ഇന്ന് ശ്രീനാരായണഗുരു സമാധിദിനം
സമസ്തലോകത്തെയും സമസ്തജനങ്ങളെയും ഒന്നായിക്കണ്ട മഹാപുരുഷനായിരുന്നു ശ്രീനാരായണ ഗുരുദേവൻ.
നമ്മൾ പല പേരുകളിട്ട് വിളിക്കുന്ന ഭൂവിഭാഗങ്ങളും പല മതങ്ങളിൽപ്പെടുത്തിക്കാണുന്ന ജനവിഭാഗങ്ങളും പല ഭാഷകളിലായി സംസാരിക്കുന്ന തത്ത്വചിന്തകളും പല വിശ്വാസങ്ങളിൽപ്പെട്ട് പിന്തുടരുന്ന അനുഷ്ഠാനങ്ങളും ഗുരുദേവന്റെ കണ്ണിനും കാതിനും പലതായിരുന്നില്ല.
'മനുഷ്യൻ ഒരു ജാതി അതാണു നമ്മുടെ മതം’ എന്ന ഗുരുവിന്റെ ഉൾക്കാഴ്ചയിൽ നിറഞ്ഞുകവിയുന്നത് ആ പലതാകലില്ലാത്ത സർവാത്മകമായ ഏകതയുടെ പൊരുളാണ്. ആ അഖണ്ഡമായ പൊരുളിന്റെ നിത്യതയിൽ ആത്മസഹോദരരായി ആഴാനും വാഴാനുമാണ് 1888-ലെ അരുവിപ്പുറം ശിവപ്രതിഷ്ഠമുതൽ 1927-ലെ കളവംകോടം കണ്ണാടിപ്രതിഷ്ഠവരെ നീളുന്ന ഗുരുദേവന്റെ എല്ലാ പ്രതിഷ്ഠകളും എല്ലാ തത്ത്വസംഹിതകളും വിളംബരം ചെയ്യുന്നത്.
അതിന്റെയെല്ലാം ആകത്തുകയാണ് ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമെന്ന അരുവിപ്പുറം സന്ദേശം. പരോപകാരത്തിന്റെ മഹാപുണ്യമായി അവതരിച്ച ശ്രീനാരായണഗുരുദേവന്റെ മഹാസമാധി സ്മരണയും ഗുരുചിന്തയും ഏറ്റവും കൂടുതൽ ജനമനസ്സുകളിൽ നിറഞ്ഞുകവിയുന്ന ഈ ധന്യവേളയിൽ നമ്മുടെയെല്ലാം കണ്ണും കാതും ചിന്തയും ഏകാഗ്രതയോടെ പതിയേണ്ടത് ഗുരുദേവൻ വിഭാവനം ചെയ്ത സർവസമന്വയദർശനത്തിലാണ്.
‘അവനിവൻ എന്നറിയുന്നതൊക്കെ ഓർത്താൽ അവനിയിലാദിമമായൊരാത്മ രൂപം’
എന്നതായിരുന്നു ഗുരുദേവന്റെ മഹിതമായ ദർശനം. ആ മഹാദർശനം കാലത്തിന്റെയും ലോകത്തിന്റെയും പരമശാന്തിക്കും ശാശ്വതക്ഷേമത്തിനുമായി എങ്ങനെ കൈവരുത്താമെന്നതിന്റെ വഴികാട്ടലാണ് ‘അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണ’മെന്ന ഗുരൂപദേശം.
1897-ൽ വിരചിതമായ ആത്മോപദേശ ശതകത്തിലെ 24-ാമത്തെ പദ്യത്തിലാണ് ഇപ്പറഞ്ഞദർശനവും ഉപദേശവും ഒരേ പദ്യത്തിൽ പൂർവാപരപക്ഷമായി ഒന്നിനോടൊന്നു ചേർന്നിരിക്കുന്നത്. ആത്മസുഖദായകത്വം കൊണ്ട് അപരത്വമെന്ന വേറിടലിന്റെ അനിത്യതയെ ഇല്ലാതാക്കി നിത്യതയുടെ സുനിശ്ചിതത്വബോധം പരത്തുന്ന ഈ ഗുരുദേവചിന്ത സ്വന്തം ജീവിതത്തിൽ പകർത്തുമ്പോഴാണ് ഗുരുദേവൻ ഒരു മഹാവെളിച്ചമായി നമുക്ക് അനുഭവമാകുന്നത്.
ഗുരുപൂജയും ഗുരുഭക്തിയും ഗുരുസേവയുമെല്ലാം ആ ഗുരുസ്വരൂപത്തിന്റെ വെളിപ്പടലിനുവേണ്ടിയുള്ളതാകണം.
