കടലുണ്ടി ഹൃദയത്തോടുചേർത്ത ഉത്സവം

കടലുണ്ടി ഹൃദയത്തോടുചേർത്ത ഉത്സവം
കടലുണ്ടി ഹൃദയത്തോടുചേർത്ത ഉത്സവം
Share  
2024 Nov 01, 09:23 AM
VASTHU
MANNAN

കടലിലേക്ക്‌ ഉന്തിനിൽക്കുന്ന ഭൂപ്രദേശം പിന്നീട് കടലുണ്ടിയെന്നപേരിൽ അറിയപ്പെട്ടു. കടലും കായലും സമ്മേളിക്കുന്ന ഒരു നാടിന്റെ ഹൃദയവികാരമാണ് കടലുണ്ടി വാവുത്സവം. ക്ഷേത്രങ്ങൾക്കും ഉത്സവങ്ങൾക്കും പഞ്ഞമില്ലാത്ത മലയാളദേശത്ത് പേടിയാട്ടുകാവും കടലുണ്ടിയിലെ വാവുത്സവവും ഏറെ വ്യത്യസ്തമാണ്. പരിഷ്കാരത്തിന്റെ പിന്നാലെപോകാതെ പുരാതന ആചാരാനുഷ്ഠാനങ്ങൾക്ക് ഒരുമാറ്റവും വരുത്താതെ പാലിച്ചുവരുന്ന കാവാണിത്. പല ദേശങ്ങളിൽനിന്നായി ആയിരക്കണക്കിനാളുകളാണ് ഉത്സവദിവസം കടലുണ്ടിയിലെത്താറുള്ളത്. ഗ്രാമംവിട്ട്, എത്ര തിരക്കുപിടിച്ച ജീവിതം നയിക്കുന്ന ഓരോ കടലുണ്ടിക്കാരനും ഈ ഒരു ദിവസത്തിനായി കടലുണ്ടിയിലെത്തിയിരിക്കും. നാട്ടിൽനിന്ന് വിവാഹം കഴിച്ചുപോയ പെൺമക്കൾ കുടുംബസമേതം നാട്ടിൽ തിരിച്ചെത്തി ഉത്സവത്തിൽ പങ്കാളിയാവുന്നതും പ്രത്യേകതയാണ്.


പേടിയാട്ടുകാവിൽ ഭഗവതിയുടെ ഉത്സവത്തിന് ഹിന്ദുമതത്തിലെ സകലസമുദായങ്ങളും പങ്കുകൊള്ളുന്നതും ആയിരങ്ങൾ വ്രതമനുഷ്ഠിക്കുന്നതുമാണ്. ഈ നാടിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും ഉൾക്കൊണ്ടാണ് ഈ വാവുത്സവം കൊണ്ടാടുന്നത്. ഉത്സവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും പറയാറുണ്ടെങ്കിലും ഈ നാട്ടിലെ കുടുംബങ്ങളും പൊതുജനങ്ങളും പരമ്പരാഗതമായിത്തന്നെ ഇതിൽ വളരെ ആവേശത്തോടെ പങ്കുകൊള്ളുന്നുണ്ട്. ഉത്സവത്തിന്റെ പ്രധാനകേന്ദ്രമായ പേടിയാട്ടുകാവും അതിന്റെ പരിപാലനവും പനയംമഠം തറവാട്ടുകാർക്കാണ്. കൂടാതെ, പ്രദേശത്തെ പ്രധാനികളായിരുന്ന കുന്നത്ത് നമ്പ്യാർ തറവാട്, മനേഴി ഇല്ലം, അമ്പാളി തറവാട്, കുടിൽപുരയ്ക്കൽ, മാരാത്തയിൽ തറവാട്, മണ്ണൂർ കിഴക്കേപുരക്കൽ തറവാട്ടുകാർ തുടങ്ങി ഈ പ്രദേശത്തെ എല്ലാ വീട്ടുകാർക്കും ആചാരാനുഷ്ഠാനങ്ങളിൽ സുപ്രധാനമായ പങ്കുണ്ട്.


