സമർപ്പണം ; ഗുരു മുനിനാരായണപ്രസാദിന് : ജി . ഹരി നീലഗിരി

സമർപ്പണം ; ഗുരു മുനിനാരായണപ്രസാദിന് : ജി . ഹരി നീലഗിരി
സമർപ്പണം ; ഗുരു മുനിനാരായണപ്രസാദിന് : ജി . ഹരി നീലഗിരി
Share  
ജി .ഹരി നീലഗിരി എഴുത്ത്

ജി .ഹരി നീലഗിരി

2024 Mar 22, 08:01 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

 തിരുവനന്തപുരം : ഇക്കഴിഞ്ഞ ഗുരുകുല കണ്‍വെന്‍ഷന്റെ സമാപനസമ്മേളനത്തില്‍ എക്കൊല്ലത്തേയുംപോലെ അങ്ങു നടത്തിയ നവവത്സര പ്രഭാഷണം ഏറ്റവും ശ്രദ്ധേയവും ധ്യാനനിമഗ്നവുമായി. 

മുമ്പോട്ടും പിമ്പോട്ടും സഞ്ചരിക്കുവാനുള്ള അങ്ങയുടെ മനസ്സിന്റെ ഗതീയതയും ഗഹനതയും നേര്‍പ്പാര്‍ത്ത് ബ്രഹ്‌മവിദ്യാമന്ദിരത്തിലെ സത്യകാംക്ഷികളുടെ പിന്‍നിരയില്‍ ഒരുവന്‍ ഹര്‍ഷബാഷ്പം തൂകി ഇരിപ്പുണ്ടായിരുന്നു...


 സഹജമായ സഭാകമ്പംമൂലം വേദിയില്‍ വന്നു പറയുവാന്‍ മടി തോന്നിയതിനാല്‍ ഈ വാക്കുകള്‍ അങ്ങേയ്ക്കു മുന്നില്‍ സമര്‍പ്പിക്കട്ടെ ; 

 അങ്ങയുടെ മനസ്സില്‍ എനിക്കും ഒരിടമുണ്ടെന്ന് വര്‍ഷങ്ങളുടെ ഇടവേളകളില്‍, വല്ലപ്പോഴുമെങ്കിലും അങ്ങയെ കാണുമ്പോഴെല്ലാം അങ്ങു നടത്താറുള്ള പ്രതികരണങ്ങളില്‍നിന്ന് ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.


 ഗുരുത്വത്തിന്റെ സഹജമായ ആ ഉദാരതയ്ക്ക് നന്ദി പറയട്ടെ! 

എനിക്കു ഗുരുത്വം തീരെ ഇല്ലെങ്കിലും ഞാനൊരു 'കുരുത്തം കെട്ടവ'നാണെങ്കിലും 

''എടേ നീ ഇപ്പോഴും കവിത എഴുതാറുണ്ടോ?'' എന്ന് കാണുമ്പോഴെല്ലാം സ്‌നേഹപുരസ്സരം അങ്ങു ചോദിക്കാറുണ്ടല്ലോ. 

കവിക്ക് ശാസ്ത്രജ്ഞന്‍ എന്നാണല്ലോ അര്‍ത്ഥം.

നിരീക്ഷണത്തിലൂടെയാണല്ലോ ശാസ്ത്രജ്ഞന്‍ പലതും കണ്ടു പിടിക്കുന്നത്. 

നവവത്സര പ്രഭാഷണത്തില്‍ അന്നും ഇന്നും ഞാനൊരു 'കുട്ടി'യാണെന്ന് അങ്ങു പറഞ്ഞതില്‍ നിന്നു തുടങ്ങട്ടെ. 

ഗുരുവായ ഈ കുട്ടിയോട് 'കവി'യായ ഈ കുരുത്തംകെട്ടവന്‍ ചിലത് പറയട്ടെ;


ഒരര്‍ത്ഥത്തില്‍ എല്ലാ ഗുരുക്കന്മാരും കുട്ടികളാണെന്നു കാണാം. 