ഗുരുജയന്തിയുടെ ആഘോഷവും മഹാസമാധിയുടെ ആചരണവും ബാഹ്യപരതയിൽ മാത്രം ഊന്നിനില്ക്കാതെ നമ്മുടെ ആഭ്യന്തരതലങ്ങളെക്കൂടി ഉണർത്താനും ഉത്തേജിപ്പിക്കാനും ശുദ്ധീകരിക്കാനും നവീകരിക്കാനും അത് പര്യാപ്തമാകണം. ഗുരുദേവൻ തുറന്നുകാട്ടിയ ഏകത്വബോധത്തിന്റെയും ഏകലോകവ്യവസ്ഥിതിയുടെയും നെറുകയിലേക്ക്, ഈ അദ്വൈതബോധത്തിന്റെ അഥവാ കാലാതീത സത്യത്തിന്റെ പൊരുളിലേക്ക് ലോകജനതയെ നയിക്കാനാണ് ഗുരുദേവൻ 1924-ൽ സർവമതസമ്മേളനം ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ചതും പലമതസാരവുമേകമെന്ന ബോധ്യം ലോകത്തിനു നൽകിയതും.
പക്ഷേ, ആ ബോധ്യം ഉൾക്കൊള്ളുന്നതിലും പ്രയോഗത്തിലെത്തിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നമുക്കു വേണ്ടത്ര വിജയിക്കാനായില്ല എന്നതൊരു വാസ്തവമാണ്. മറിച്ച് ആ ബോധ്യം ലോകം കൈക്കൊണ്ടിരുന്നെങ്കിൽ പല മതങ്ങളുടെയും പല ആത്മീയ വിശ്വാസങ്ങളുടെയും പേരിൽ കൂടക്കൂടെ ലോകത്ത് അശാന്തി പടരുമായിരുന്നില്ല.
മനുഷ്യൻ നന്നാവാതിരിക്കാനായി ലോകത്ത് ഒരു മതവും ഇന്നേവരെയും ഉടലെടുത്തിട്ടില്ല. എല്ലാ വിശ്വാസികളും അവരവരുടെ വിശ്വാസങ്ങളിലൂടെ അവനവന്റെ നന്നാവലിനായി യത്നിക്കാനാണ് എല്ലാ മതങ്ങളും ആഹ്വാനം ചെയ്യുന്നത്.
ആ നന്നാവലിനിടയിൽ മറ്റൊരു വിശ്വാസിയുടെയും നന്നാവലിനുള്ള അവസരത്തെയോ സ്വാതന്ത്ര്യത്തെയോ ഒരു തരത്തിലും തടസ്സപ്പെടുത്തിക്കൂടായെന്നും മതതത്ത്വങ്ങൾ അനുശാസിക്കുന്നുണ്ട്.
അവനും ഇവനും ഞാനും നീയും എന്ന വേർതിരിവ് പ്രപഞ്ചസംവിധാനത്തിൽ ഒരിടത്തുമില്ല. സത്യമിതായിരിക്കുന്നിടത്തോളം പ്രപഞ്ചത്തിന്റെ ഉത്‌പന്നങ്ങളായി വരുന്ന മനുഷ്യർക്കിടയിൽമാത്രം എങ്ങനെയാണ് വേർതിരിവുകൾ ഉണ്ടാവുക?
ആത്യന്തികമായി അതുണ്ടാവുകയും സാധ്യമല്ല. എന്നാൽ, സമൂഹത്തിൽ അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ അത് നിഷ്പക്ഷമതികളല്ലാത്ത ഒരുപറ്റം മനുഷ്യരുടെ തന്നെ സൃഷ്ടികളാണെന്നു കണ്ടു സത്യം ബോധ്യപ്പെടണം.
അതിനുവേണ്ടി ദൈവനിയോഗമെന്നപോലെ കാലാകാലം അവതരിക്കുന്നവരാണ് ഗുരുക്കൻമാർ. അവർ സത്യത്തെ കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. അനുഭവിച്ചറിഞ്ഞ ആ സത്യം, അനുഭവിയാതറിവീല എന്ന് ഗുരുദേവൻ തുറന്നുപറയുകയും ചെയ്തു.
എങ്കിലും ആ സത്യം വെളിവാക്കുന്ന ആത്മസാഹോദര്യത്തെ മറയില്ലാതെ അറിയാനും പറയാനും പങ്കുവെക്കാനും തലമുറഭേദം കൂടാതെ ഏവർക്കും കഴിയണം.
പ്രകൃതിയും മനുഷ്യത്വവും ഒന്നായിനിൽക്കുന്ന സ്വതന്ത്ര മാനവികതയിലേക്കാണ് ഗുരുദേവൻ നമ്മെ നയിക്കാൻ ആഗ്രഹിച്ചത്.
ഇതിലും വലുതായൊരു ആധ്യാത്മികതത്ത്വവും സാധനയും വേറെ ഇല്ലെന്നറിഞ്ഞ് ഈ സാധനാനുഷ്ഠാനങ്ങളിൽ മുഴുകി സ്വജീവിതത്തെ ധന്യമാക്കുന്നവനാണ് ഉത്കൃഷ്ടമായൊരു ജീവിതത്തിന് ഉടമയായിത്തീരാൻ സാധിക്കുക.
ഈ ആധ്യാത്മികചിന്തകളും സാധനകളുംകൊണ്ട് സ്വയം നവീകരിക്കപ്പെടാൻ ഗുരുദേവന്റെ മഹാസമാധിദിനം വലിയ വെളിച്ചവും പ്രചോദനവും പ്രേരണയും പ്രദാനംചെയ്യട്ടെയെന്ന് പ്രാർഥിക്കുന്നു.( courtesy :mathrubhumi )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group