ശാന്തിഗിരിയിൽ
ഇന്ന് നവപൂജിതം-
ഗുരുസ്മരണയിൽ
:സ്വാമി ഗുരുരത്നം
ജ്ഞാനതപസ്വി
ഭാരത്തിന്റെ ആത്മീയത സനാതനമാണ്.
സനാതനപാരമ്പര്യത്തിന്റെ വെളിച്ചം നമ്മളെ മാത്രമല്ല ലോകത്തുള്ള നാനാജാതി മതസ്ഥരായ ആളുകളേയും എന്നും പ്രചോദിപ്പിക്കുന്നു.
നിയോഗങ്ങളാണ് ചരിത്രത്തെ എന്നും മാറ്റി മറിച്ചിട്ടുള്ളത്.
ലോകത്തെ മാറ്റി മറിച്ച ഒട്ടേറെ സംഭവങ്ങള്‍. ചരിത്രത്തിന് മുന്‍പേ നടന്നവര്‍. മുന്നേകാണുന്നവര്‍,മുന്നേചിന്തിക്കുന്നവര്‍, അവരാണ് ലോകത്തിന്റെ ചരിത്രം മൊത്തം എപ്പോഴും മാറ്റിയെഴുതുന്നവര്‍.
അവരുടെ ചിന്താപരതയെ നമുക്കളക്കുവാന്‍ കഴിയുകയില്ല.
അവരുടെ പ്രവര്‍ത്തനം കാലദേശങ്ങള്‍ക്കതീതമാണ്.
ലോകത്തിന്റെ കര്‍മ്മസാക്ഷിയായി ജീവിക്കുന്ന, പ്രപഞ്ചത്തിന്റെ വെളിച്ചമായിരിക്കുന്ന, ഗുരുക്കന്മാര്‍. ആ ഗുരുപരമ്പരയുടെ ചരിത്രമാണ്, ലോകത്തെ എന്നും പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്നത്. നമുക്ക് ചിന്തിക്കുവാന്‍ കഴിയാത്ത, നമുക്കു ഗോചരമല്ലാത്ത പ്രപഞ്ചരഹസ്യങ്ങള്‍ നമുക്ക് കാട്ടിത്തരുന്നവനാണ് ഗുരു.
ഗുരു ഇരുട്ടിനെ അകറ്റുന്ന വെളിച്ചമെന്നാണ് അര്‍ത്ഥം.
സാധാരണ മനുഷ്യനേയും ലോകത്തേയും പ്രപഞ്ചത്തേയും ഒരു പോലെ മുന്നോട്ടുകൊണ്ടുപോകുവാന്‍ കഴിയുന്ന ആത്മീയ ജ്യോതിസ്സാണ് ഗുരു.
കേരളത്തിന്റെ ആത്മീയ പാരമ്പര്യം കടന്നുപോകുന്നത് ഗുരുക്കന്മാരിലൂടെ തന്നെയാണ്. പ്രപഞ്ചത്തിന്റെ കാലപ്രവാഹത്തിലെപ്പോഴും ഉറവപൊട്ടിയൊഴുകുന്ന നന്മയുടെ നീര്‍ച്ചാലുകളാണ് ഗുരുക്കന്മാര്‍.
ആദിശങ്കരന്‍ മുതല്‍ ശ്രീനാരായണ ഗുരുവരെയുള്ള ആചാര്യന്മാര്‍ ലോകത്തിന് പ്രദാനം ചെയ്തത് ശാന്തിയാണ്, സ്നേഹമാണ്, വിശുദ്ധമായ ദൈവസ്നേഹത്തിന്റെപാരമ്പര്യമാണ്.
ഒരാള്‍ ഗുരുവായിത്തീരുന്നത് എങ്ങനെയാണ്. ഗുരുവായിത്തീരുകയല്ല, ഗുരുവായി മാറുകയാണ്. വാക്കായി, സത്യമായി, വെളിച്ചമായി നമ്മുടെ മുന്നില്‍ അവതരിച്ച ഒരു മഹാത്മാവ്. കണ്ണുനീരിന്റെ ഉപ്പുകൊണ്ട് ഘനീഭവിച്ചുപോയ ജീവിതങ്ങളെ കാരുണ്യത്തിന്റെ കരങ്ങള്‍കൊണ്ട് കൈപിടിച്ചുയര്‍ത്തിയ മഹാനായ ഗുരു.
