
പഞ്ചരത്നകൃതികൾ ആസ്വാദക മനസ്സുകളെ കീഴടക്കി
: ചാലക്കര പുരുഷു
വടകര: ത്യാഗരാജ സ്വാമികളുടെ സംഗീത സൃഷ്ടികളിൽ ഏറ്റവും പ്രശസ്തമായി തീർന്ന ഘനരാഗപഞ്ചരത്നകൃതികൾ വിഖ്യാത സംഗീതജ്ഞൻ യു.ജയൻ മാസ്റ്റരും ശിഷ്യരായ സംഗീത പ്രതിഭകളും ചേർന്ന് ആലപിച്ചപ്പോൾ, വടകര ടൗൺ ഹാളിന് അത് അവിസ്മരണീയമായ രാഗാലാപന സൗഭഗം സമ്മാനിച്ചു.
നാട്ട, ഗൗള, ആരഭി, വരാളി, ശ്രീ എന്നീ ഘനരാഗങ്ങളിൽ രചിക്കപ്പെട്ട. ഇവയെല്ലാം രാഗവിസ്താരത്തിൽ അനന്ത സാദ്ധ്യതകളുള്ളതാണ് മനോധർമ്മ പ്രസ്താരത്തിലൂടെ ജയൻ മാസ്റ്റർ അനുഭവവേദ്യമാക്കി '
ആദിതാളത്തിലുള്ള ഇവയിൽ നാട്ടയിലെ ജഗദാനന്ദകാരക, ഗൗളയിലെ ഡുഡുകുഗല, വരാളിയിലെ കനകനരുചിര, ആരഭിയിലെ സാദിഞ്ചനേ, ശ്രീരാഗത്തിലെ എന്തരോ മഹാനുഭാവുലു എന്നിവയാണ് ഘനരാഗപഞ്ചരത്നകൃതികൾ. ഘനരാഗ പഞ്ചരത്നകൃതികളിൽ ആദ്യത്തേത് നാട്ട രാഗത്തിലുള്ള 'ജഗദാനന്ദകാരക' എന്ന് തുടങ്ങുന്ന കൃതിയാണ്. ശ്രീരാമസ്തുതിയാണ് സാഹിത്യം. ഇതിന് 10 ചരണങ്ങളുണ്ട്. ഇവയിൽ രണ്ടാമത്തേത് ഗൗള രാഗത്തിലുള്ള 'ദുഡുകുഗല', എന്ന കൃതി ഈ രാഗത്തിന്റെ ഭാവസാന്ദ്രതയ്ക്കൊരുദാഹരണമാണ്. ഇതിന് 10 ചരണങ്ങളുണ്ട്. ഇവയിൽ മുന്നാമത്തേത് ആരഭി രാഗത്തിലുള്ള 'സാധിംചെനെ' എന്ന കൃതിയാണ്. ശ്രീകൃഷ്ണ സ്തുതിപരമായ ഈ കൃതിയിൽ താന രീതിയിലുള്ള സ്വരസഞ്ചാരങ്ങളും ദ്രുതകാല പ്രയോഗങ്ങളും ഒരു സവിശേഷതയാണ്. ഇതിന് 8 ചരണങ്ങളും ഒരു അനുബന്ധവുമുണ്ട്. 'സാധിംചെനെ' എന്ന കൃതിയിലെ 8 ചരണങ്ങളും പാടിയതിനു ശേഷമാണ് 'സത് ഭക്തുല' എന്നു തുടങ്ങുന്ന അനുബന്ധം ആരംഭിക്കുന്നത്.