ആദിനാരായണനില്‍ തുടങ്ങി നാരായണഗുരുവിലൂടെ അങ്ങുവരെ എത്തി നില്‍ക്കുന്ന ഈ പരമ്പരയില്‍ ആരാണ് കുട്ടിയല്ലാതായിട്ടുള്ളത്?


ഒരാള്‍ തീര്‍ത്തും നിഷ്‌ക്കളങ്കനായ ഒരു കുട്ടിയായിത്തീരുമ്പോഴല്ലേ അയാള്‍ ഗുരുവായി ഉയരുന്നത്? നാരായണഗുരുവും നടരാജഗുരുവും നിത്യചൈതന്യയതിയുമൊക്കെ കുട്ടികളായിരുന്നില്ലേ? 

അവരോളം കുട്ടിത്തം കേരളീയ സന്ദര്‍ഭത്തില്‍ മറ്റാര്‍ക്കെങ്കിലും കൈവരിക്കാനായിട്ടുണ്ടോ? 

ഇന്ന് അങ്ങയുടെ മുഖത്ത് വിരിയുന്ന ഈ കുട്ടിത്തം കാലത്തിന്റെ മുഖത്തേക്ക് നോക്കിയുള്ള സനാതനമായ ഗുരുത്വത്തിന്റെ നിഷ്‌ക്കളങ്കതയാണ്...


അങ്ങ് 'കുട്ടി'യായിപ്പോയത് മനപൂര്‍വ്വമല്ലാത്തതുപോലെ എന്റെ പേരിനൊപ്പം 'നീലഗിരി' തൂങ്ങിപ്പോയതും മനഃപൂര്‍വ്വമല്ല!


അങ്ങയുടെ പ്രഭാഷണത്തിലെ 'കുട്ടി' എന്ന പദത്തിനൊപ്പം 'ഒരു ഗുരു മറ്റൊരു ഗുരുവിനെ തിരുത്തേണ്ടതില്ല' എന്ന പ്രയോഗവും ശ്രദ്ധേയമായി. എനിക്കെന്നപോലെ അങ്ങയ്ക്കും ഈ ഭൂലോകത്തില്‍ ഒരാളെയും ഭയമില്ലെന്ന് എനിക്ക് മനസ്സിലായി.


 കവിയും ലൗകികനുമായ എനിക്ക് ഒരാളുടേയും ധനമോ 'പ്രമാണമോ' ആവശ്യമില്ലാത്തതുപോലെ സന്യാസിയായ അങ്ങേക്കും അവ ആവശ്യമില്ലെന്നറിഞ്ഞ് ഞാന്‍ ഏറെ സന്തോഷിക്കുന്നു... 


 ഗുരുകുല സന്ദര്‍ഭത്തില്‍ വരുന്ന ഒരു കവിയായി, ഞാനാഗ്രഹിക്കുന്നില്ലെങ്കിലും, എന്നെ ചിലര്‍ ഈയിടെയായി ബ്രാന്റു ചെയ്യുന്നതിനാല്‍ എനിക്കേറ്റവും പ്രിയപ്പെട്ട നാരായണഗുരുകുലത്തിന്റെ ഇപ്പോഴത്തെ അധിപനെന്നനിലയില്‍ ചില വസ്തുതകള്‍ അങ്ങയുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുകയാണ്; അങ്ങേയ്ക്ക് ഇക്കാര്യങ്ങള്‍ അറിവുള്ളതാണെങ്കിലും എന്റെ മനസ്സിന്റെ വിങ്ങല്‍ ഒരല്പം കുറയുമെങ്കില്‍ കുറയട്ടെ എന്നു കരുതിയാണ്...


