സ്ത്രീസുരക്ഷ
: മാതാ അമൃതാനന്ദമയി
മക്കളേ,
സ്‌ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ വീണ്ടും വാർത്തകളിൽനിറയുന്ന കാലമാണിത്. കടലിൽ മുങ്ങിക്കിടക്കുന്ന മഞ്ഞുമലയുടെ ചെറിയൊരു അംശംമാത്രമേ ജലത്തിന്റെ ഉപരിതലത്തിൽ നമുക്കു കാണാൻകഴിയുകയുള്ളൂ.
അതുപോലെയാണ് മാധ്യമശ്രദ്ധനേടുന്ന സംഭവങ്ങളുടെ കാര്യവും.നമ്മുടെ സമൂഹത്തിൽ സ്‌ത്രീകളുടെനേരേയുള്ള അക്രമങ്ങളും മറ്റു കുറ്റകൃത്യങ്ങളും വർധിച്ചുവരുന്നതിന് ഒരു പ്രധാനകാരണം സാംസ്‌കാരികമൂല്യങ്ങളിൽവന്ന അപചയമാണ്.
മനുഷ്യനെ തെറ്റുചെയ്യാൻ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളും പ്രലോഭനങ്ങളും പണ്ടുമുണ്ടായിരുന്നു.
എന്നാൽ, അന്നുള്ളവർ പൊതുവേ സത്യം, ധർമം മുതലായ സാംസ്‌കാരികമൂല്യങ്ങളെ വിലമതിച്ചിരുന്നതുകൊണ്ട് അവർക്ക് പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിഞ്ഞു.
ഇന്ന് മൂല്യങ്ങൾക്ക് പ്രാധാന്യം കുറഞ്ഞു. തെറ്റിൽനിന്നു മാറിനിൽക്കാനും പ്രലോഭനങ്ങളെ അതിജീവിക്കാനുമുള്ള മനഃശക്തിയും കുറഞ്ഞു.
ഈ സാഹചര്യത്തിൽ നമ്മുടെ കുട്ടികൾക്ക് ബാല്യത്തിൽത്തന്നെ മൂല്യങ്ങൾ പകർന്നുനൽകേണ്ടത് അത്യാവശ്യമാണ്.
ഇക്കാലത്ത് മാതാപിതാക്കൾക്ക് മക്കളെ വേണ്ടവിധം ശ്രദ്ധിക്കാൻ സമയമില്ല. അതുകാരണം മക്കൾ വഴിതെറ്റുമ്പോൾ യഥാസമയം അതു തിരിച്ചറിയുന്നില്ല. അവരെ തിരുത്താൻ കഴിയുന്നില്ല. ഇന്നത്തേത് ഒരു തുറന്ന സമൂഹമാണ്. ഒരു സൂപ്പർമാർക്കറ്റിലെന്നപോലെ എല്ലാം തുറന്നിട്ടിരിക്കുന്നു. അതേസമയം, കുട്ടികൾക്ക് തെറ്റും ശരിയും പറഞ്ഞുകൊടുക്കാനുള്ള സംവിധാനങ്ങൾ ദുർബലമാണ്.
ഇന്റർനെറ്റ്, സിനിമ, കൂട്ടുകെട്ടുകൾ എല്ലാം തെറ്റിനാണ് കൂടുതലും പ്രേരിപ്പിക്കുന്നത്. അതിനാൽ കുട്ടികൾ മൊബൈലും ഇന്റർനെറ്റും ഉപയോഗിക്കുമ്പോൾ ചില നിയന്ത്രണങ്ങളും മാർഗദർശനങ്ങളും രക്ഷിതാക്കൾ നിർബന്ധമായും നൽകേണ്ടതാണ്. ചെറുപ്പത്തിൽത്തന്നെ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കുന്നത് അവർക്ക് ഗുണത്തെക്കാളേറെ ദോഷംചെയ്യും.