വരാളി രാഗത്തിലുള്ള 'കനകന രുചിരാ' എന്ന കൃതിയാണ് പഞ്ചരത്നകൃതികളിൽ നാലാമത്തേത്. മറ്റു കൃതികളെ അപേക്ഷിച്ച് ചൗക്ക കാലത്തിലാണ് ഇത് പാടുന്നത്. ഗുരുമുഖത്തു നിന്നും നേരിട്ട് വരാളി രാഗം അഭ്യസിക്കരുതെന്ന് വിശ്വസിച്ചു വരുന്നു. ഇതിന് 7 ചരണങ്ങളുണ്ട്. ഘനരാഗ പഞ്ചരത്നകൃതികളിൽ അഞ്ചാമത് വരുന്നത് ശ്രീരാഗത്തിലുള്ള 'എന്തരോ മഹാനുഭാവുലു' എന്ന കൃതിയാണ്. പുരാണേതിഹാസങ്ങളിലെ ദേവന്മാരെയും സൂര്യചന്ദ്രന്മാരെയും ദിക്പാലകരെയും ഈ കൃതിയിൽ പരാമർശിക്കുന്നു. ഭാവസാന്ദ്രവും മനോഹരവുമായ ഈ കൃതിയിൽ 10 ചരണങ്ങളുണ്ട്.
പഞ്ചരത്നയിൽ ചിട്ടപ്പെടുത്തിയ ബഹുളപഞ്ചമിയിലാണ് തിരുവയ്യാറിലെ ആരാധനയിൽ പതിവായി ഗാനങ്ങൾ ഉപയോഗിക്കുന്നത്. രാഗങ്ങൾക്കിടയിൽ പഞ്ചരത്ന, ഘനരാഗപഞ്ചരത്നമായാണ് അറിയപ്പെടുന്നതെന്ന് ജയൻ മാസ്റ്റർ പറഞ്ഞു
ജപ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ മാഹി, മടപ്പള്ളി, ലോകനാർകാവ്, പുന്നോൽ ശാഖകളുടെ സംയുക്ത ദ്വിദിന വാർഷികാഘോഷം സമാപന ചടങ്ങ് സംഘടിപ്പിച്ചത്.
കാലത്ത് 8 മണി മുതൽ വടകര ടൗൺ ഹാളിൽ സംഗീതാചാര്യൻ യു.ജയൻ മാസ്റ്ററാണ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചത്. സംഗീത കച്ചേരി, സംഗീതാരാധന, വയലിൻ ഗ്രൂപ്പ്, സംഘസങ്കീർത്തനം എന്നിവയുമുണ്ടായി. അഡ്വ :ഇ നാരായണൻ നായരുടെ അദ്ധ്യക്ഷതയിൽ സംഗീത രത്നം കാഞ്ഞങ്ങാട് രാമചന്ദ്റനാണ് ഉദ്ഘാടനം ചെയ്തത്.. കലൈമാമണി ചാലക്കര പുരുഷു, മണലിൽ മോഹനൻ, പ്രേംകുമാർ വടകര, സുരേഷ് വട്ടോളി സംസാരിച്ചു. യു. ജയൻ മാസ്റ്റരുടെ ഈണത്തിൽ ഭാവഗായകൻ പി. ജയചന്ദ്രനും, ഭാവഗായിക പി.ലീലയും ആലപിച്ച ഭക്തിഗാനങ്ങൾ സ്മരണാഞ്ജലിയായി യു. ജയൻമാസ്റ്റരുടെ ശിഷ്യർ ആലപിച്ചു.. തുടർന്ന് ഗാനമേളയുമുണ്ടായി. പ്രതിഭകൾക്കുള്ള സമ്മാനദാനവുമുണ്ടായി.
പി. ആനന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഇ ടി.കെ.പ്രഭാകരൻ സ്വാഗതവും, പ്രേംകുമാർ കാവിൽ നന്ദിയും പറഞ്ഞു.
ആദ്യനാളിൽ ന്യൂ മാഹി കുറിച്ചിയിൽ സംഗീത കലാക്ഷേത്രത്തിൽ അരങ്ങേറ്റം നടന്നിരുന്നു
ചിത്രവിവരണം: സംഗീത രത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

മദീന ഹനീഫ നിര്യാതനായി.
തലശ്ശേരി : മേലെ ചമ്പാട് പി എം മുക്കിൽ നന്മയിൽ മദീന ഹനീഫ ( 61) നിര്യാതനായി. പരേതനായ കെ എം മുഹമ്മദിൻ്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: പരേതയായ വലിയ പറമ്പത്ത് ഹഫ്സത്ത്.
മക്കൾ: നൂറ, ഫാത്തിമ (ദുബായ്). മരുമക്കൾ: ഷുഹൈബ്, ഹാറൂൺ (ദുബായ്).