മലയാളം കലണ്ടറിലെ തുലാംമാസത്തിൽ കറുത്ത വാവിനാണ് ഉത്സവം നടക്കുന്നത്. ഉത്സവത്തിനുമുന്നോടിയായി പൗർണമിദിവസം കാവിൽ പുല്ലുചെത്തൽ (വൃത്തിയാക്കൽ) ആരംഭിക്കുന്നു. വാവുത്സവത്തിന്റെ ഏഴുനാൾമുൻപ്‌ പനയംമഠം തറവാട്ടുകാരണവരുടെ നേതൃത്വത്തിൽ കൊടിയേറ്റം രാവിലെ 7.30-ഓടെ നടത്തുന്നു. തുടർന്ന്, ക്ഷേത്രപരിപാലകർക്ക് വ്രതമാരംഭിക്കുന്നു. ഉത്സവത്തിന്റെ അഞ്ചുനാൾമുൻപ്‌ കുന്നത്ത് തറവാട്ടിലും കൊടിയേറ്റം നടക്കും. കാവിൽ മണ്ണൂർ മഹാശിവക്ഷേത്രത്തിലെ മേൽശാന്തി വാവ് പുണ്യാഹപൂജ നടത്തുന്നു. ഇതിനാവശ്യമായ നേദ്യദ്രവ്യങ്ങൾ പനയംമഠം തറവാട്ടമ്മയുടെ നേതൃത്വത്തിൽ സ്ത്രീകുടുംബാംഗങ്ങൾ ഒരുക്കുന്നു. വെച്ചുനേദ്യം ഇവിടെ പാടില്ല. ഈയവസരത്തിൽ കുടിൽപുരയ്ക്കൽ മൂത്തപെരുവണ്ണാന്റെ നേതൃത്വത്തിൽ മണ്ണൂർ ജാതവൻകോട്ടയിൽനിന്ന്‌ കാവിൽ എത്തിച്ചേരുന്നു. തുടർന്ന്‌, പുണ്യാഹപൂജയും നടക്കും. പിന്നാലെ മൂത്ത പെരുവണ്ണാനും സംഘവും ഭഗവതിയെ തൊഴുത് പ്രാർഥിച്ച് കാവിലെ പ്രസാദം സ്വീകരിച്ച് മടങ്ങുന്നു. ഭഗവതിയുടെ മകനായ ജാതവന്റെ കോട്ടയും ക്ഷേത്രവും പരിപാലിക്കുന്നത് അവരാണ്.


ഉത്തമത്തിൽമാത്രം കഴിയുന്ന പേടിയാട്ടമ്മയുടെ മകനാണ് ജാതവൻ. ശുദ്ധിയുടെ മൂർത്തിമദ് ഭാവമാണ് പേടിയാട്ടമ്മ. മകനായ ജാതവൻ ഒരിക്കൽ അമ്മയുടെ സഹോദരി, അമ്മാഞ്ചേരി അമ്മയോടൊപ്പം ശ്രീവളയനാട്ടമ്മയുടെ പൂരത്തിന് പുറപ്പെടാനൊരുങ്ങി. എന്നാൽ, അവിടെ മധ്യമകർമങ്ങളായതുകൊണ്ട് ജാതവനെ അമ്മഭഗവതി വിലക്കി. ജാതവനാകട്ടെ ഇതു വകവെക്കാതെ പൂരത്തിൽ പങ്കെടുക്കാനെത്തി. വളയനാട്ടമ്മ ജാതവന് പാൽവർണക്കുതിര സമ്മാനമായി നൽകി. ഇതോടൊപ്പം മധ്യമവസ്തുക്കളടങ്ങിയ സത്കാരത്തിന് ക്ഷണിക്കുകയുംചെയ്തു. അമ്മഭഗവതിയുടെ വിലക്ക്‌ ഓർത്ത ജാതവൻ സത്കാരം തിരസ്കരിച്ചു. ഈ നിരാസത്തിൽ വളയനാട്ടമ്മ ക്ഷുഭിതയായി മധ്യമവസ്തുക്കൾ ജാതവനുനേരേ തൊട്ടുതെറിപ്പിച്ചു. അതോടെ ജാതവൻ അശുദ്ധനായി. തിരിച്ചെത്തിയ ജാതവനെ പേടിയാട്ടമ്മ അകറ്റിനിർത്തി. ദൂരെ കാക്കകേറാക്കുന്നിൽ കോട്ടകെട്ടി കുടിയിരുത്തി. ഇതാണ് ഐതിഹ്യം. എന്നാൽ, കൊല്ലത്തിൽ ഒരുദിവസം വാവുത്സവത്തിന് നേരിൽവന്ന് അമ്മയായ ഭഗവതിയുടെ ഉത്സവത്തിൽ പങ്കുകൊള്ളാൻ അനുവാദം നൽകുകയുംചെയ്തു.