കള്ളുകുടിച്ച കുരങ്ങനെ തേളുകുത്തി, അതും പോരാഞ്ഞിട്ട് അതിന്റെ ശരീരത്തിൽ ഭൂതം പ്രവേശിച്ചു എന്നതുപോലെയാണ് ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ അവസ്ഥ. അതുകാരണം സാഹചര്യങ്ങൾക്കനുസരിച്ച് ഉണരുന്ന വികാരങ്ങളെ വിവേകം ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്നില്ല.
ചെറുപ്പത്തിൽ കുഞ്ഞുങ്ങളുടെ മനസ്സ് ഒരു വെള്ളക്കടലാസുപോലെയാണ്.
ആ സമയത്ത് അവരെ ഉപദേശിച്ചാൽ അത് അവരുടെ ഉപബോധമനസ്സിൽ നന്നായി പതിയും. ഒരു ടേപ്പ് റെക്കോഡറിൽ എന്നപോലെ ആ സംസ്‌കാരം അവരിൽ എന്നും കിടക്കും. അതുകൊണ്ട് ഇളംപ്രായത്തിൽത്തന്നെ കുട്ടികളിൽ സംസ്‌കാരം വളർത്താനുള്ള കാര്യങ്ങൾ അച്ഛനന്മമാർ പറഞ്ഞുകൊടുക്കണം.
സ്‌ത്രീകളെ ബഹുമാനിക്കാനും ദയയും വിവേകവും ഉള്ളവരായിരിക്കാനും മാതാപിതാക്കൾ ആൺമക്കളെ പഠിപ്പിക്കണം.
‘ശാരീരികമായ വികാരങ്ങൾ തൃപ്തിപ്പെടുത്താൻവേണ്ടി മാത്രമുള്ളതല്ല മനുഷ്യജന്മം. ജീവിതംകൊണ്ടു നേടേണ്ടത് ആത്മീയ ഉണർവുംകൂടിയാണ്’ എന്ന് കുഞ്ഞുങ്ങളെ പഠിപ്പിച്ചുകൊടുക്കണം.
ഇങ്ങനെ നിരന്തരം ഉപദേശിച്ചാൽ, പിന്നിട് കുഞ്ഞ് തെറ്റുചെയ്യാൻ തുടങ്ങുമ്പോൾ ഉടനെ മനസ്സ് ‘അരുത്’ എന്നുപറയും. തീയുടെ മുൻപിൽ നിൽക്കുന്നതുപോലുള്ള ജാഗ്രത കൈവരും.
ആ ഉൾപ്രേരണ കാരണം അവർക്ക് വികാരങ്ങളുടെമേൽ നിയന്ത്രണം കിട്ടും.
കാമവും ക്രോധവുമെല്ലാം മനുഷ്യപ്രകൃതമാണ്.
സാഹചര്യങ്ങൾ അനുകൂലമായാൽ ഏതുനിമിഷവും മനുഷ്യന്റെ വികാരങ്ങൾ ഉണർന്നുപ്രവർത്തിക്കും.
അതുകൊണ്ട് വികാരങ്ങളെ വിവേകപൂർവം നിയന്ത്രിക്കാൻ കുട്ടികളെ പഠിപ്പിക്കണം. സ്വന്തം വീട്ടിൽനിന്ന് തുടക്കംകുറിക്കാത്ത, അവിടെനിന്നു പഠിക്കാത്ത ഒരു നല്ലകാര്യവും ആർക്കും സമൂഹത്തിൽ ചെയ്യാൻകഴിയില്ല.
അതിനാൽ, കുട്ടികൾക്ക് സംസ്‌കാരം പകർന്നുകൊടുക്കുക എന്നത് നമ്മുടെ വീടുകളിൽനിന്നു തുടങ്ങാം. അങ്ങനെയായാൽ എല്ലാ മേഖലകളിലേക്കും ആ നിയന്ത്രണവും പരിശീലനവും വ്യാപിപ്പിക്കാം.( കടപ്പാട് : മാതൃഭൂമി )
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group