സഹോദരങ്ങൾ: മദീന മൻസിൽ ഖാലിദ്, പരേതനായ ഇസ്മായിൽ. ഖബറടക്കം നാളെ (ശനിയാഴ്ച) രാവിലെ 8 മണിക്ക് മേലെ ചമ്പാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മലയാളി വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ പ്രത്യേക ട്രെയിനുകൾ അനുവദിക്കണം ഷാഫി പറമ്പിൽ എം. പി
തലശ്ശേരി : അതിർത്തി സംസ്ഥാനങ്ങളിൽ പഠനം നടത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു.
പഞ്ചാബ്,ജമ്മു കാശ്മീർ രാജസ്ഥാൻ ഗുജറാത്ത് തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തിവരുന്ന മലയാളി വിദ്യാർത്ഥികളുടെ സുരക്ഷിതമായ മടക്കയാത്ര ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഷാഫി പറമ്പിൽ എംപി റെയിൽവേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചത്. ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിലെ നിലവിലുള്ള സംഘർഷ സാഹചര്യത്തിൽ വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും വലിയ ആശങ്കയിലാണ് അതിർത്തി സംസ്ഥാനങ്ങളിലെ ക്യാമ്പസുകളിൽ ആണ് ഈ വിദ്യാർത്ഥികൾ പഠനം നടത്തുന്നത്. മിക്ക ക്യാമ്പസുകളുംപ്രത്യേക സാഹചര്യം പരിഗണിച്ച് അവധിക്കാലം നേരത്തെ ആക്കി പരീക്ഷകൾ പോലും മാറ്റിവെച്ചിരിക്കുകയാണ്. അക്രമസാധ്യതയും അനിശ്ചിതത്വവും നിറഞ്ഞ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി നാട്ടിലേക്ക്മടങ്ങി വരുവാൻ അവസരം ഒരുക്കണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു. പഞ്ചാബ്, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്നാണ് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം. അനുകൂലമായ തീരുമാനം ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾക്ക് ആശ്വാസമാകുമെന്നും എം. പി കത്തിൽ അറിയിച്ചു.
കണ്ണൂർ മികച്ച നിലയിൽ
തലശ്ശേരി:കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 19 വയസിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ല ദ്വിദിന ടൂർണ്ണമെൻറിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ കണ്ണൂർ മികച്ച നിലയിൽ.
ആദ്യം ബാറ്റ് ചെയ്ത കോഴിക്കോട് 55.2 ഓവറിൽ 170 റൺസിന് ഓൾഔട്ടായി. എ അനന്തു 58 റൺസെടുത്തു.കണ്ണൂരിന് വേണ്ടി ഹൃദിൻ ഹിരൺ 4 വിക്കറ്റും ശ്രേയസ് സുധീർ 3 വിക്കറ്റും വീഴ്ത്തി.
തുടർന്ന് ബാറ്റ് ചെയ്ത കണ്ണൂർ ആദ്യ ഇന്നിങ്ങ്സിൽ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 32 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുത്തു.ശ്രീഹരി രൺധീർ 62 റൺസും സംഗീത് സാഗർ പുറത്താകാതെ 42 റൺസുമെടുത്തു.
സ്കോർ : കോഴിക്കോട് ആദ്യ ഇന്നിങ്ങ്സിൽ 55.2 ഓവറിൽ 170 റൺസിന് ഓൾഔട്ടായി
കണ്ണൂർ ആദ്യ ഇന്നിങ്ങ്സിൽ 32 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ്
മാഹി ആരോഗ്യ വകുപ്പ്: വാക്ക് ഇൻ ഇൻ്റർവ്യു 12 ന്
മാഹി റീജ്യണൽ ഹെൽത്ത് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാഹി ആര്യോഗ്യവകുപ്പിലേക്ക് വിവിധ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി മെയ് 12 ന് രാവിലെ 9 മണി മുതൽ 12 മണി വരെ
നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യുൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാഹി ഗവ. ജനറൽ ആശുപത്രിയിലെ ഡെപ്യൂട്ടി ഡയരക്ടറുടെ ഓഫീസിൽ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരേണ്ടതാണ്.