 ഇന്ന് ഗുരുകുല പരമ്പരയിലുള്ള സന്യാസിശ്രേഷ്ഠന്മാര്‍ക്കൊപ്പമായിരുന്നു എന്റെ ഉത്തര കൗമാരകാലത്തെ

മികച്ചൊരു കാലം. മറ്റു പലര്‍ക്കുമെന്നപോലെ ഇന്നത്തെ സ്വാമി ത്യാഗീശ്വരന്‍ എനിക്കു 'ഗിരി അണ്ണനും' സ്വാമി തന്മയ 'തമ്പാനണ്ണനും' സാധു ഗോപിദാസ് 'ഗോപിദാസും' സ്വാമി വിദ്യാധിരാജതീര്‍ത്ഥ 'വൈദ്യരണ്ണനും' സ്വാമി രാമകൃഷ്ണന്‍ 'രാമകൃഷ്ണനും' സ്വാമി ചാള്‍സ് 'ചാള്‍സും' ഗുരുകുലത്തില്‍ ഇന്നില്ലാത്ത സ്വാമി വിനയചൈതന്യ വിനയന്‍ ചേട്ടനും അന്നേ സ്വാമിയായിരുന്ന മന്ത്രചൈതന്യ മന്ത്രചൈതന്യയും ആയിരുന്നു...


രണ്ടു തവണയെങ്കിലും, 'നീ ഇവിടം വിട്ട് എവിടെയും പോകരുതെ' ന്ന് ഗുരു നിത്യചൈതന്യയതി എന്നോടു വികാരാധീനനായി പറഞ്ഞിട്ടുള്ളതാണ്. (അദ്ദേഹം പലരോടും ഇങ്ങനെ വികാരാധീനനായിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ പ്രശ്‌നം, എന്റേതല്ല!) 


ഈ ലോകത്ത് നാരായണഗുരുവിന്റെ ദര്‍ശനത്തിന്, ഒന്നുമറിയാത്ത 

ഉത്തരകൗമാരകാലത്തുപോലും, മറ്റെന്തിനെക്കാളും വിലകല്പിച്ചിരുന്ന എനിക്ക് ഗുരുകുലം വിട്ടുപോകേണ്ടി 

വന്നത് എന്തു കൊണ്ടാണെന്ന് അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ! 


പിന്നീട് വിവാഹിതനായി ഗുരു നിത്യചൈതന്യയതിയുടെ നിര്‍ദ്ദേശപ്രകാരം ഭാര്യയും മകളുമൊത്ത് ഗുരുകുലത്തില്‍ തിരിച്ചെത്തിയ എനിക്ക് അപ്പോഴും അവിടം വിട്ട് പോകേണ്ടി വന്നത് (ഗുരു നിത്യ എന്നെയും കുടുംബത്തെയും അവിടെനിന്ന് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞയയ്ക്കുകയായിരുന്നു.) എന്തുകൊണ്ടാണെന്നും

അങ്ങേയ്ക്കറിയാവുന്നതാണല്ലോ. 


എന്നെയും കുടുംബത്തെയും അങ്ങോട്ടു സ്വാഗതം ചെയ്യുകയും അവിടെ

താമസിക്കണമെന്ന് ആദ്യം പറയുകയും ചെയ്ത ശേഷം പിന്നീട് അദ്ദേഹം വാക്കു മാറ്റുകയായിരുന്നു. 

(ഈ വാക്കുമാറ്റവും എന്റെ നന്മയെക്കരുതിയാണെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്!) 


ഊട്ടി ഗുരുകുലത്തില്‍ ഗുരു കഴിഞ്ഞാല്‍ ജ്യോതി, വിനയചൈതന്യ എന്നിവരുമായായിരുന്നു എനിക്കേറെ പാരസ്പര്യം. 

ഈ വിനയചൈതന്യയ്‌ക്കൊപ്പമാണ് ഊട്ടി ഗുരുകുലം വിട്ടശേഷം ഞാന്‍ അല്പകാലം താമസിച്ചത്...


