പുതുനിറങ്ങളിൽ
ശാന്തിഗിരി;
വർണ്ണപ്രഭയിൽ
ദീപപ്രദക്ഷിണം
പോത്തന്‍കോട് (തിരുവനന്തപുരം) : ശാന്തിഗിരിയിൽ തൊണ്ണൂറ്റിയെട്ടാമത് നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് ആശ്രമത്തിന്റെ ബ്രാൻഡിംഗ് നിറങ്ങളിലും വ്യത്യാസമുണ്ടായി.
പ്രകൃതിയെയും പ്രകാശത്തെയും പവിത്രതയെയും ഭക്തിയെയും പ്രതിനിദാനം ചെയ്യുന്ന വർണ്ണസംയോജനമാണ് ആശ്രമത്തിന്റെ പുതിയ ബ്രാൻഡിംഗ് .
വെളള, പച്ച നിറങ്ങൾ മാത്രം ഉപയോഗിച്ചിരുന്നിടത്ത് പിങ്ക് , പച്ച നിറങ്ങളുടെ ഇളം ഷേഡുകളും തീ മഞ്ഞ നിറവുമാകും ഇനി മുതൽ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിനും ഉപാശ്രമങ്ങൾക്കുമുണ്ടാവുക.
ആതുരസേവന മേഖലയ്ക്ക് ടർട്ടോയിസ്, വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് കടും നീല എന്നിങ്ങനെയാണ് റീ-ബ്രാൻഡ് ചെയ്തിരിക്കുന്നത്.
ശാന്തിഗിരിയുടെ ലോഗോയും മാറുകയാണ്. പ്രത്യേകമായി വരച്ചെടുത്ത താമരയാണ് ലോഗോയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
2027ൽ നൂറാം നവപൂജിതം ആഘോഷങ്ങൾക്ക് മുൻപ് റീ-ബ്രാൻഡിംഗ് പൂർത്തിയാക്കാനാണ് ഉദ്ധേശിക്കുന്നത്.
നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ദീപപ്രദക്ഷിണത്തിൽ പുതുനിറങ്ങൾ ആശ്രമത്തിന് വർണ്ണപ്രഭ നൽകി.
നൂറുകണക്കിന് ഗുരുഭക്തരാണ് ദീപപ്രദക്ഷിണത്തിൽ പങ്കെടുത്തത്. വൈകിട്ട് ആറു മണിയുടെ ആരാധനയ്ക്ക് ശേഷം യജ്ഞശാലയില്‍ നിന്നും ആരംഭിച്ച് ആശ്രമസമുച്ചയം വലംവെച്ച് സ്പിരിച്വല്‍ സോണിലെത്തി ഗുരുപാദങ്ങളില്‍ സമര്‍പ്പിച്ചു. പ്രദക്ഷിണ വേളയില്‍ ഗുരുഭക്തരുടെ കണ്ഠങ്ങളില്‍ നിന്നും ഗുരുമന്ത്രാക്ഷരങ്ങള്‍ അന്തരീക്ഷത്തില്‍ ലയിച്ചുകൊണ്ടിരുന്നു. പരിസരമാകെ സുഗന്ധപൂരിതമായി. ആശ്രമവീഥിയില്‍ നൂറുകണക്കിന് ഭക്തര്‍ കൈത്തലത്തില്‍ ദീപതാലവുമായി നിരന്നപ്പോള്‍ പകലുംരാവും ലയിച്ചുചേരുന്ന സന്ധ്യയില്‍ ആശ്രമാന്തരീക്ഷം ദീപപ്രഭയാല്‍ നിറഞ്ഞു. അഖണഡനാമത്തോടൊപ്പം പഞ്ചവാദ്യ നാദസ്വര മേളങ്ങളും പെരുമ്പറയും അന്തരീക്ഷത്തില്‍ മുഴങ്ങി. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയാണ് ദീപപ്രദക്ഷിണത്തെ നയിച്ചത്.
ദീപപ്രദക്ഷിണത്തിനു ശേഷം വിശ്വസംസ്ക്രൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ഹാപ്പിനസ് ഗാര്‍ഡനിലെ കലാഞ്ജലി വേദിയില്‍ സരിഗമ കേരളം ഫെയിം അവനിയുടെ സംഗീതനിശ, കലാമണ്ഡലം ഗ്രീഷ്മ ഗോപി, നൃത്ത അദ്ധ്യാപകരായ നയന മനോജ്, നന്ദന മനോജ്, ശാന്തിഗിരി വിദ്യാഭവനിലെ വിദ്യാർത്ഥികൾ എന്നിവര്‍ ചേർന്ന് അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, എറണാകുളം ഗുരുസ്തുതി ടീമിന്റെ തിരുവാതിര എന്നിവ നടന്നു. സെപ്തംബര്‍ 20 ന് നടക്കുന്ന പൂര്‍ണ്ണകുംഭമേളയോടെ ഇക്കൊല്ലത്തെ നവപൂജിതം ആഘോഷപരിപാടികള്‍ക്ക് സമാപനമാകും.
ഫോട്ടോ : ശാന്തിഗിരി ആശ്രമത്തിലെ തൊണ്ണൂറ്റിയെട്ടാമത് നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ദീപപ്രദക്ഷിണം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group