മൈക്രോബയോളജി, പാത്തോളജി, ഇഎൻടി, സർജറി, ഒബ്സ്ട്രാറ്റിക്സ് & ഗൈനോക്കോളജി എന്നീ വിഭാഗങ്ങളിൽ
സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയും
മെഡിക്കൽ ഓഫീസർ/ഡോക്ടർ, ഓഡിയോമെട്രിക് അസിസ്റ്റൻ്റ, സ്റ്റാഫ് നഴ്‌സ്, എ.എൻ.എം, ഫിസിയോതെറാപ്പിസ്റ്റ്,
സീനിയർ ട്രീറ്റ്മെൻ്റ് സൂപ്പർവൈസർ, ആയുർവേദ ഫാർമസിസ്റ്റ്,
യോഗ ഡെമോൺസ്ട്രേറ്റർ,
നാച്ച്വറോപതി & യോഗാതെറാപ്പിസ്റ്റ്, ഡയാലിസിസ് ടെക്കനീഷൻ, ഇ.സി.ജി ടെക്കനീഷൻ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നതെന്ന് മിഷൻ ഡയരക്ടർ അറിയിച്ചു.
മണ്ണയാട് ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ നാളെ മുതൽ മേയ് 18 വരെ ദ്രവ്യ കലശo
തലശ്ശേരി .മണ്ണയാട് ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടത്തിയ അഷ്ടമംഗല പ്രശ്ന ചിന്തയിൽ നിർദ്ദേശിക്കപ്പെട്ട പരിഹാര ക്രിയകളും ദ്രവ്യ കലശ ചടങ്ങുകളും നാളെ (ഞായർ ) മുതൽ 18 വരെഎട്ടു ദിവസങ്ങളിലായി നടത്തും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര നവീകരണ ഉത്സവ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞായർ രാവിലെ മുതൽ ചൊവ്വാഴ്ച ഉച്ചവരെ പരിഹാര ക്രിയകളും തുടർന്നുള്ള ദിവസങ്ങളിൽ ദ്രവ്യ കലശ ചടങ്ങുകളുമാണ് നടത്തുന്നത്. ക്ഷേത്രം തന്ദ്രി ബ്രഹ്മശ്രീ അമ്പഴപ്പിള്ളി മന കൃഷ്ണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് കലശ ചടങ്ങുകൾ നടത്തുന്നത്.ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനെത്തുന്ന മുഴുവൻ ഭക്തർക്കും മേയ് 14 മുതൽ അന്നദാനം. ഏർപ്പെടുത്തിയിട്ടുണ്ട്. 8 ലക്ഷം രൂപ ചിലവഴിച്ച് ക്ഷേത്രകുളം ഇതിനകം നവീകരിച്ചു കഴിഞ്ഞു.കുളം നവീകരിക്കാൻ 3 ലക്ഷം രൂപ ദേവസ്വം ബോർഡ് അനുവദിച്ചിരുന്നു. ഉപദേവന്റെ ശ്രീകോവിൽ നവീകരണവും പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ പിന്നീടാണ് ലക്ഷങ്ങൾ ചിലവ് വരുന്ന പരിഹാര ക്രിയകളും ദ്രവ്യ കലശ ചടങ്ങുകളും നടത്തുന്നത്. ഏറെ സാമ്പത്തീക ബാധ്യത വരുന്നതാണ് അഷ്ടമംഗല പ്രശ്നപരിഹാര ക്രിയകൾ. ഭക്ത ജനങ്ങളുടെ കലവറയില്ലാത്ത പ്രോത്സാഹനവും സഹായ സഹകരണവും കൊണ്ടാണ് അൽപം വൈകിയെങ്കിലും ദ്രവ്യകലശ ചടങ്ങുകൾ ഇപ്പോൾ നടത്താനാവുന്നതെന്ന് നവീകരണ കമ്മിറ്റി സാരഥികൾ വിശദീകരിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ എം.ടി. മധുസൂദനൻ, നവീകരണ ഉത്സവ കമ്മിറ്റി സിക്രട്ടറി കെ.കെ. വിനോദ് കുമാർ,വൈസ് പ്രസിഡണ്ട് കെ. മുത്തു കുമാർ, ജോ. സിക്രട്ടറി കെ.പി.സജീവ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു
വെൽഡേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം
മാഹി: ഓൾ കൈൻഡ്‌സ് ഓഫ് വെൽഡേഴ്സ് അസ്സോസിയേഷൻ്റെ (AKWA) പ്രഥമ സംസ്ഥാന സമ്മേളനം 2025 മെയ് 11 ന് ഏറണാകുളം കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. വിവിധ കമ്പനികളുടെ പ്രദർശന സ്റ്റാളുകളുമുണ്ടാകുമെന്ന് ഭാരവാഹികൾ മാഹിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വിവിധ ജില്ലകളിൽ നിന്നായി 1500 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വെൽഡിങ് മേഖലയിൽ സ്വതന്ത്രമായി തൊഴിൽ ചെയ്യുവാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് ചർച്ച നടത്തും. പ്രധിനിധി സമ്മേളനം രാവിലെ 10 മണിക്ക് എറണാകുളം എം.എൽ.എ ടി.ജെ.വിനോദ് ഉദ്ഘാടനം ചെയ്യും. ട്രേഡ് യൂനിയൻ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടക്കും. വൈകുന്നേരം 4 മണിക്ക് വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന അധ്യക്ഷൻ ദീപു കെ.ഡി ചടങ്ങിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി അജാസ് ഖാൻ, സ്വാഗതസംഘം ചെയർമാൻ ബിജു സേവിയർ
സംബന്ധിക്കും. വയനാട് ദുരന്തബാധിതർക്ക് ടേബിളുകൾ നിർമ്മിച്ചു നൽകിയവരെ ചടങ്ങിൽ സംസ്ഥാന ജോ:സെക്രട്ടറി നികേഷ് കെ.പി ആദരിക്കും. AKWA തിരുവനന്തപുരം ജില്ലാ കമ്മിറ്റി താങ്ങും തണലും പദ്ധതിയിൽ നിർമ്മിച്ച് നൽകുന്ന ഭവനത്തിന്റെ താക്കോൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഭിലാഷ് എം. കൈമാറും. സംഘടനയുടെ വീക്ഷണം എന്ന വിഷയം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ജവാഹർ അവതരിപ്പിക്കും. സംഘടന പുറത്തിറക്കിയ സമ്മാനക്കൂപ്പണിൻ്റെ നറുക്കെടുപ്പ് സംസ്ഥാന ട്രെഷറർ സെബി.പി.ടി നിർവ്വഹിക്കുമെന്ന്
കണ്ണൂർ ജില്ലാ പ്രസിഡന്റ് റിജേഷ് പുതിയതെരു കണ്ണൂർ ജില്ലാ സെക്രട്ടറി സന്തോഷ് മാഹി ജോ: സെക്രട്ടറി ശ്രീജിത്ത് പെരളശ്ശേരി തലശ്ശേരി മേഖല ട്രഷറർ ഷിജിൽ അഞ്ചരക്കണ്ടി
വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
എസ്.എസ് എൽ.സി പരീക്ഷാ ഫലം: മാഹിയിൽ സ്വകാര്യ വിദ്യാലയങ്ങളിൽ നൂറുമേനി
മാഹി:എസ്.എസ്.എൽ.സി പരീക്ഷാഫലം മാഹിയിൽ പരീക്ഷ എഴുതിയ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളും നൂറു മേനിയോടെ ഉജ്ജ്വല വിജയം കരസ്ഥമാക്കി. എട്ട് സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നായി പരീക്ഷ എഴുതിയ 277 പേരും വിജയിച്ചു. 90 കുട്ടികൾ എ പ്ലസ് കരസ്ഥമാക്കി.