നവജ്യോതി ശ്രീകരുണാകരഗുരു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലുളള ചന്ദിരൂരില്‍ 1927 സെപ്തംബര്‍ 1-ാം തീയതി ചിങ്ങമാസത്തിലെ ചോതി നക്ഷത്രത്തില്‍ ശ്രീമതി കാര്‍ത്ത്യായനി അമ്മയുടെയും ശ്രീ. ഗോവിന്ദന്‍ അവര്‍കളുടെയും പുത്രനായി ഗുരു പൂജാതനായി.
മാറ്റപ്പുരയുടെ മൂലയില്‍ നിന്നു കത്തിയ മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ പിറന്നു വീണ ആ കുഞ്ഞ് പ്രപഞ്ചത്തെ മുഴുവന്‍ പ്രകാശിപ്പിക്കുവാന്‍ കഴിയുന്ന വലിയ വെളിച്ചമായി തീരുമെന്ന് അന്നാരും കരുതിയില്ല.
ഉപജീവനത്തിനു വേണ്ടി കയറു പിരിക്കുന്ന ഗ്രാമീണര്‍. ദാരിദ്ര്യത്തിന്റെ വറുതി മാത്രമാണ് അവര്‍ക്ക് മുതല്‍ക്കൂട്ടായിട്ടുളളത്. ഒരു വയസ്സായപ്പോള്‍ സ്വന്തം അച്ഛനെ നഷ്ടപ്പെട്ട ആ പിഞ്ചുകുഞ്ഞ്.
അവനെ വളര്‍ത്തുവാന്‍ ആ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. ചിറ്റേക്കാട്ടെന്ന ആ കൊച്ചുവീടിന്റെ ഉമ്മറത്ത് പലപ്പോഴും ദാരിദ്ര്യം ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തുമായിരുന്നു. കരുണയുടെ കരങ്ങളുളളവന്‍ കരുണാകരന്‍. മുത്തച്ഛനിട്ട പേര് അന്വര്‍ത്ഥമാണ്. എല്ലാവരുമവനെ സ്നേഹത്തോടെ 'കരുണന്‍ ' എന്നു വിളിച്ചു.
ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാത്ത ബാല്യകാലം.
അമ്മയുടെ മുഖം കാണുമ്പോള്‍, ആ ദൈന്യഭാവം കാണുമ്പോള്‍, ആ ദു:ഖം കാണുമ്പോള്‍ കരുണന്‍ കുഞ്ഞിന്റെ ഉളള് പിടയും.
അമ്മയെ സഹായിക്കണമെന്നുളള ആഗ്രഹത്തോടെ ദൂരെയുളള കയര്‍ ഫാക്ടറിയില്‍ റാട്ടു കറക്കാന്‍ പോയി. സമപ്രായക്കാരായ കൂട്ടുകാരൊക്കെ ഒാടിച്ചാടിനടക്കുന്ന സമയത്ത് കരുണന്‍കുഞ്ഞ് മൌനിയായി വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിലേയ്ക്ക് നോക്കിയിരിക്കും. അമ്മ രണ്ടാമതു വിവാഹിതയായി എഴുപുന്നയിലേക്കുപോയതോടെ കരുണന്‍ ഏകനായി.
ഇതു വലിയ മാനസികപ്രതിസന്ധിയാണ് ബാലനില്‍ സൃഷ്ടിച്ചത്. എവിടെയെങ്കിലും പോകണമെന്നുളള ആഗ്രഹം.
എവിടെപോകാന്‍. തന്നെ ആരൊക്കെയോ എവിടെയൊക്കെയോ നയിക്കുന്നതു പോലെ. ആത്മീയതയുടെ അത്യപാരമായ ലോകത്ത് കടന്നു ചെല്ലേണ്ടതിന്റെ ആവശ്യകത സ്വയം ഉളളില്‍ നിന്നും ആരോ വിളിച്ചു പറയുന്നു.
അങ്ങനെ അക്ഷരം പഠിപ്പിച്ച കുമാരപിളള ആശാനോട് പറഞ്ഞു. എനിക്ക് ഒരാശ്രമം തേടി പോകണം. ഒരു സന്യാസിയാകണമെന്നുളള അഗമ്യമായ ആഗ്രഹം ആ സമയത്തു മനസ്സില്‍ ഉടലെത്തുകഴിഞ്ഞിരുന്നു.
