
നെയ്യാറ്റിൻകര : രൂപത ജുഡീഷ്യൽ വികാറായ മോൺ. ഡി.സെൽവരാജന്റെ മെത്രാഭിഷേകത്തിന് നെയ്യാറ്റിൻകര നഗരസഭാ മൈതാനിയിലേക്ക് വിശ്വാസസമൂഹം ഒഴുകിയെത്തി. ആയിരക്കണക്കിന് വിശ്വാസികളുടെ പ്രാർഥനകൾക്കിടെ പ്രവേശനഗാനത്തോടെയാണ് മെത്രാഭിഷേകത്തിന് തുടക്കമായത്. രണ്ടര പതിറ്റാണ്ടിനു ശേഷമാണ് നെയ്യാറ്റിൻകര രൂപതയ്ക്ക് പുതിയ ബിഷപ്പിനെ ലഭിക്കുന്നത്. 1996-ൽ രൂപവത്‌കരിച്ച നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായാണ് ഡി.സെൽവരാജൻ അഭിഷിക്തനായത്.
ഏഴായിരത്തോളം വിശ്വാസികളെ പ്രതീക്ഷിച്ച് മൈതാനിയിൽ ഒരുക്കിയ വേദിയിൽ അതിലേറെ വിശ്വാസികൾ മെത്രാഭിഷേകം നേരിട്ടു കാണാനെത്തി. തമിഴ്‌നാട്ടിൽ നിന്നുമുള്ള വൈദികരും സന്യസ്‌തരും അൽമായരും ചടങ്ങിന്റെ ഭാഗമായി. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ വിവിധ ഫെറോനകളുടെ നേതൃത്വത്തിലും വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു. പ്രവേശന ഗാനാലാപനത്തിനിടെ ഡി.സെൽവരാജനെ പുരോഹിതന്മാരുടെ അകമ്പടിയോടെ മൈതാനിയിൽ തയ്യാറാക്കിയ അൽത്താരയിലേക്ക് ആനയിച്ചു.
വേദിയിലൊരുക്കിയ അൽത്താരയിൽ മുഖ്യകാർമികനായി ബിഷപ്പ് വിൻസെന്റ് സാമുവലും സഹകാർമികരായി ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയും പുനലൂർ ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തനും നിരന്നു. തുടർന്ന് ബിഷപ്പ് വിൻസെന്റ് സാമുവൽ ദിവ്യബലി അർപ്പിച്ചു. ദൈവവചന പ്രഘോഷണത്തിന്റെ ഒന്നാം വാചകം നിയുക്ത മെത്രാൻ ഡി.സെൽവരാജൻ്റെ മൂത്ത സഹോദരൻ സിൽവസ്റ്റർ വായിച്ചു.
രണ്ടാം വാചകം മദർ സുപ്പീരിയർ ജിൻസിയും സുവിശേഷ വായന മോൺ. റൂഫസ് പയസിനും നടത്തി. വത്തിക്കാനിൽ നിന്നു ഡി.സെൽവരാജനെ മെത്രാനായി പ്രഖ്യാപിച്ച നിയമനപത്രമായ തിരുവെഴുത്ത് ലാറ്റിൻ ഭാഷയിൽ റവ.ജോസ് റാഫേൽ വായിച്ചു. തുടർന്ന് മലയാളത്തിലെ പരിഭാഷ റവ.അരുൾരാജ് വായിച്ചു.
തുടർന്ന് ഡി.സെൽവരാജനെ ബിഷപ്പ് വിൻസെൻ്റ് സാമുവലിന് മുന്നിൽ നിർത്തി മോൺ. വി.പി.ജോസ് മെത്രാനായി വാഴിക്കാൻ അഭ്യർഥന നടത്തി. കൊല്ലം എമിരറ്റസ് ബിഷപ്പ് സ്റ്റാൻലി റോമൻ വചനപ്രഘോഷണം നടത്തി.
തുടർന്ന് ഡി.സെൽവരാജൻ്റെ വിശ്വാസ പ്രഖ്യാപനമാണ് നടന്നത്. ബിഷപ്പ് വിൻസെന്റ് സാമുവൽ മെത്രാനാകുന്നതിലുള്ള സന്നദ്ധ ചോദിച്ചതിന് ഡി.സെൽവരാജൻ "ഞാൻ സന്നദ്ധനാണ്" എന്നു മറുപടി നൽകി. ഇതിനു ശേഷമാണ് തലപ്പാവും അംശവടിയും മോതിരവും കുരിശുമാലയും നൽകി മെത്രാഭിഷേകം നടത്തിയത്.
പ്രാർഥനാഗാനങ്ങൾആലപിച്ച് 112 അംഗ ക്വയർ
: മെത്രാഭിഷേകത്തിൻ്റെ പ്രധാന ആകർഷണമായി മാറിയത് രൂപതയിലെ 112 അംഗങ്ങൾ അണിനിരന്ന ക്വയർസംഘമാണ്. മെത്രാഭിഷേകത്തിൻ്റെ പ്രവേശനഗാനം മുതൽ ആശംസാഗാനം വരെ ഈ സംഘമാണ് പാടിയത്. പ്രവേശനഗാനം, കാഴ്‌ചഗാനം, ദിവ്യബലിഗാനം, ശുശ്രൂഷാഗാനം, ആശംസാഗാനം, സമാപനഗാനം എന്നിങ്ങനെ മുറയ്ക്കാണ് ഗായകസംഘം ഗാനമാലപിച്ചത്.ഫാ.ജോസഫ് പാറാംകുഴി, ഫാ.വത്സലൻ ജോസഫ്, ഫാ.ഷാജികുമാർ, ഫാ.വിക്‌ടർ എവരിസ്റ്റസ് എന്നിവരാണ് ഗാനങ്ങൾ രചിച്ചത്. ബാലരാമപുരം ജോണി, ഫാ.വത്സലൻ ജോസഫ്, നെല്ലിമൂട് വിജയൻ എന്നിവരാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. വിവിധ ഫെറോനകളിൽനിന്നും തിരഞ്ഞെടുത്തവരാണ് ഗായകസംഘത്തിലുണ്ടായിരുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group