ചാലക്കര എക്സൽ പബ്ലിക്ക് സ്കൂളിൽ പരീക്ഷ എഴുതിയ135 വിദ്യാർത്ഥികളിൽ 53 പേരും ചാലക്കര സെൻ്റ് തെരെസ ഹയർ സെക്കണ്ടറി സ്കൂളിൽ പരീക്ഷ എഴുതിയ 50 വിദ്യാർത്ഥികളിൽ 16 പേരും പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 31 വിദ്യാർത്ഥികളിൽ 5 പേരും മാഹി പി.കെ രാമൻ ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 29 വിദ്യാർത്ഥികളിൽ 6 പേരും പള്ളൂർ ശ്രീ നാരായണ ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 10 വിദ്യാർത്ഥികളിൽ 6 പേരും ഈസ്റ്റ് പള്ളൂർ ഒ ഖാലിദ് ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 11 വിദ്യാർത്ഥികളിൽ 2 പേരും പള്ളൂർ അംബേദ്ക്കർ ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 7 വിദ്യാർത്ഥികളിൽ 1 കുട്ടിയും ചെമ്പ്ര എച്ച്.എച്ച്.എഫ് ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളിൽ 1 കുട്ടിയും എ പ്ലസ് കരസ്ഥമാക്കി.
മാഹിയിൽ സ്വകാര്യ വിദ്യാലയങ്ങളിൽ മാത്രമാണ് ഈ വർഷം കേരള സിലബസ്സിൽ പരീക്ഷ നടത്തിയത്. സർക്കാർ വിദ്യാലയങ്ങളിൽ സി.ബി.എസ് ഇ സിലബസ്സിലാണ് പരീക്ഷ നടത്തിയത്.
പ്രതിഷേധറാലി നടത്തി
തലശ്ശേരി:എൻസിപിഎസ് തലശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഹൽ ഗാമിൽ നടന്ന തീവ്രവാദ അക്രമത്തിനെതിരെ തലശ്ശേരി ടൗണിൽ നടത്തിയ പ്രതിഷേധ ജ്വാല, എൻസിപിഎസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ സുരേശൻ ഉദ്ഘാടനം ചെയ്യിതും, തലശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് പുരുഷു വരക്കൂൽ അധ്യക്ഷത വഹിച്ചു, എൻസിപിഎസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ വി രജീഷ്, ശിവപ്രസാദ് കെ പി, മുസ്തഫ കെ, ജോസ് പ്രകാശ് എന്നിവർ സംസാരിച്ചു, എം സുരേഷ് ബാബു, പി.വി. രമേശൻ, പ്രവീൺ കുമാർ, ഗുണശേഖരൻ, കെ.പി. പ്രശാന്ത് കുമാർ, എ.കെ. മനോജ്, രജിന പ്രവീൺ നേതൃത്വം നൽകി.
ചിത്രവിവരണം:കെ സുരേശൻ ഉദ്ഘാടനം ചെയ്യുന്നു
സി.എച്ച്.ബാലമോഹനനെ അനുസ്മരിച്ചു.
മാഹി:പുതുച്ചേരി സർവ്വീസ്സ് സംഘടനാ രംഘത്തെ സമരതീഷ്ണമായ പോരാട്ടങ്ങൾക്ക് നെഞ്ചുറപ്പോടെ മുന്നിൽ നിന്നു നയിച്ച വിപ്ലവകാരി സി.എച്ച്.ബാലമോഹനൻ്റെ നാലാം ചരമവാർഷികം മയ്യഴി സെമിത്തേരി റോഡിലെ സിഎച്ച്ബി സ്ക്വയറിൽ ആചരിച്ചു.
ബാലമോഹനൻ്റെ ഛായാചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തിയും വൃക്ഷ തൈകൾ നട്ടും അദ്ദേഹത്തിൻ്റെ ജ്വലിക്കുന്ന ഓർമ്മകൾപുതുക്കി .
ഫെഡറേഷൻ ഓഫ് സർവ്വീസ്സ് അസോസ്സിയേഷൻ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സി.എച്ച്.പ്രഭാകരൻ, കെ.എം.സോമൻ
ശ്രീകുമാർ ഭാനു, സുജേഷ്, യതീന്ദ്രൻ മാഷ്, രൂപേഷ്, പി.ടി.കെ അനൂപ് . സംസാരിച്ചു.