ഇതിന്റെ മുന്നോടിയായാണ് മൂത്ത പെരുവണ്ണാനും സംഘവും വരുന്നത്. തുടർന്ന്, ഉത്സവത്തിന്റെ നാലുനാൾമുൻപ്‌ വൈകീട്ട് പനയംമഠം കാരണവർ നിയോഗിക്കുന്ന കുടുംബാംഗങ്ങൾ കാവിൽനിന്ന്‌ വിളക്കുതെളിയിക്കാൻവേണ്ട വെളിച്ചെണ്ണ, തിരി എന്നിവയുമായി ജാതവൻകോട്ടയിലെത്തി ശ്രീകോവിലിന്റെ താക്കോൽ സ്വീകരിച്ച് കുടുംബാംഗംതന്നെ ശ്രീകോവിൽ തുറന്ന് ഭഗവാന്റെ മുന്നിൽ ദീപംതെളിയിച്ച് ദീപാരാധന നടത്തുന്നു. ഈദിവസം പകൽ ജാതവൻകോട്ടയിൽ മണ്ണൂർ ശിവക്ഷേത്രം മേൽശാന്തി പകൽ പുണ്യാഹപൂജ നടത്തിയിരിക്കും. തുടർന്ന്, സന്ധ്യാവിളക്കിനുശേഷം ജാതവന്റെ ഇഷ്ടവാഹനമായ പുള്ളിക്കുതിരയെ കുടിൽപുരയ്ക്കൽ തറവാട്ടിലേക്ക് എഴുന്നള്ളിക്കുന്നു. തുടർന്ന്, പനയംമഠം തറവാട്ടുകാർ തിരിച്ചുപോരുന്നു. ഉത്സവത്തിന്റെ മൂന്നുനാൾമുൻപ്‌ പേടിയാട്ടുകാവിൽ രാവിലെ തറവാട്ടമ്മയുടെ നേതൃത്വത്തിൽ വ്രതശുദ്ധിയോടെ നിവേദ്യത്തിനുള്ള നെല്ലുകുത്തൽ ആരംഭിക്കുന്നു. തുടർന്ന്‌, കുടുംബാംഗങ്ങളിൽ പുരുഷന്മാർ തറവാട്ടുകാരണവരുടെ അനുവാദത്തോടെ കലശം കൊണ്ടുവരാൻ മണ്ണൂർ മഹാശിവക്ഷേത്രത്തിലേക്കുപോയി കുളിച്ച് ഈറനുടുത്ത് ശുദ്ധിയായി കലശവുമായി കാവിൽ എത്തിച്ചേരുന്നു. ശ്രീകോവിൽ-നെല്ലുകുത്തൽ തുടങ്ങി കലശം തളിച്ച് ശുദ്ധിവരുത്തി തറവാട്ടിൽ ഗുരുസ്ഥാനത്ത് ശുദ്ധിവരുത്തുന്നു. വൈകീട്ട് ജാതവൻകോട്ടയിൽനിന്ന് ജാതവൻ പുറപ്പെട്ട് കാരകളി കഴിഞ്ഞ്‌ ക്ഷേത്രത്തിന്റെ കിഴക്ക് ആൽത്തറയിൽവന്ന്‌ വിശ്രമിക്കുന്നു. ഈയവസരത്തിൽ മൂത്ത പെരുവണ്ണാൻ അനുയായികളുമായി കാവിൽ തിരുമുറ്റത്ത് സന്ധ്യാദീപത്തിനുശേഷം ഹാജരാവുന്നു. ഈസമയം തറവാട്ടമ്മയും കുടുംബാംഗങ്ങളും കാവിൽ ഉരൽ-ഉലക്ക കൊണ്ട് നിവേദ്യസാന്നിധ്യം അറിയിക്കുന്നു. തുടർന്ന്‌, തറവാട്ടുകാരണവർ മൂത്തപെരുവണ്ണാനെ വെറ്റില, അടയ്ക്ക എന്നിവ നാക്കിലയിൽവെച്ച് സ്വീകരിക്കുന്നു. മൂത്ത പെരുവണ്ണാൻ വെറ്റില, അടയ്ക്ക നോക്കി രാശിഫലങ്ങൾ പറയുന്നു. ശേഷം, മൂത്ത പെരുവണ്ണാനും കാരണവരും എണ്ണത്തിരിവെളിച്ചത്തിൽ പാരമ്പര്യരഹസ്യം കൈമാറിയ ശേഷം അവർപോകുന്നു. തുടർന്ന്‌, ക്ഷേത്രം നടയടച്ച് അവകാശികൾ പിരിഞ്ഞുപോകുന്നു.


