
പാലക്കാട് ക്രൈസ്‌തവസഭ ഒരു രാഷ്ട്രീയപാർട്ടിയുടെയും വോട്ടുബാങ്കല്ലെന്നും സമുദായത്തെ അവഗണിക്കുന്നവരെ ഇനി പരിഗണിക്കില്ലെന്നും കത്തോലിക്കാ കോൺഗ്രസ് അന്തർദേശീയ സമ്മേളനം.
കർഷകരുടെയും സാധാരണക്കാരുടെയും പ്രശ്‌നങ്ങളിൽ ഇടപെടുന്നവരുടെകൂടെ സമുദായമുണ്ടാകുമെന്നും അവഗണിക്കുന്ന രാഷ്ട്രീയ സാഹചര്യമാണെങ്കിൽ സമുദായ താത്പര്യങ്ങൾ സംരക്ഷിക്കാൻ കെൽപ്പുള പ്രതിനിധികളെ മത്സരിപ്പിക്കുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
രണ്ടുദിവസമായി നടന്ന സമ്മേളനത്തിൻ്റെ സമാപന സമ്മേളനം തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനംചെയ്‌തു. പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി, സമുദായത്തിന് ഗുണകരമല്ലാത്ത രാഷ്ട്രീയബന്ധങ്ങൾ വേണ്ടെന്നും സഭ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
മാർ ജേക്കബ് മനത്തോടത്ത് സംഘടനയുടെ 107-ാം ജന്മദിന സന്ദേശം നൽകി. അന്തർദേശീയ പ്രസിഡൻ്റ് പ്രൊഫ, ഡോ. രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
അന്തർദേശീയ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ ഡയറക്‌ടർ ഫാ. ഫിലിപ്പ് കവിയിൽ, രൂപത പ്രസിഡൻറ് അഡ്വ. ബോബി ബാസ്റ്റിൻ, ഡയറക്‌ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഫാ. സജി വട്ടുകളത്തിൽ, ട്രീസ ലീസ് സെബാസ്റ്റ്യൻ, ഫാ. മൈക്കിൾ വെട്ടിക്കാട്ട്, അഡ്വ. ബിജു പറയന്നിലം, വി.വി. അഗസ്റ്റിൻ, ഫാ. അരുൺ കലമറ്റത്തിൽ, സണ്ണി മാത്യൂ നെടുമ്പുറം, ബീന തകരപ്പള്ളിൽ, അഭിലാഷ് പുന്നാംതടത്തിൽ രൂപത ജനറൽ സെക്രട്ടറി ജിജോ അറയ്ക്കൽ എന്നിവർ സംസാരിച്ചു.
അഡ്വ. ടോണി പുഞ്ചംകുന്നേൽ രാഷ്ട്രീയപ്രമേയവും തോമസ് ആൻറണി സാമൂഹ്യനീതി പ്രമേയവും അവതരിപ്പിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുനിന്നുള്ള പ്രതിനിധികളും വിദേശരാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൻ്റെ ഭാഗമായി.
കേന്ദ്രസർക്കാരിനും വിമർശനം
ഭരണഘടന നൽകുന്ന അവകാശങ്ങൾപോലും നിഷേധിക്കുകയാണ് രാജ്യത്ത് സംഭവിക്കുകയാണെന്ന് സമ്മേളനത്തിൽ വിമർശനമുയർന്നു. ആരെങ്കിലും സ്വന്തം താല്പര്യത്താൽ ക്രിസ്‌തുമതത്തിൽ ചേർന്നാൽ മതമേലധ്യക്ഷന്മാർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ജയിലിലടയ്ക്കും. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണിത്.
ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണം
ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് 30 മാസമായിട്ടും സർക്കാർ പുറത്തുവിടാത്തത് ക്രൈസ്തവ സമൂഹത്തോടുള്ള അവഗണനയാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. പാലോളി മുഹമ്മദ്‌കുട്ടി കമ്മിഷൻ റിപ്പോർട്ട് അക്ഷരംപ്രതി നടപ്പാക്കിയ സർക്കാരാണ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാത്തത്. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ പെട്ടെന്ന് വേണമെന്നും ഇല്ലെങ്കിൽ സമുദായത്തിന്റേതായ വഴികൾ കണ്ടെത്തുമെന്നും സമ്മേളനം മുന്നറിയിപ്പ് നൽകി.
വനംവകുപ്പ് മലയോര കർഷകരെ വന്യജീവികൾക്ക് ഭക്ഷണമാക്കുന്നു - മാർ ജോസഫ് പാംപ്ലാനി
പാലക്കാട്: കർഷകർ നേരിടുന്ന വന്യജീവി പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താതെ മലയോര കർഷകരെ വന്യജീവികൾക്ക് ഭക്ഷണമായി നൽകുകയാണ് വനംവകുപ്പ് ചെയ്യുന്നതെന്ന് തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. കാട്ടുമൃഗങ്ങളെ നിലയ്ക്കുനിർത്താൻ സംസ്ഥാനസർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കത്തോലിക്കാ കോൺഗ്രസ് അന്തർദേശീയ സമ്മേളനത്തിൻ്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുസർക്കാർ ഒൻപതുവർഷം പൂർത്തിയാക്കുമ്പോൾ വന്യജീവി ആക്രമണത്തിൽ കേരളത്തിൽ മാത്രം 1,008 ജീവൻ പൊലിഞ്ഞു. നിഷ്ക്രിയത്വം തുടരുന്ന ഭരണമാണ് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. സ്‌കൂളിൽ പോകുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ സർക്കാരിനാകുന്നില്ല. 348 കോടി രൂപ വനംവകുപ്പിനുനൽകി. പണം പുട്ടടിച്ച് തീർക്കുകയല്ലാതെ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നില്ല.
ഓന്തിനെ കറി വെച്ചോ, ഉടുമ്പിനെ കൊന്നോ എന്നറിയാൻ വീട്ടമ്മമാരുടെ അടുക്കളയിൽ കയറിയിറങ്ങുകയാണ്. ഇനി ഒരു വീടുകളിലും കയറാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കുടിയൊഴിപ്പിക്കാനുള്ള തന്ത്രങ്ങൾ വന്യജീവി ആക്രമണത്തിനു പിന്നിലുണ്ടെന്നും കർഷകർ അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group