ബൈത്തുൽമാൽ തയ്യൽ
പരിശിലനം പുതിയ ബേച്ച്
തലശ്ശേരി: സത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി ബൈത്തുൽ മാൽ ചാരിറ്റബ്ൾ ട്രസ്റ്റ് സ്ത്രീകൾക്ക് വേണ്ടി നടത്തിവരുന്ന തയ്യൽ പരിശീലന ക്ലാസുകളുടെ പുതിയ ബേച്ച് ജൂൺ മാസം ആരംഭിക്കും. ചേരാൻ താൽപര്യമുള്ളവർ മേയ് 24 നു മുമ്പായി അപേക്ഷിക്കുക. പിലാക്കൂൽ ഗാർഡൻസ് റോഡിലെ ആഫീസിൽ നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0490 2083634,
+91 81 37 975678

പപ്പൻ ഗുരിക്കൾക്ക്77ാം വയസ്സിൽ പവർ ലിഫ്റ്റിംഗിൽ ദേശീയ മെഡൽ
തലശ്ശേരി:അഞ്ചര പതിറ്റാണ്ട് തികയ്ക്കുന്ന ജിം പരിശീലകന് എഴുപത്തിയേഴാം വയസിൽ ദേശിയ അംഗീകാരം.ധർമ്മടം ബ്രണ്ണൻ കോളേജ്, സായി സിന്തറ്റിക് സ്റ്റേഡിയത്തിനടുത്ത് നിജീഷാനിവാസിൽ എം.പി. പത്മനാഭൻ എന്ന പപ്പൻ ഗുരിക്കളാണ് 75 ന് മുകളിൽ പ്രായമുള്ളവർക്കായി നടന്ന മത്സരത്തിൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യനായത്.കഴിഞ്ഞ ദിവസം കൊച്ചി കടവന്ത്രയിലെ ഗിരിനഗർ കമ്യൂണിറ്റി ഹാളിലായിരുന്നു മത്സരം - പാൻ ഇൻഡ്യ മാസ്റ്റേഴ്സ്. ഗെയിംസ് ഫെഡറേഷനാണ് മത്സരം സംഘടിപ്പിച്ചത്. മാസ്റ്റേഴ്സ് വിഭാഗം മത്സരത്തിൽ നേരത്തെയും പപ്പൻ ഗുരിക്കൾ ഒട്ടേറെ മെഡൽ നേടിയിട്ടുണ്ട് - 1998, 99 വർഷത്തിൽ മിസ്റ്റർ കണ്ണൂർ പട്ടം പപ്പൻ ഗുരിക്കൾക്കായിരുന്നു. 70 വയസ് പൂർത്തിയാവുന്നതിനിടെ 14 തവണ ചാമ്പ്യനായിട്ടുണ്ട്. അറിയപ്പെടുന്ന മർമ്മ ചികിത്സകനാണ്. തലശ്ശേരി ഫയർ സ്റ്റേഷന് എതിർ വശത്തെ ടൈറ്റാൻ ജിമ്മിലെ മുഖ്യ പരിശീലകനാണ് പപ്പൻ ഗുരിക്കൾ.
മദ്യവും മയക്ക് മരുമരുന്നുകളും തൊടാറില്ല. പുകവലിയില്ല. നാടൻ ഭക്ഷണം മാത്രമേകഴിക്കൂ.
വഴി തെറ്റുന്ന വർത്തമാന കാല യുവത്വത്തെ ആരോഗ്യത്തിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിക്കാൻ ജീവിത സായാഹ്നത്തിലും പത്മനാഭന് തളരാത്ത നിശ്ചയദാർഡ്യമാണ്. കഴിഞ്ഞ 55 വർഷങ്ങളായി ശരീര വ്യായാമത്തിൽ സജീവമാണ് പപ്പൻ. നിരന്തര വ്യായാമം ചെയ്യുന്നതിനാൽ മസിലുകൾക്കിപ്പഴും കാരിരുമ്പിന്റെ കരുത്തുണ്ട്. പ്രശസ്ത പാരമ്പര്യ വൈദ്യനായ പൊക്കൻ ഗുരിക്കളുടെ മകനാണ്. അനിതയാണ് ഭാര്യ - ധർമ്മടം സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ നൈജേഷ്, ഇലക്ട്രീഷ്യനായ നിജു, നിജീഷ എന്നിവർ മക്കളും മഹേഷ് ജാമാതാവുമാണ്.

വി.കെ. മനിഷ് നിര്യാതനായി.
