ജാതവൻ കോട്ടയിലേക്ക്‌ മടങ്ങി കടലുണ്ടി വാവുത്സവം സമാപിച്ചു

ജാതവൻ കോട്ടയിലേക്ക്‌ മടങ്ങി കടലുണ്ടി വാവുത്സവം സമാപിച്ചു
ജാതവൻ കോട്ടയിലേക്ക്‌ മടങ്ങി കടലുണ്ടി വാവുത്സവം സമാപിച്ചു
Share  
2024 Nov 02, 08:41 AM
VASTHU
MANNAN

കടലുണ്ടി : അസ്തമയസൂര്യന്റെ സ്വർണകിരണങ്ങളെയും ഭക്തരുടെ കൂപ്പുകൈകളെയും സാക്ഷിയാക്കി ജാതവൻ മണ്ണൂരിലെ കോട്ടയിലേക്ക് മടങ്ങി. അടുത്ത തുലാമാസ വാവുത്സവനാളിൽ അമ്മ പേടിയാട്ടമ്മയെ വീണ്ടും കാണാമെന്ന പ്രതീക്ഷയുമായുള്ള ഈ മടക്കത്തോടെ ഇത്തവണത്തെ കടലുണ്ടി വാവുത്സവം സമാപിച്ചു. അതോടെ വടക്കൻകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കമായി.


അമ്മയുടെയും മകന്റെയും സമാഗമത്തിനു സാക്ഷിയാകാൻ ആയിരങ്ങളാണ് കടലുണ്ടിയിലേക്ക് വെള്ളിയാഴ്ച ഒഴുകിയെത്തിയത്.


രണ്ടുദിവസമായി ഊരുചുറ്റാനിറങ്ങിയ ജാതവൻ രാവിലെയാണ് വാക്കടവിലെത്തിയത്.


പള്ളിനീരാട്ട്‌ കഴിഞ്ഞതിനുശേഷം പേടിയാട്ടമ്മയുടെ തിരുമുഖം വർണശബളമായ ചായങ്ങൾകൊണ്ട് മിനുക്കി ശോഭവരുത്തി. ഇരുപത്തിയേഴ് മീറ്റർ നീളമുള്ള തിരുവുടയാട ഞൊറിഞ്ഞ് വൃത്താകൃതിയിൽ തിരുമുഖത്തിനുചുറ്റും അലങ്കരിച്ചു. കടപ്പുറത്ത് താത്‌കാലികമായി നിർമിച്ച പട്ടുപന്തലിനുള്ളിൽവെച്ചായിരുന്നു ചമയമണിയിച്ചത്‌. ശേഷം സ്വർണാഭരണങ്ങൾ തിടമ്പിൽച്ചാർത്തി. മൂന്നുതവണ ജാതവൻ സർവാഭരണവിഭൂഷിതയായ അമ്മയെ വലംവെച്ചു. ദർശനംനേടി സയുജ്യമടഞ്ഞതോടെ തിരിച്ചെഴുന്നള്ളത്ത് ആരംഭിച്ചു. കുന്നത്ത്, അമ്പാളി തറവാട്ടുകാരണവന്മാരും മൂത്തപെരുവണ്ണാനും അകമ്പടിസേവിച്ചു.


ദേവിയുടെ ആദ്യ എഴുന്നള്ളത്ത് കുന്നത്ത് തറവാട്ടിലേക്കായിരുന്നു. തറവാട്ടുകാർ നിവേദ്യമായ ഉണങ്ങലരി, പൂവൻപഴം, ഇളനീര്‌, വെറ്റില, അടയ്ക്ക എന്നിവ ദേവിക്ക്‌ നിവേദ്യമായി സമർപ്പിച്ചു. തുടർന്ന്, തറവാട്ടിലെ മണിത്തറയെ മൂന്നുവട്ടം വലംവെച്ചശേഷം മണിപീഠത്തിലിരുന്നു.


