സ്വർഗവും നരകവും -
അമൃതവചനം ;
മാതാഅമൃതാനന്ദമായി
മക്കളേ ,തൂണില്ലാതെ കെട്ടിടംവെക്കാമെന്ന് ഒരുപക്ഷേ, ശാസ്ത്രജ്ഞർ കണ്ടുപിടിച്ചെന്നിരിക്കാം. ഒരു ബട്ടൺ അമർത്തുമ്പോൾ ഈ പ്രപഞ്ചംപോലും നഷ്ടമായെന്നിരിക്കാം.
പക്ഷേ, ഇത്തരം പുരോഗതി കൊണ്ടൊന്നും മനുഷ്യനും കുടുംബത്തിനും സമാധാനം കിട്ടണമെന്നില്ല.
വയറുനിറച്ച് ആഹാരം കഴിച്ചിട്ടും ‘മനസ്സമാധാനമില്ല, ഉറക്കം വരുന്നില്ല’ എന്നു പറഞ്ഞുള്ള കരച്ചിലാണ് ഇന്നു കേൾക്കുന്നത്.
ഒരിറ്റു ശാന്തിക്കുവേണ്ടി മനുഷ്യൻ പരക്കംപായുകയാണ്.
പക്ഷേ, ഭൂമുഖത്തുനിന്നു ശാന്തിയും സമാധാനവും നഷ്ടമായിക്കൊണ്ടിരിക്കുന്നു.
പുറംലോകം സ്വർഗമാക്കാൻ നമ്മൾ പാടുപെടുകയാണ്.
എന്നാൽ, നമ്മുടെ ആന്തരികലോകം നരകതുല്യമായി തീർന്നിരിക്കുന്നതു നാമറിയുന്നില്ല.
ഇന്നു ലോകത്ത് സുഖഭോഗവസ്തുക്കൾക്ക് ഒരു ക്ഷാമവുമില്ല. എ.സി. മുറികളും എ.സി. കാറുകളുമെല്ലാം ആവശ്യത്തിലേറെയുണ്ട്.
എന്നിട്ടോ, എ.സി. മുറിയിൽ താമസിച്ചിട്ടും മനസ്സമാധാനമില്ല. അത്തരം മുറികളിൽ കിടന്നിട്ടും ഉറക്കംകിട്ടാതെ എത്രയോ പേർ ഉറക്കഗുളിക കഴിക്കുന്നു. ആഡംബരത്തിന്റെ നടുവിൽ ജീവിച്ചിട്ടും മനസ്സംഘർഷം സഹിക്കാൻ കഴിയാതെ എത്രയോപേർ ആത്മഹത്യചെയ്യുന്നു.
സുഖവും സന്തോഷവും ബാഹ്യവസ്തുക്കളിലായിരുന്നെങ്കിൽ ആഡംബരജീവിതത്തിലൂടെ അവ കിട്ടിയേനെ.
എന്നാൽ, അങ്ങനെയല്ല കണ്ടുവരുന്നത്.
കാറുകളും മുറികളും എയർകണ്ടീഷൻ ചെയ്യാൻ വ്യഗ്രതകാട്ടുന്നവർ ആദ്യം സ്വന്തം മനസ്സിനെ എയർകണ്ടീഷൻ ചെയ്യാൻ പഠിച്ചിരുന്നെങ്കിൽ അതുമാത്രമാണു യഥാർഥ ആനന്ദത്തിലേക്കുള്ള വഴി.
മനസ്സിനെ എയർകണ്ടീഷൻ ചെയ്യാൻ പഠിപ്പിക്കുന്ന വിദ്യയാണ് ആധ്യാത്മികവിദ്യ.
അതു മനസ്സിന്റെ വിദ്യയാണ്. അതാണു ഏറ്റവും പ്രധാനപ്പെട്ട വിദ്യ. അതാണ് ആദ്യം അഭ്യസിക്കേണ്ടത്.