തലശ്ശേരി: മാടപ്പീടിക. വാഴക്കാത്ത് വീട്ടിൽ വി. കെ. മനീഷ് (40) നിര്യാതനായി.
അച്ഛൻ :പരേതനായ മുകുന്ദൻ (റിട്ട. സി ആർ പി എഫ്) അമ്മ : രമണി. സഹോദരൻ : രാകേഷ് , ഭാര്യ: സൂര്യ, മക്കൾ: ജക്ഷ്, ജിയാൻ .
വടവതി രാമകൃഷ്ണനെ അനുസ്മരിച്ചു
തലശ്ശേരി: എൻ സി പി (എസ്) തലശ്ശേരി ബ്ലോക്ക് കമ്മിറ്റി യുടെ നേതൃത്വത്തിൽ വടവതി രാമകൃഷ്ണന്റെ ആറാം ചരമവാർഷികം ആചരിച്ചു. രാവിലെ കതിരൂർ ബംഗ്ലാവിൽ വീട്ടിൽസ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു പാർട്ടി പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്പാർച്ചനയിൽ പങ്കെടുത്തു.
തുടർന്ന് വടവതി രാമകൃഷ്ണനൊപ്പം വ്യത്യസ്ത കാലഘട്ടങ്ങളിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചവരും സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത സൗഹൃദ കൂട്ടായ്മയും നടന്നു.
കെ എഫ് ഡി സി ചെയർപേഴ്സൺ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ സുരേശൻ അധ്യക്ഷതവഹിച്ചു.. ചടങ്ങിൽ വിവിധ മേഖലകളിൽ ശ്രദ്ധേയരായ റെബ്കോ ചെയർമാൻ കാരായി രാജൻ , ടെലിച്ചെറി സോഷ്യൽ വെൽഫെയർ ട്രസ്റ്റ് ചെയർമാൻ എം പി അരവിന്ദാക്ഷൻ, അധ്യാപക ശ്രേഷ്ഠനായ ഡോ: കെ കെ കുമാരൻ മാസ്റ്റർ എന്നിവരെ ആദരിച്ചു.
കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി സനിൽ, കെ പി സി സി അംഗം സഞ്ജീവ് മാറോളി, പൊന്ന്യം കൃഷ്ണൻ, കതിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ, എക്സ് സർവീസ് ലീഗ് നേതാവ് പി കെ ബാലകൃഷ്ണൻ,കെ കെ നാരായണൻ മാസ്റ്റർ, വി പത്മനാഭൻ, തുടങ്ങിയവർ സംസാരിച്ചു . ബ്ലോക്ക് പ്രസിഡന്റ് പുരുഷു വരക്കൂൽ സ്വാഗതവും വൈസ് പ്രസിഡന്റ് എം സുരേഷ് ബാബു നന്ദിയും പറഞ്ഞു.
ചിത്രവിവരണം:കെ എഫ് ഡി സി ചെയർപേഴ്സൺ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

ആശ വർക്കർമാരുടെ
രാപകൽ സമര യാത്രക്ക്
സ്വീകരണം
തലശ്ശേരി : ഓണറ്റേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ആശാ ഹെൽത്ത് സർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. എ ബിന്ദു നയിക്കുന്ന ആശ വർക്കർമാരുടെ രാപകൽ സമര യാത്രക്ക്
തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകി. ഡി. സി . സി ജനറൽ സെക്രട്ടറി കെ. പി സാജു ഉദ്ഘാടനം ചെയ്തു. ചൂരായി ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ.. പി അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.
അഡ്വ കെ എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. പാലക്കൽ സാഹിർ, ഡോ സി സുരേന്ദ്രനാഥ്, സാജിത്ത് കോമത്ത്, റമീസ് ചെറു വോട്ട്, പ്രൊഫ കെ പി സജി, റോസിലി ജോൺ, പെരിന്താറ്റിൽ സത്യൻ, എ ഷർമ്മിള , രശ്മി രവി , മേരി എബ്രഹാം, അനൂപ് ജോൺ സംസാരിച്ചു.
. ചിത്രവിവരണം: ഡി. സി . സി ജനറൽ സെക്രട്ടറി കെ. പി സാജു ഉദ്ഘാടനം ചെയ്യുന്നു




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group