
വിഷുക്കണിയുടെ സന്ദേശം
: മാതാഅമൃതാനന്ദമയി
മണ്ണിനോടും പ്രകൃതിയോടും ഈശ്വരനോടുമുള്ള മനുഷ്യബന്ധത്തിന്റെ ആഘോഷമാണ് വിഷു. നാടെങ്ങും കാന്തിപരത്തി കൊന്നയും വാകയും ഇലഞ്ഞിയുമൊക്കെ പൂത്തുലഞ്ഞുനിൽക്കുന്ന സമയമാണിത്. ചക്കയും മാങ്ങയും മറ്റുപഴവർഗങ്ങളും പാകമാകുന്ന സമയവും ഇതുതന്നെ. അതുകൊണ്ട് മലയാളിക്കിത് വസന്തകാലംതന്നെയെന്ന് പറയാം. പ്രകൃതി കനിഞ്ഞരുളിയ സമൃദ്ധിക്കും സന്തോഷത്തിനും ഈശ്വരനോട് നന്ദിപ്രകടിപ്പിക്കുന്ന അവസരമാണ് വിഷു. വിഷുക്കണിയാണ് വിഷു ആഘോഷത്തിലെ പ്രധാന ചടങ്ങ്. സമഗ്രമായ ഒരു ജീവിതദർശനത്തിന്റെ ലഘുചിത്രമാണ് വിഷുക്കണി. ജീവിതം അർഥപൂർണമാക്കാനുള്ള സന്ദേശമാണ് അത് നമുക്കുനൽകുന്നത്. ജീവിതത്തിൽ വിജയം കൈവരിക്കാൻ സഹായിക്കുന്ന കുറെ നല്ലശീലങ്ങൾ വളർത്തിയെടുക്കാൻ അത് നമുക്ക് പ്രചോദനമേകുന്നു.
ഈശ്വരസ്മരണയോടെ, ഈശ്വരാരാധനയോടെ, ഓരോ ദിവസവും ആരംഭിക്കുക എന്നതാണ് വിഷുക്കണി നൽകുന്ന ഒരു പ്രധാന സന്ദേശം, ഉറക്കത്തിൽനിന്നും ഉണരുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യംവരുന്ന ചിന്തയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. ആ ചിന്ത നമ്മുടെ ഉപബോധമനസ്സിലേക്ക് ആഴ്ന്നിറങ്ങും. ദിവസംമുഴുവൻ അതിൻ്റെ സ്വാധീനവുമുണ്ടാകും. അതുപോലെത്തന്നെ പ്രധാനമാണ് രാത്രി ഉറങ്ങുന്നതിനുതൊട്ടുമുൻപുമുള്ള ചിന്തയും. അതും നമ്മുടെ ഉപബോധമനസ്സിലേക്ക്, നമ്മുടെ വ്യക്തിത്വത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ചിന്തയായിരിക്കും. അതിനാൽ രാത്രി ഉറങ്ങാൻ പോകുന്നതിനുമുൻപും രാവിലെ ഉണർന്നശേഷവും ഈശ്വരനെ സ്‌മരിക്കുന്നത് ഏറ്റവും നല്ല കാര്യമാണ്. ബോധമനസ്സിനുപിന്നിലാണ് ഉപബോധമനസ്സ്. അതിനും പുറകിലായി സർവശക്തമായ പ്രപഞ്ചമനസ്സുണ്ട്. ആ പ്രപഞ്ചമനസ്സിന്റെ അനുഗ്രഹം നമുക്ക് കിട്ടുന്നത് നമ്മുടെ നല്ല സങ്കല്പങ്ങളിലൂടെയും നമ്മുടെ നല്ല ചിന്തകളിലൂടെയും പ്രാർഥനാപൂർണമായ മനസ്സിലൂടെയുമാണ്. ഈശ്വരകൃപകൊണ്ടേ നമുക്ക് ഏതുരംഗത്തും വിജയമുണ്ടാകൂ. അതുകൊണ്ട് ഈശ്വരനെ മുൻനിർത്തിയായിരിക്കണം നമ്മുടെ ജീവിതം.
വിഷുക്കണി നൽകുന്ന മറ്റൊരു സന്ദേശം ആരോഗ്യപൂർണമായ ആഹാരശീലമാണ്. ഇന്നത്തെ നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിൽ ഫാസ്റ്റ് ഫുഡും കൃത്രിമ രാസവസ്‌തുക്കൾ കലർന്ന പച്ചക്കറികളും ഒഴിച്ചുകൂടാനാകാത്തതായിത്തീർന്നിരിക്കുന്നു. നമ്മുടെ ആരോഗ്യത്തെയും കാര്യക്ഷമതയെയും ഇത് കുറച്ചൊന്നുമല്ല ബാധിക്കുന്നത്. നമ്മുടെ നാട്ടിൽത്തന്നെ വിളയുന്ന വിഭവങ്ങൾ ഉപയോഗിച്ചുള്ള ആരോഗ്യകരമായ ആഹാരരീതി സ്വീകരിക്കാൻ വിഷുക്കണി നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ബുദ്ധിക്കും മനസ്സിനും ശരീരത്തിനും ഗുണംചെയ്യുന്ന ഒരുപാട് കായ്കനികളും പഴങ്ങളും വിഷുക്കണിയുടെ ഉരുളിയിൽ നമുക്കുകാണാം. ഓണം കൊയ്ത്തുത്സവമാണെങ്കിൽ വിഷു വിത്തുവിതയ്ക്കലിൻ ഉത്സവമാണ്. ഗുണമേന്മയുള്ള വിത്ത് വളക്കൂറുള്ള മണ്ണിൽ വിതച്ചാൽ നൂറും ആയിരവും മേനി വിളവുകിട്ടും. ഇത് മണ്ണിൻറെകാര്യത്തിൽമാത്രമല്ല, മനുഷ്യമനസ്സിൻ്റെകാര്യത്തിലും സത്യമാണ്. ബാല്യത്തിൽ കുഞ്ഞുങ്ങളുടെ മനസ്സിൽ ഉത്തമമൂല്യങ്ങളുടെയും ഉത്തമശീലങ്ങളുടെയും വിത്തുവിതച്ചാൽ ഉത്തമമായ ഒരു സമൂഹസൃഷ്ടിക്ക് അത് കളമൊരുക്കും. ഒരു വ്യക്തി നന്നായാൽ അയാളുമായി ബന്ധപ്പെടുന്നവരെയും അത് സ്വാധീനിക്കും. ക്രമേണ അത് സമൂഹമാകെ പടരും.ആഘോഷങ്ങൾ സമ്മാനപ്പൊതികൾപോലെയാണ്. പൊതി എത്ര കമനീയമാണെങ്കിലും അതിനെക്കാൾ പ്രധാനം അതിനുള്ളിലെ സമ്മാനമാണല്ലോ. അതുപോലെ വിഷു തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളെക്കാളും ആഘോഷങ്ങളെക്കാളും ഏറെ പ്രധാനം അവ നൽകുന്ന മൂല്യങ്ങളും ശീലങ്ങളും ജീവിതത്തിൽ പകർത്തുക എന്നതാണ്. ഈശ്വരനുമായും പ്രകൃതിയുമായും മനുഷ്യസമൂഹവുമായും നമുക്ക് കൂടുതൽ ആഴത്തിലുള്ള ബന്ധം പുലർത്താൻ വിഷു പ്രചോദനമാകട്ടെ.
(അമ്മ )

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,
വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,
ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും
പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group