ഇവിടെയിരുന്ന് ദേവിയുടെ ഇഷ്ടവിനോദമായ പടകാളിത്തല്ല് ആസ്വദിച്ചു. അതിനുശേഷം, കറുത്തങ്ങാട് തറവാട്ടിലേക്ക് യാത്രതിരിച്ചു. മണ്ണൂർ ശിവക്ഷേത്രത്തിലെ മേൽശാന്തിയുടെ വെള്ളരിനിവേദ്യ സമർപ്പണത്തിനുശേഷം വൈകീട്ട് പേടിയാട്ട്കാവിലെത്തി. ഇവിടെ ദേവിയെ വ്രതനിഷ്ഠരായ പനയംമഠ തറവാട്ടുകാർ സ്വീകരിച്ച് നിവേദ്യം സമർപ്പിച്ചു. സന്ധ്യയോടെ പേടിയാട്ടമ്മയുടെ തിരുമുഖം തിടമ്പിൽനിന്ന് അഴിച്ചെടുത്ത് കാവിലെ ഗർഭഗൃഹത്തിലേക്ക് മാറ്റി.


ഇതിനുശേഷം മകൻ ജാതവൻ കോട്ടയിലേക്ക് തിരിച്ചെഴുന്നള്ളിയതോടെ ഈ വർഷത്തെ ചടങ്ങുകൾക്ക് സമാപനമായി.


കോഴിക്കോട് : ശ്രീകണ്ഠേശ്വര ക്ഷേത്രയോഗത്തിന്റെ നേതൃത്വത്തിൽ തുലാമാസ വാവുബലിതർപ്പണം നടത്തി. വരക്കൽ കടപ്പുറത്ത് വ്യാഴാഴ്ച വൈകീട്ട് തുടങ്ങി വെള്ളിയാഴ്ച രാവിലെവരെ കെ.വി. ഷിബു ശാന്തിയുടെ നേതൃത്വത്തിലാണ് കർമങ്ങൾ നടന്നത്. ഭക്തജനങ്ങളുടെ സൗകര്യത്തിനായി പ്രത്യേകം പന്തലും കൗണ്ടറും ഒരുക്കിയിരുന്നു.


ശ്രീനാരായണ സെന്റിനറി ഹാളിൽ വെള്ളിയാഴ്ച പുലർച്ചെമുതലും കെ.വി. ഷിബുശാന്തിയുടെ നേതൃത്വത്തിൽ തർപ്പണം നടത്തി. ക്ഷേത്രത്തിൽ പിതൃക്കൾക്കായി തിലഹവനവും വിഷ്ണുപൂജയും നടത്തി.


ഗോതീശ്വരം ക്ഷേത്രം ബലിതർപ്പണം


ബേപ്പൂർ : തുലാമാസ ബലിതർപ്പണത്തിന് ജില്ലയിൽനിന്നും പുറത്തുനിന്നുമായി ആയിരങ്ങൾ ബേപ്പൂർ ഗോതീശ്വരം ക്ഷേത്രത്തിലെത്തി. വ്യാഴാഴ്ച രാത്രി മൂന്നിന്‌ ആരംഭിച്ച പിതൃതർപ്പണം വെള്ളിയാഴ്ച രാവിലെ ഒൻപതോടെയാണ് അവസാനിച്ചത്.


ബലിതർപ്പണം ചെയ്യാൻ എല്ലാ സൗകര്യങ്ങളും പന്തലിൽ ഏർപ്പെടുത്തിയിരുന്നു. വൻ ജനാവലിയുടെ പ്രവാഹംമൂലം ഗോതീശ്വരത്ത് വാവുദിന ബലിതർപ്പണ സമയത്ത് മുൻകാലങ്ങളെപോലെ ഇക്കുറിയും വൻ സുരക്ഷാസംവിധാനം പോലീസ് ഏർപ്പെടുത്തിയിരുന്നു. ക്ഷേത്രസമിതി പ്രസിഡന്റ് പിണ്ണാണത്ത് ജനാർദനൻ, സെക്രട്ടറി പയ്യാനക്കൽ ശശി, ട്രഷറർ മാതംപാട്ട് പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് ബലികർമച്ചടങ്ങുകൾ നടന്നത്.


ക്ഷേത്രസമിതി മുൻസെക്രട്ടറി വാസുദേവൻ പനോളി, ഷൈജു പിണ്ണാണത്ത്, ബിനീഷ് വിയ്യാംവീട്ടിൽ, അനൂപ് എടത്തൊടി, ഷാജി കിരൺ കടപ്പയിൽ എന്നിവർ കാർമികത്വം വഹിച്ചു.


samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2