മരണാനന്തരം എത്തിച്ചേരേണ്ട ഒരു സ്ഥലമല്ല സ്വർഗം. സ്വർഗം എന്നത് വെറും ഒരു സങ്കല്പവുമല്ല, ഈ ലോകത്ത് ജീവിക്കുമ്പോൾ ഇവിടെ ഇപ്പോൾ അനുഭവിക്കാൻകഴിയുന്ന ഒരു യാഥാർഥ്യമാണ്.
ഭയം, ആശങ്ക എന്നിവ ലവലേശംപോലുമില്ലാതെ നമ്മൾ ഏതു സാഹചര്യത്തിലും സമചിത്തതയോടെ ഇരിക്കുന്ന അവസ്ഥയാണത്. ബോധത്തിന്റെ ആ ഔന്നത്യത്തിൽ എത്തിച്ചേരാൻ കഴിഞ്ഞാൽ, നമുക്ക് എന്നേക്കും പൂർണശാന്തിയും ആനന്ദവും അനുഭവിക്കാനാകും. മരണസമയത്തും ആ ആനന്ദം നമ്മെ വിട്ടുപിരിയില്ല.
ഏതൊരു സംഭവത്തെയുംപോലെ, മരണത്തെയും മറ്റൊരു നിസ്സാരസംഭവമായി കാണാൻ നമുക്കുകഴിയും.
ഒരു മഹാത്മാവിനോട് ഒരു ഭക്തൻ ചോദിച്ചു: ‘‘അങ്ങ് മരിച്ചുകഴിഞ്ഞ് സ്വർഗത്തിൽ പോകുമോ?’’
‘‘തീർച്ചയായും.’’
‘‘അതെങ്ങനെ പറയാൻകഴിയും. അങ്ങു മരിച്ചിട്ടില്ലല്ലോ. മാത്രമല്ല, ദൈവത്തിന്റെ നിശ്ചയം എന്താണെന്ന് അങ്ങേയ്ക്ക് അറിയില്ലല്ലോ.’’
‘‘ശരിയാണ്, ദൈവത്തിന്റെ നിശ്ചയം എനിക്കറിയില്ല. പക്ഷേ, എന്റെ മനസ്സ് എനിക്കു നല്ലവണ്ണം അറിയാം.
അവിടെ സദാ ആനന്ദവും ശാന്തിയുമാണ്. അതുകൊണ്ട്, ഞാൻ എവിടെപ്പോയാലും, അതു നരകത്തിലാണെങ്കിലും അവിടം സ്വർഗമായിത്തീരും.’’
ശാന്തിയും സമാധാനവും സന്തോഷവുമെല്ലാം അവനവന്റെ മനസ്സിനെ ആശ്രയിച്ചാണിരിക്കുന്നത്.
അല്ലാതെ ബാഹ്യവസ്തുക്കളെയോ സാഹചര്യങ്ങളെയോ അല്ല. മനോജയം അതാണു സന്തോഷത്തിന്റെ അടിസ്ഥാനം.
സ്വർഗവും നരകവും രണ്ടും മനസ്സിന്റെതന്നെ സൃഷ്ടികളാണ്. മനസ്സ് ശാന്തമായാൽ ഏറ്റവുംവലിയ നരകവും സ്വർഗമായിത്തീരും.
മനസ്സ് അശാന്തമായാൽ ഏറ്റവും ഉയർന്ന സ്വർഗവും നരകതുല്യമായി തോന്നും. ലോകവൈരുധ്യങ്ങളുടെ നടുവിൽ എങ്ങനെ ശാന്തിയും സന്തോഷവുംനിറഞ്ഞ ഒരു ജീവിതം പടുത്തുയർത്താൻ കഴിയും എന്നു പഠിപ്പിക്കുന്ന വിദ്യയാണ് ആധ്യാത്മികവിദ്യ. ഭൂമിയിൽത്തന്നെയാണ് സ്വർഗവും നരകവും.
അതു സൃഷ്ടിക്കുന്നത് മനസ്സാണ്. അതിനാൽ ആ മനസ്സിനെ നിയന്ത്രിക്കാനാണ് നമ്മൾ പഠിക്കേണ്ടത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group