലർച്ചെ മൂന്നിന് പള്ളിയിലും 6.15-ന് ചാപ്പലിലും കുർബാന നടന്നു. രാവിലെ 8.30-ന് നടന്ന പെരുന്നാൾ മൂന്നിന്മേൽ കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രധാന കാർമികത്വംവഹിച്ചു. കാതോലിക്കാ ബാവായും മെത്രാപ്പൊലീത്തമാരും വിശ്വാസികൾക്ക് ശ്ലൈഹിക വാഴ്‌വ് നൽകി. തുടർന്ന്, മാർ ഗ്രിഗോറിയോസ് വിദ്യാർഥിപ്രസ്ഥാനം സമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനംചെയ്തു. എം.ജി.ഒ.സി.എം. പ്രസിഡന്റ് ഏബ്രഹാം മാർ സെറാഫിം അധ്യക്ഷനായി. കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി.
കാതോലിക്കാ ബാവായ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുടെ ബഹുമതി സമ്മാനിച്ചു
പരുമല : പരിശുദ്ധ കാതോലിക്കാ ബാവാ സമൂഹത്തിൽ സ്നേഹം പകർന്ന് വിദ്വേഷമകറ്റുന്ന ആചാര്യ ശ്രേഷ്ഠനാണെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. പരുമല പെരുന്നാളിന്റെ മൂന്നിന്മേൽ കുർബാനയെത്തുടർന്ന് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് റഷ്യൻ സഭയുടെ ‘ദ ഓർഡർ ഓഫ് ഗ്ലോറി ആൻഡ് ഹോണർ’ ബഹുമതി അവിടുത്തെ മെത്രാപ്പൊലീത്ത ആന്റണി സമ്മാനിച്ചു. മതാന്തരസൗഹൃദം വളർത്തുവാനും സഭകൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുവാനും നൽകിയ നേതൃത്വം പരിഗണിച്ചാണ് ബഹുമതി. സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത അധ്യക്ഷതവഹിച്ചു.
വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ.സ്റ്റെഫാൻ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group