നിശ്ചയദാര്‍ഢ്യംകണ്ടപ്പോള്‍ പതിനാലാമത്തെ വയസ്സില്‍ ഏതെങ്കിലുമൊരാശ്രമത്തില്‍ കൊണ്ടു ചെന്നാക്കണമെന്നുളള തീരുമാനം ആ ആശാന്‍ എടുത്തു.
അങ്ങനെ ഒരുദിവസം കുമാരപിള്ള ആശാനോടൊപ്പം വീടുവിട്ടിറങ്ങി. ഒരു സന്യാസിയാകുവാനുള്ള യാത്ര.
അത് ചെന്നെത്തിയത് ആലുവ അദ്വൈതാശ്രമത്തില്‍. ആശ്രമ ജീവിതം തുടങ്ങുന്നത് അവിടെനിന്നാണ്. ശിവഗിരിയുടെ മഠാധിപതികളായിരുന്ന ശങ്കരാനന്ദ സ്വാമികള്‍ അന്നവിടെ ഉണ്ടായിരുന്നു.
ശങ്കരാനന്ദ സ്വാമികളുടെ സഹായിയായിട്ടാണ് ആദ്യം ആശ്രമ ജീവിതം തുടങ്ങിയത്. പിന്നീട് കേന്ദ്രാശ്രമമായ വര്‍ക്കലയിലെ ശിവഗിരിയിലേക്ക്.
നീണ്ട 17 വര്‍ഷക്കാലത്തെ നിസ്വാര്‍ത്ഥമായ ആശ്രമ ജീവിതം. ശിവഗിരിയിലെ ഓരോ മണല്‍ത്തരിക്കും അറിയാം ശിവഗിരിയില്‍ ഉണ്ടായിരുന്ന സമയത്ത് അവിടത്തെ കര്‍മ്മങ്ങളിലേര്‍പ്പെട്ടു.
പൂപറിക്കാരനായിട്ട്, ഗോശാലയില്‍, അടുക്കളയില്‍ പാചകം, പലപല കര്‍മ്മങ്ങള്‍ പക്ഷെ എല്ലാം നിസ്വാര്‍ത്ഥമായിരുന്നു.
സ്നേഹത്തോടെ, ചെയ്യുന്ന ജോലി ആത്മാര്‍ത്ഥതയോടെ ചെയ്തു.
പിന്നെ പൂജാരിയായി പര്‍ണ്ണശാലയില്‍ ഗുരുവിനെ പൂജിക്കുന്ന പൂജാരി ആളുകള്‍ സ്നേഹത്തോടെ കൊച്ചു ശാന്തി എന്നു വിളിച്ചു.
അരുവിപ്പുറത്തായിരിക്കുന്ന സമയത്ത് ശ്രീനാരായണ ഗുരു തപസ്സു ചെയ്ത കൊടിതൂക്കി മലയില്‍ പോയി തപസ്സു ചെയ്തു. 41 ദിവസമാണ് അവിടെ ധ്യാന നിമഗ്നനായി ഇരുന്നത് ആത്മീയ അവസ്ഥാന്തരങ്ങളുടെ പല മേഖലകളിലൂടെ കടന്നുപോകുന്ന സമയം ഒരു ദിവസം പ്രാര്‍ത്ഥനാ വേളയില്‍ അഭൌമമായ ഒരു പ്രകാശം, അനവധി ദര്‍ശനക്കാഴ്ചകള്‍ പിന്നിട് ആ മനോമുകുരത്തിലൂടെ കടന്നുപോയി തനിക്കൊരു ഗുരുവിനെ കണ്ടത്തണമെന്ന ആഗ്രഹമായി പിന്നീട്.
അങ്ങനെ പലസ്ഥലത്തും അന്വേഷിച്ചു ഒരു സ്ഥലത്തും തന്റെ ഗുരുവിനെ കാണുവാന്‍ കഴിയുന്നില്ല. പതിവുപോലെ അന്വേഷണം തുടരുകയാണ്.
അന്വേഷണത്തിനൊടുവില്‍ ബീമാപ്പള്ളിക്കടുത്ത് കടല്‍പ്പുറത്തുവച്ച് പഠാണിസ്വാമികള്‍ എന്നറിയപ്പെടുന്ന സൂഫിയായ ആ സന്യാസിയെ കണ്ടുമുട്ടുന്നു. ഖുറേഷ്യ ഫക്കീര്‍. സ്വാമികള്‍ ആ യുവാവിനോട് ചോദിച്ചു നീ എന്തിനായി വന്നു. ആത്മശാന്തിക്കുതകുന്നത് എന്തോ അതിനായി.