 ഗുരുകുലത്തില്‍ വിവാഹം, 'ശിവനും പാര്‍വ്വതിയും തമ്മിലേ പാടുള്ളൂ' എന്ന് നടരാജഗുരു പറഞ്ഞിട്ടുള്ളതായി അങ്ങു നവവത്സര പ്രഭാഷണത്തില്‍ സൂചിപ്പിച്ചുവല്ലോ. നാഴികയ്ക്കു നാല്പതു വട്ടം, 'നടരാജഗുരു പറയുമായിരുന്നു, നടരാജഗുരു പറയുമായിരുന്നു' എന്നു പറഞ്ഞിരുന്ന വ്യക്തിയാണ് സ്വാമി വിനയചൈതന്യ...


 അങ്ങനെയെങ്കില്‍ നടരാജഗുരു താലി എടുത്തു കൊടുത്ത് വിവാഹം കഴിപ്പിച്ച വിനയചൈതന്യ ഗുരുകുലം ഉപേക്ഷിച്ചത് എന്തുകൊണ്ടാണ്? 


ഗുരു നിത്യചൈതന്യയതിയുടെ മഹാസമാധിക്കു ശേഷം ജ്യോതി ഗുരുകുലം ഉപേക്ഷിച്ചത് എന്തുകൊണ്ടാണ്?


 ഗുരുകുലത്തില്‍നിന്ന് ഗുരു നിത്യചൈതന്യയതി എന്നെയും കുടുംബത്തേയും പറഞ്ഞയച്ച ശേഷം ആദ്ധ്യാത്മികലോകത്തിൽ

ലോകത്തിലെതന്നെ ഏറ്റവും വലിയ ആദ്ധ്യാത്മികസംഘടനകളിലൊന്നിലാണ് ഞാനെത്തിച്ചേര്‍ന്നത്. ആ സംഘടനയില്‍ എനിക്ക് പേരിലും പ്രശസ്തിയിലും ഉയരാവുന്നിടത്തോളം ഉയരാനായി. കര്‍മ്മകാണ്ഡം ഞാന്‍ ശരിക്കും അഭ്യസിച്ചത് അവിടെ നിന്നാണ്... ജ്ഞാനകാണ്ഡം ഗുരുകുലത്തില്‍നിന്നും. ജ്ഞാനകര്‍മ്മസമന്വിതമാണല്ലോ മര്‍ത്യജീവിതം. 


ജീവിത ഗ്രാഫില്‍, ഇന്നു ഞാന്‍ ഹാഫ് സെഞ്ചുറി തികച്ചിരിക്കുകയാണ്. എന്റെ ഫേസ് ബുക്കില്‍ ഞാന്‍ ചലച്ചിത്രനടന്‍ മോഹന്‍ലാലിനെ ഇന്റര്‍വ്യൂ ചെയ്യുന്ന ചിത്രം മാറ്റി ഊട്ടി നാരായണ ഗുരുകുലത്തിലെ പ്രാര്‍ത്ഥനാവേദിയുടെ ചിത്രമാണ് ഇന്നു കൊടുത്തിരിക്കുന്നത്...


ലോകത്തിലെ ഒരു ആദ്ധ്യാത്മിക സംഘടനയിലും കാണാനാകാത്ത സ്‌നേഹവും പാരസ്പര്യവുമാണ് ഇക്കഴിഞ്ഞ ഗുരുകുല കണ്‍വെന്‍ഷനില്‍ ഒരു ദിവസം മാത്രം പങ്കെടുത്ത എനിക്ക് അനുഭവവേദ്യമായത്...

ഞാന്‍ മുന്‍പു സൂചിപ്പിച്ച എന്റെ കൗമാരകാലമിത്രങ്ങളില്‍ എല്ലാവരുംതന്നെ ഇന്നു ഗംഭീരാശയന്മാരും പ്രേമസ്വരൂപന്മാരുമായി മാറിക്കഴിഞ്ഞിരിക്കുന്നു...


