ഭക്തിയുടെ നിറവിൽ
ശാന്തിഗിരിയിൽ
പൂർണകുംഭമേള
പോത്തൻകോട് : ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ആത്മീയ അവസ്ഥാ പൂർത്തീകരണദിനമായ 1973 കന്നി 4 നെ അനുസ്മരിച്ചുകൊണ്ട് നടന്ന പൂർണകുംഭമേള ഭക്തിയുടെ സമാരോഹവും സമാനതകളില്ലാത്ത ആഘോഷവുമായി.
വൈകുന്നേരം അഞ്ചു മണിയോടെ കുംഭഘോഷയാത്ര ആരംഭിച്ചു . ആശ്രമ സമുച്ചയത്തില്‍ പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയില്‍ സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്തു തയ്യാറാക്കിയ തീര്‍ത്ഥം മൺകുടങ്ങളില്‍ നിറച്ച്, പീതവസ്ത്രംകൊണ്ടു പൊതിഞ്ഞ്, വായ് വട്ടത്തിൽ ആലിലയും വെറ്റിലയും മാവിലയും അടുക്കി, നാളികേരം വച്ച്, പൂമാല ചാര്‍ത്തിയാണ് കുംഭങ്ങള്‍ ഒരുക്കിയത്. ഗുരുഭക്തര്‍ കുംഭങ്ങൾ ശിരസ്സിലേറ്റിയും കൈകളിൽ ദീപതാലമേന്തിയും ഘോഷയാത്രയായി ആശ്രമ സമുച്ചയം വലം വച്ചു.
പരിശുദ്ധിയുടെ ശുഭ്രവസ്ത്രമണിഞ്ഞ വിശ്വാസികളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന അഖണ്ഡമന്ത്രധ്വനികളും അന്തരീക്ഷത്തില്‍ നിറഞ്ഞ അഷ്ടധൂപവും ഭക്തിയുടെ വേറിട്ട അനുഭവമായി. പഞ്ചവാദ്യവും നാദസ്വരവും മുത്തുക്കുടകളും ഘോഷയാത്രയ്ക്ക് അകമ്പടി ചേർന്നു. സങ്കല്പപ്രാർത്ഥനകളോടെ കുംഭങ്ങളും ദീപങ്ങളും ഗുരുസന്നിധിയില്‍ സമര്‍പ്പിച്ചു.
ഏഴു ദിവസത്തെ വ്രതാനുഷഠാനങ്ങളോടെയാണ് ഭക്തർ കുംഭം എടുക്കുന്നത് . തീരാവ്യാധികളും, കുടുംബദോഷങ്ങളും മാറ്റി പിതൃശുദ്ധി വരുത്തുന്ന കര്‍മ്മമാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ പങ്കുചേര്‍ന്ന കുംഭഘോഷയാത്ര ശാന്തിഗിരി ആശ്രമത്തെ അക്ഷരാര്‍ത്ഥത്തില്‍ ഭക്തിസാന്ദ്രമാക്കി. സമർപ്പണത്തിനു ശേഷം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പരമ്പരയെ അഭിസംബോധന ചെയ്തു സംസാരിച്ചു .
രാവിലെ 5 മണിയുടെ ആരാധനയോടെ ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് സന്യാസിസംഘത്തിന്റെ പ്രത്യേക പുഷ്പാജ്ഞലി, ധ്വജാരോഹണം, പുഷ്പസമർപ്പണം എന്നിവ നടന്നു.
തുടർന്ന് നടന്ന സത്സംഗത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി, ജനനി സുപഥ ജ്ഞാന തപസ്വിനി, ഡോ.റ്റി.എസ്. സോമനാഥൻ, ഡോ. കെ.എൻ. ശ്യാമപ്രസാദ്, സുകേശൻ. കെ, രാധാദേവി.കെ, ബ്രഹ്മചാരി അരവിന്ദ്. പി, മിനിമോൾ.പി.എസ്, മുരളിചന്ദ്രൻ.സി.ബി, ചന്ദ്രമതി.പി.കെ, നിഷ.എം .എൻ, ലീന.കെ, രാജീവൻ.എം, വിജയൻ.എസ്.എസ്, കുമാരി നന്മപ്രിയ.ആർ. എസ് എന്നിവരും സത്സംഗത്തിൽ സംസാരിച്ചു. ഉച്ചയ്ക്ക് 12 മണിയുടെ ആരാധനയ്ക്ക് ശേഷം ഗുരുദർശനവും വിവിധ സമർപ്പണങ്ങളും നടന്നു.
കുംഭഘോഷയാത്രയ്ക്ക് ശേഷം രാത്രി 9 മണി മുതൽ വിശ്വസംസ്കൃതി
കലാരംഗത്തിന്റെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.
ഇക്കൊല്ലത്തെ നവപൂജിതം ആഘോഷങ്ങൾ സംസ്കാരികദിനമായ നവംബർ 5 വരെ നീളും.
ഫോട്ടോ : ശ്രീകരുണാകരഗുരുവിന്റെ ആത്മീയ അവസ്ഥാപൂർത്തീകരണത്തെ അനുസ്മരിച്ച് ശാന്തിഗിരിയില്‍ നടന്ന പൂര്‍ണ്ണ കുംഭമേള
File copy
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group