ഉത്സവത്തിൽ കാവിൽ തറവാട്ടമ്മ നെല്ലുകുത്തി നിവേദ്യകാര്യങ്ങൾ ഒരുക്കൽ ആരംഭിക്കുന്നു. തുടർന്ന്, നിവേദ്യ അരിയുടെ ഒരുഭാഗം ഗുരുസ്ഥാനിയായ വലിയച്ഛന്റെ ബലിതർപ്പണനിവേദ്യം ഒരുക്കാൻ കൊണ്ടുപോകുന്നു. ശേഷം, പനയംമഠം തറവാട്ടിൽ കാരണവർ ബലിതർപ്പണം സമർപ്പിക്കുന്നു. വെള്ളനിവേദ്യമായ പ്രസാദം അവകാശികൾക്ക് വിതരണംചെയ്ത് കുടുംബാംഗങ്ങളും കഴിക്കുന്നു. തുടർന്ന്, കാവിലെ സന്ധ്യാദീപ അലങ്കാരങ്ങൾ നടക്കുകയും സന്ധ്യക്ക്‌ ശംഖുനാദത്തിൽ അമ്മദേവിയെ ഉത്സവ ഒരുക്കങ്ങൾ അറിയിക്കുകയുംചെയ്യും. കുന്നത്ത് നമ്പ്യാർ തറവാട്ടിൽനിന്ന് അവരുടെ പ്രതിനിധി പനയംമഠം തറവാട്ടിൽവന്ന്‌ കാരണവരുമായി ഉത്സവ ഒരുക്കങ്ങൾ മനസ്സിലാക്കി ചങ്ങലവട്ടദീപത്തിന്റെ വെളിച്ചത്തിൽ അമ്മദേവിയുടെ ശ്രീകോവിലിനു മുന്നിൽനിന്ന് കാരണവരുമായി പാരമ്പര്യരഹസ്യം കൈമാറുന്നു. കാരണവരും കോമരവുംകൂടി പുലർച്ചയ്ക്ക് അമ്മദേവിയെ നീരാട്ടിന്‌ കൊണ്ടുപോകേണ്ട ഒരുക്കങ്ങൾ ചെയ്യുന്നു. പുലർച്ചെ മൂന്നുമണിയോടുകൂടി മൂത്തപെരുവണ്ണാനും സംഘവും ചൂട്ടുവെളിച്ചത്തിൽ കാവിലെത്തിച്ചേരും. തുടർന്ന്, കാരണവരും കോമരവും പുരുഷന്മാരായ കുടുംബാംഗങ്ങളുംകൂടി ശംഖുനാദം മുഴക്കി ശ്രീകോവിൽ നട തുറക്കും. ശേഷം, അവിടെയുള്ള ചടങ്ങുകൾക്കുശേഷം കോമരത്തിന്റെ നേതൃത്വത്തിൽ ശംഖുനാദം മുഴക്കി ആറാട്ടിനായി ദേവിയെ വാക്കടവ് കടപ്പുറത്തേക്ക് യാത്രയാക്കും.


കുന്നത്ത് തറവാട്ടിന് മുന്നിൽനിന്ന് നമ്പ്യാർകാരണവർ വന്ന്‌ ദേവിയുടെ മുന്നിൽ കൈകൂപ്പി തൊഴുത് മഞ്ഞപ്പന്തം വെളിച്ചം കൈമാറും. ഒപ്പം, വാക്കടവിലേക്ക് എഴുന്നള്ളത്തിനെ നയിക്കും. വാക്കടവിലെത്തുന്ന ഭഗവതിയെ താത്‌കാലികമറ ഒരുക്കി പ്രതിഷ്ഠിക്കുന്നു. കാവിൽനിന്ന്‌ കൊണ്ടുവന്ന നീരാട്ടുദ്രവ്യങ്ങൾ ഉപയോഗിച്ച് രണ്ടുപ്രാവശ്യം നീരാട്ടുണ്ട്. കുടിൽപുരയ്ക്കൽ യുവാക്കൾ, പനയംമഠം യുവാക്കൾ എന്നിവർ അകമ്പടിയോടെ നീരാടുന്നു. നീരാട്ടിനുശേഷം താത്കാലിക മറയിൽ വിശ്രമിക്കുന്ന ദേവി പുലർച്ചെ സൂര്യോദയത്തിനുമുൻപ്‌ മൂലസ്ഥാനത്തേക്ക് തിരിച്ചെഴുന്നള്ളുന്നു.


വിഗ്രഹവുമായി ശംഖുനാദത്തിൽ പേടിയാട്ടുകാവിലേക്ക് തിരിച്ചെത്തിയ ദേവിക്ക് ഇളയസ്ഥാനക്കാരൻ ഇളനീർ, പൂവ്, ചന്ദനം, നിവേദ്യം എന്നിവ സമർപ്പിക്കുന്നു. കാവിന്റെ തിരുമുറ്റം പനയംമഠം വനിതാ അംഗങ്ങൾ അടിച്ചുവാരി വൃത്തിയാക്കി അവകാശികൊണ്ടുവന്ന ചാണകംകൊണ്ട് തിരുമുറ്റം മുഴുവനായി മെഴുകിയിട്ടുണ്ടാകും. രാവിലെ ഏഴുമണിയോടെ കുന്നത്ത് തറവാട്ടിൽനിന്ന് കോമരം യുവാക്കളുമായി തിരുവാഭരണം എഴുന്നള്ളിക്കും. ഒൻപതുമണിയോടെ ശ്രീകോവിൽ തുറന്ന്‌ കാരണവരുടെ നേതൃത്വത്തിൽ ഗണപതി, ഗുരുപൂജ എന്നിവ നടത്തും. അക്കരെ അരീക്കൽ തറവാട്ടിൽനിന്ന്‌ കൊണ്ടുവന്ന നിവേദ്യസമർപ്പണവും കൗളാചാരപ്രകാരമുള്ള പൂജയും കാരണവർ നടത്തും.


ഒരുമണിയോടെ കോമരം കാരണവരെ വന്ദിച്ച് യുവാക്കളുമായി ദേവീപീഠം പ്രദക്ഷിണംചെയ്ത് ദേവിയുമായുള്ള കൂടിക്കാഴ്ചയ്ക്കുവേണ്ടി പുറപ്പെടും. കടപ്പുറത്തുനിന്നുള്ള ദേവിയുടെ എഴുന്നള്ളത്തിന് കുന്നത്ത് തറവാടുവരെ അമ്പാളി തറവാട്ടുകാരണവരുടെ പ്രതിനിധി അകമ്പടി സേവിക്കും. പിന്നെ കോമരവും പനയംമഠം തറവാട്ടുകാരുംകൂടി ദേവിയെ കുന്നത്ത് തറവാട്ടിൽ മണിത്തറയിലൊരുക്കിയ പീഠത്തിലേക്ക് ആനയിക്കും. നിവേദ്യസമർപ്പണം കഴിഞ്ഞ് വിശ്രമസമയത്ത് ഉല്ലാസത്തിനായി ജാതവന്റെ ഇഷ്ടവിനോദമായ പടകളിത്തല്ല് നടക്കുന്നു. ഇതുകണ്ട് അമ്മദേവിയും അമ്മയുടെ കൂടെ എഴുന്നള്ളിയ മകനായ ജാതവനും ഉല്ലസിക്കുന്നു.


പുരാതന ഇല്ലമായിരുന്ന കർത്തങ്ങ്യാട്ടേക്കാണ് ദേവിയുടെ യാത്ര. അവിടെയെത്തുന്ന ദേവിക്ക് മണ്ണൂർ മഹാദേവക്ഷേത്ര മേൽശാന്തി താന്ത്രികപൂജ സമർപ്പിക്കും. അല്പനേരത്തെ വിശ്രമത്തിനുശേഷം ഭഗവതി കോമര അകമ്പടിയോടെ പേടിയാട്ടുകാവിലേക്ക് തിരിച്ചെഴുന്നള്ളും. ഈ സമയത്ത് തറവാട്ടുകാരണവരുടെ നേതൃത്വത്തിൽ വെള്ളരിനിവേദ്യം സമർപ്പിച്ച് കൗളാചാരപ്രകാരമുള്ള പൂജയുണ്ട് . അതിനുശേഷം ആചാരപരമായ പൂജകളുണ്ട്. ഒടുവിൽ, ശ്രീകോവിലിൽ മൂത്തപെരുവണ്ണാൻ അമ്മദേവിയെ പൂർവ സ്ഥാനത്ത് പ്രതിഷ്ഠിക്കും.


പനയംമഠം തറവാട്ടുകാരണവർ ശ്രീകോവിൽനട അടച്ച് മൂത്തപെരുവണ്ണാൻ സംഘവും പനയംമഠം കുടുംബാംഗങ്ങളും അരി സമർപ്പിച്ച് പ്രദക്ഷിണംചെയ്ത് തൊഴുത് നമസ്കരിച്ച് പിരിയും.


അമ്മദേവിയെ പിരിയാനുള്ള ജാതവന്റെ മടിയും സങ്കടംവിതയ്ക്കുന്ന മടക്കയാത്രയും ഭക്തർക്ക് മനസ്സിൽ വ്യസനമേറ്റുന്നതാണ്. ഇതോടെ വാവുത്സവം സമാപിക്കുന്നു. പിന്നെ ഏഴുദിവസത്തേക്ക് കാവിന്റെ പരിസരത്ത് ആരും പോവാറില്ല. ഉത്സവംകഴിഞ്ഞ് ഏഴാംനാളിൽ മണ്ണൂർ മഹാദേവക്ഷേത്രം മേൽശാന്തിവന്ന് ശുദ്ധി പുണ്യാഹപൂജ നടത്തുന്നു. ആ ദിവസങ്ങളിൽ നടതുറക്കാതെ സന്ധ്യാദീപം മാത്രമേ ഉണ്ടാകൂ. കൗളാചാരപ്രകാരമുള്ള അനുഷ്ഠാനാചാരങ്ങൾ തുടർന്നുപോരുന്ന കടലുണ്ടി പേടിയാട്ടുകാവിനെ മറ്റുക്ഷേത്രങ്ങളുമായി വ്യത്യസ്തമാക്കുന്നത് ഇതാണ്.


samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2