മറുപടി നല്‍കി. മഹത്തായ ഒരു ഗുരുശിഷ്യ ബന്ധത്തിന്റെ തുടക്കം ഇവിടെനിന്നാണ്.
ഒരു ശിഷ്യന്‍ ഗുരുവിനെ തേടുന്നത് പോലെ ഒരു ഗുരു തന്റെ ശിഷ്യനെ തേടുകയാണ്. ആത്മീയ അനുഭവങ്ങളുടെ അപാരതകള്‍ സ്വായത്തമായ മഹാനുഭാവനായ മഹാസന്യാസിയായിരുന്നു ഖുറേഷ്യ ഫക്കീര്‍.
അദ്ദേഹം തന്റെ ശിഷ്യന്‍ മാരോട് പറഞ്ഞു കരുണന്‍ ഇവന്‍ വലിയവനാകും ഒരുപക്ഷേ ഇവന്‍ ജീവിച്ചിരിക്കുന്ന സമയത്ത് ഇവനെ ആരും അറിഞ്ഞില്ലന്നുവരും ഇവന്റെ കാലശേഷം ലോകം മൊത്തം ഇവനെ ആരാധിക്കും.
പിന്നെ ഗുരുവുമായുള്ള നിരന്തരമായ യാത്രകളാണ്. കാടുകള്‍ മേടുകള്‍ ഒക്കെത്താണ്ടി കടല്‍പ്പുറങ്ങളില്‍, വനാന്തരങ്ങളില്‍, മലയുടെ മുകളില്‍ നിരന്തരമായ ആത്മീയ തപസ്സ് ഗുരുവിന്റെ കൂടെജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍, ത്യാഗങ്ങള്‍ ആത്മീയ ജീവിതത്തില്‍ ഒരു സന്യാസി പൂര്‍ത്തീകരിക്കേണ്ട കര്‍മ്മ കാണ്ഡങ്ങള്‍ ആത്മീയതയുടെ നിരവധി രഥ്യകള്‍ ഗുരുവും ശിഷ്യനും കൂടെ ജീവിച്ചു തീത്തു.
ഒരു ദിവസം ഗുരുവും ശിഷ്യനും ഒരുമിച്ച് നടന്നുപോകവെ വഴിയില്‍ വച്ച് സ്വാമി പറഞ്ഞു" ഇനി നിനക്ക് നടന്ന് പോകാം... എവിടെയെങ്കിലും പോകാം.
പിന്നീട് ആ യാത്ര ഗുരുവില്‍ നിന്ന് വിട്ട് വേറൊരു ലോകത്തേയ്ക്കായി. ശിവഗിരിയില്‍ തിരിച്ചു ചെല്ലുന്നു വീണ്ടും കുറേ നാള്‍ അവിടെ താമസിക്കുന്നു. സ്നേഹധനനായ ഒരാള്‍ കൊടുത്ത ഒരു തുണ്ടു ഭൂമി …
ശിവഗിരിയുടെ അങ്ങേ കുന്നില്‍..... അവിടെ ഗുരു കുടില്‍ കെട്ടി. ആശ്രമം സ്ഥാപിച്ചു. ശാന്തി പോയി ഇരുന്ന കുന്ന് പീന്നീട് ശാന്തിഗിരിയായി.
ഓലക്കുടിലിന്റെ എളിമയില്‍ നിന്നുള്ള ശാന്തിഗിരിയുടെ തുടക്കം അവിടെനിന്നാണ് വര്‍ക്കലയില്‍ നിന്ന്.
നാനാജാതി മതസ്ഥരായ നൂറുകണക്കിനാളുകള്‍ അവിടെ കരുണാകരന്‍ ശാന്തിയെ കാണാനെത്തി. അദ്ഭുതങ്ങളോ സിദ്ധികളോ മറ്റ് ആത്മീയതയുടെ പ്രകടന പരതകളോ ഒന്നും കാണിക്കുവാന്‍ ശാന്തി തയ്യാറായില്ല.
തന്നെ കാണുവാന്‍ വരുന്ന ആളുകള്‍ പിന്നെ സ്വാമി എന്ന് വിളിച്ചു.
1964ലാണ് പോത്തന്‍കോട് എന്ന കുഗ്രാമത്തില്‍ ഗുരു എത്തിച്ചേരുന്നത്. അവിടെ അന്നൊരു കാട്ടുപ്രദേശം ഒരു കുടില്‍ കെട്ടി.