ഇടക്കാലത്ത്, ജീവിതസംഗരത്തില്‍ തകര്‍ന്നുപോയ എന്നെ ഗുരുനിയോഗത്താല്‍ വീണ്ടും കൈപിടിച്ചുയര്‍ത്തിയത് സ്വാമി തന്മയയാണ്. 

2014 കണ്‍വെന്‍ഷന്‍ ദിനങ്ങളിലൊന്നില്‍ ഗുരുകുല ആത്മജന്മാരുമായി വീണ്ടും സന്ധിച്ചത് നിരുപാധികസ്‌നേഹം വീണ്ടും ആവോളം നുകരുവാന്‍ അവസരമായി...


നാരായണ ഗുരുകുലം എന്ന ഈ 'മഹാപ്രസ്ഥാനം' ഇന്നത്തെപോലെ എന്നും നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.


ലോകം ഒരു ഗുരുകുലമാകണമെന്നും ഓരോ വീടും ഗുരുകുലമാകണമെന്നും ഓരോ മനുഷ്യനും ഗുരുദര്‍ശനം മനസ്സിലാക്കണമെന്നും ഞാന്‍ അതിയായി ആഗ്രഹിക്കുന്നു...

 ഇന്ന് ഈ ലോകത്തിന്, ഇതു മാത്രമേ രക്ഷയുള്ളുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു. (ചുരുങ്ങിയ പക്ഷം നാം മലയാളികള്‍ക്കെങ്കിലും!) 


ഭൗതികലോകത്ത് ഗുരുനിത്യചൈതന്യയതി ഇന്നില്ലാത്തതിനാല്‍ അങ്ങയോടേ എനിക്ക് ഇക്കാര്യം പറയുവാനാകുന്നുള്ളൂ. മേല്‍സൂചിപ്പിച്ച കാര്യങ്ങളുടെ വെളിച്ചത്തില്‍, അങ്ങയ്ക്കും അറിവുള്ളതാണെങ്കിലും ചില നിര്‍ദ്ദേശങ്ങള്‍ സവിനയം സമര്‍പ്പിക്കട്ടെ;


1. ഗുരുകുലത്തില്‍ ഇന്നുയര്‍ന്നിരിക്കുന്ന പുതിയ കെട്ടിടത്തിന് മൂന്നാം നിലയ്ക്കു മുകളില്‍ ഒരു നിലയും  കെട്ടരുത്.


2. വര്‍ക്കല ഗുരുകുലത്തില്‍, പുതിയ കെട്ടിടങ്ങള്‍ ഒന്നും ഇനിമേല്‍ കെട്ടരുത്.


3. ഗുരുകുലത്തില്‍ സ്ത്രീകളെ ഒരു കാലത്തും സ്ഥിരമായി താമസിപ്പിക്കരുത്.


4. വ്യവസ്ഥാപിത മതവിശ്വാസം പൂര്‍ണ്ണമായും ഉപേക്ഷിച്ചവരെ മാത്രമേ ഗുരുകുലത്തില്‍ ദീര്‍ഘകാല അന്തേവാസികളാക്കാവൂ..


5. ഗുരുകുലം മാസികയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുവാന്‍ വാണിജ്യതന്ത്രങ്ങള്‍ ഒന്നും ആവിഷ്‌ക്കരിക്കരുത്.

  

അങ്ങേയ്ക്കു പൂര്‍ണ്ണമായും അറിവുള്ള ഈ വസ്തുതകള്‍ അങ്ങയുമായി പങ്കു വെയ്‌ക്കേണ്ടി വന്നതിലെ വ്യസനത്തില്‍....

ആദരവിലും .സ്‌നേഹത്തിലും,

ഗുരുസേവയില്‍ ജി.ഹരി നീലഗിരി

ssss_1711129402
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal