കാഴ്ചയുടെ വർണോത്സവമൊരുക്കി കെട്ടുകാളകൾ

കാഴ്ചയുടെ വർണോത്സവമൊരുക്കി കെട്ടുകാളകൾ
കാഴ്ചയുടെ വർണോത്സവമൊരുക്കി കെട്ടുകാളകൾ
Share  
2024 Oct 14, 09:27 AM
VASTHU
MANNAN
laureal

ഓച്ചിറ: ചുവപ്പിലും വെളുപ്പിലും അണിഞ്ഞൊരുങ്ങിയ കെട്ടുകാളകൾ ഓച്ചിറ പടനിലത്ത് വർണോത്സവമൊരുക്കിയതോടെ പരബ്രഹ്മക്ഷേത്രത്തിലെ 28-ാം ഓണ കെട്ടുത്സവം സമാപിച്ചു. പടനിലത്തും പരിസരത്തുമായി തിങ്ങിനിറഞ്ഞ പുരുഷാരത്തിന്‌ വർണപ്പൂരം കണ്ട് മനം നിറഞ്ഞു.


കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽപ്പെട്ട ഇരുനൂറിൽപ്പരം കെട്ടുകാളകളുടെ എഴുന്നള്ളത്ത് കാണാനും സൗന്ദര്യം ആസ്വദിക്കാനും ഓണാട്ടുകരയിലെ ആബാലവൃദ്ധം ജനങ്ങൾ ശനിയാഴ്ച രാവിലെമുതൽ ഓച്ചിറയിലെത്തി. അനിയന്ത്രിതമായ തിരക്കാണ് ഓച്ചിറയിൽ അനുഭവപ്പെട്ടത്. രണ്ടുലക്ഷത്തോളം പേർ എത്തിച്ചേർന്നതായാണ് പ്രാഥമിക കണക്ക്.


സ്ത്രികളുടെയും കുട്ടികളുടെയും വലിയ നിരതന്നെ കാണാമായിരുന്നു. ഇക്കുറി കെട്ടുകാളകളുടെ എണ്ണത്തിൽ മുൻവർഷങ്ങളിലെക്കാൾ വലിയ വർധനയാണ് ഉണ്ടായത്. സ്ത്രീകൾ ഒരുക്കിയ കെട്ടുകാളകളും ഉണ്ടായിരുന്നു.


ശനിയാഴ്ച രാവിലെ 10.30-ഓടെ ആയിരംതെങ്ങിൽനിന്നെത്തിയ ഐശ്വര്യ കാളകെട്ടുസമിതിയുടെ ചെറുനേർച്ചക്കാളകളാണ് പടനിലത്ത്‌ ആദ്യം പ്രവേശിച്ചത്. തുടർന്നു വലുതും ചെറുതുമായ കെട്ടുകാളകൾ ഞായറാഴ്ച പുലർച്ചെവരെ പരബ്രഹ്മസന്നിധിയിലേക്ക് എത്തിക്കൊണ്ടിരുന്നു.


സ്വർണത്തിലും വെള്ളിയിലും നിർമിച്ച ചെറുകെട്ടുകാളകൾ ഇക്കുറിയും എത്തിയിരുന്നു. വലിയ ക്രെയിനിന്റെ സഹായത്തോടാണ് ഭൂരിപക്ഷം കെട്ടുകാളകളെയും എഴുന്നള്ളിച്ചത്. ഭരണസമിതിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെയും ഋഷഭവീരന്മാരുടെയും അകമ്പടിയോടെ കെട്ടുകാളകളെ ആചാരപ്രകാരം ക്ഷണിച്ച്‌ ആനയിച്ച്‌ പരബ്രഹ്മസന്നിധിയിൽ പ്രവേശിപ്പിച്ചു.


ക്ഷേത്രഭരണസമതി സെക്രട്ടറി കെ.ഗോപിനാഥൻ, പ്രസിഡന്റ് ജി.സത്യൻ, ട്രഷറർ പ്രകാശൻ വലിയഴീക്കൽ, രക്ഷാധികാരി എം.സി.അനിൽകുമാർ, കാര്യനിർവഹണസമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.


ചെറുകെട്ടുകാളകൾ കിഴക്കും പടിഞ്ഞാറും ആൽത്തറകൾ, എട്ടുകണ്ടം, തകിടിക്കണ്ടം എന്നിവിടങ്ങളിൽ വലംവെച്ചശേഷം മുൻകൂട്ടി നിശ്ചയിച്ചുനൽകിയ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. വലിയ കെട്ടുകാളകൾ നിർദിഷ്ട സ്ഥലങ്ങളിൽ അണിനിരന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2