1968 ല്‍ അവിടേയ്ക്ക് സ്ഥിരമായി വന്നു അന്നുമുതല്‍ തുടങ്ങിയ അക്ഷീണമായ ആത്മീയ യാത്ര. ആത്മീയതയുടെ സമാനതകളില്ലാത്ത ഒരു ലോകം സൃഷ്ടിച്ചെടുക്കുവാന്‍ ഗുരു അവിടെ ഒരു പരമ്പരയെ സൃഷ്ടിച്ചെടുത്തു.
ധാര്‍മ്മികമായി മൂല്യങ്ങളോടെ ജീവിക്കാന്‍ കഴിയുന്ന, കുടുംബത്തെ മുന്‍ നിര്‍ത്തി ജീവിക്കുവാന്‍ കഴിയുന്ന, നല്ല വ്യക്തികളാക്കുന്ന ഒരു പ്രക്രിയ. ആ പരമ്പരയാണ് പിന്നീട് കാലങ്ങളിലൂടെ ശാന്തിഗിരിയിലൂടെ സ്ഥാപിച്ചെടുക്കുന്നത്.
ഈ ലോകത്ത് പരിണാമങ്ങളുണ്ടാക്കുവാന്‍ നല്ല തലമുറ ആവശ്യമാണ് നല്ല വ്യക്തികളെ ആവശ്യമാണ്.
ഗുരു സ്ഥാപിച്ച ശാന്തിഗിരി ആശ്രമം ഇന്ന് മതേതരത്വത്തിന്റെ തീര്‍ത്ഥജലം തിരതല്ലുന്ന തീര്‍ത്ഥാടന കേന്ദ്രമാണ്.
ജാതിയുടേയും, മതത്തിന്റേയും, വര്‍ണ്ണത്തിന്റേയും വര്‍ഗ്ഗത്തിന്റേയും വിഭാഗതീയതയുടേയും ഒക്കെപ്പേരില്‍ പരസ്പരം കലഹിക്കാത്ത നവീനമായ മാനവികതയുടെ പുനഃസൃഷ്ടി. നാനാജാതി മതസ്ഥരായ ആളുകളെ ഏകോപിപ്പിച്ചുകൊണ്ട് ഗുരു പ്രാവര്‍ത്തികക്കിയ സമൂഹമാണ് ശാന്തിഗിരി.
അതിന്റെ ഫലമായിട്ടാണ് ലോകത്തുടനീളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതേതരത്വത്തിന്റെ വേറിട്ട ശബ്ദം ഗുരുവിന്റെ വാക്കുകളില്‍ ഗുരുവിന്റെ പ്രവൃത്തികളില്‍ നിന്ന് ഒക്കെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്ന് ഒരുപാട് ആളുകള്‍ ഗുരുവിനെ തേടി എത്തി. സാധാരണക്കാരായ ആളുകള്‍ മുതല്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകള്‍ക്കെല്ലാപേര്‍ക്കും ഒരുപോലെ എടുക്കുവാന്‍ കഴിയുന്ന ഒരു ആത്മീയ ആശയത്തിനെയാണ് ഗുരു ലോകത്തിന് പ്രദാനം ചെയ്യുന്നത്.
1999 ല്‍ സ്നേഹത്തിന്റെ ആ ജ്ഞാന സ്വരൂപന്‍ ആദി സങ്കല്പമെന്ന അനന്തമായ വിഹായസ്സില്‍ മെയ് 6 -ാം തീയതി വിലയം പ്രാപിച്ചു.
ഇന്നും ഗുരുവിന്റെ ശബ്ദം ശാന്തിഗിരിയിലൂടെ ലോകം മൊത്തം മുഴങ്ങുകയാണ്. ഗുരു സൃഷ്ടിച്ച ആഭൌമമായ അലൌകികമായ ആത്മ പ്രകാശം എന്നും പ്രപഞ്ച ഹൃദയത്തില്‍ അനശ്വരമായി നിറഞ്ഞു നില്‍ക്കും.
ഗുരുവിന് തുടര്‍ച്ചയായി ഇന്ന് പ്രഥമ ശിഷ്യ അമൃത ജ്ഞാനതപസ്വിനി, ശിഷ്യപൂജിതയായി, ഗുരുസ്ഥാനത്തിരുന്ന് ശാന്തിഗിരി പരമ്പരയെ നയിക്കുന്നു.
സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി
ജനറൽ സെക്രട്ടറി, ശാന്തിഗിരി ആശ്രമം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group