
തൊടുപുഴ: 2020 ഫെബ്രുവരി 29. അൽ-അസ്ഹർ കാമ്പസിലെ എംജി കലോത്സവവേദിയിൽ ഹന്ന ഒരു ചരിത്രം രചിച്ചു. കലോത്സവചരിത്രത്തിൽ ആദ്യമായി ട്രാൻസ് ജെൻഡർ വിഭാഗത്തിന് മത്സരം സംഘടിപ്പിച്ചപ്പോൾ ആദ്യ മത്സരാർഥി മഹാരാജാസ് കോളേജിലെ വിദ്യാർഥിനിയായിരുന്ന ഹന്ന അലീസയായിരുന്നു. 'ഒരു കൊച്ചുദീപത്തിൻ' എന്ന ലളിതഗാനം ഇമ്പമുള്ള ശബ്ദത്തിൽ പാടിയ ഹന്ന ചരിത്രത്തിന്റെ ഭാഗമായത്. അന്ന് ശാസ്ത്രീയസംഗീതം, മലയാളം പദ്യംചൊല്ലൽ എന്നീ ഇനങ്ങളിലും ഹന്ന മാറ്റുരച്ചു.
വീണ്ടും കലോത്സവം തൊടുപുഴയിലെത്തുമ്പോൾ ഹന്നയ്ക്ക് ചിലത് പറയാനുണ്ട്....
ചേർത്തുപിടിച്ച തൊടുപുഴ
എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. മഹാരാജാസിൽനിന്ന് തൊടുപുഴയിലേക്ക് വരുമ്പോൾ എംജി കലോത്സവത്തിൽ മത്സരിക്കണം എന്ന് മാത്രമേ മനസ്സിലുണ്ടായിരുന്നു. എന്നാൽ, തൊടുപുഴയിലെ കലോത്സവവേദി എന്നെ ചേർത്തുനിർത്തി. മുൻപോട്ടുള്ള കലാജീവിതത്തിന് ഏറ്റവും പ്രചോദനം നൽകിയ നല്ല നിമിഷങ്ങളായിരുന്നു അത്. മഹാരാജാസ് കോളേജിലാണ് ഞാൻ പഠിച്ചത്. അവിടത്തെ അധ്യാപകരും കൂട്ടുകാരും എല്ലാ പിന്തുണയും നൽകി. അന്ന് എസ്.എഫ്.ഐ നൽകിയ പിന്തുണ വളരെ വലുതായിരുന്നു.
കല എന്നും കുടെയുണ്ട്
കലയോടുള്ള എൻ്റെ താത്‌പര്യം കലോത്സവവേദിയിൽ തീർന്നുപോകുന്ന ഒന്നായിരുന്നില്ല. അത് ഇന്നും തുടരുന്നുണ്ട്. മോഹിനിയാട്ടം, ഭരതനാട്യം, ശാസ്ത്രീയസംഗീതം എല്ലാം തന്നെ ഇപ്പോഴും കൂടെയുണ്ട്. വേദികളിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ചില സിനിമകളിലേക്കും ക്ഷണം ലഭിച്ചിരുന്നു.
മോഡലിങ്ങും ചെയ്യുന്നുണ്ട്. മലയാളി മങ്ക ഉൾപ്പെടെയുള്ള മത്സരങ്ങളിൽ കാറ്റഗറി വ്യത്യാസമില്ലാതെ പങ്കെടുത്ത് വിജയിക്കാനായി.
വേർതിരിവുകൾ ഇല്ലാതാകണം
സമൂഹത്തിൽനിന്നായാലും കലയിൽനിന്നായാലും വേർതിരിവുകൾ ഇല്ലാതാകണം. എല്ലാവരും മനുഷ്യരാണ്. അത്രതന്നെ.
ട്രാൻസ് ജെൻഡർ വിഭാഗത്തിന് പ്രത്യേകം മത്സരം സംഘടിപ്പിക്കുന്നത് കുറേ ആളുകളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ സഹായകരമാകും. എന്നാൽ, അതുമാത്രം പോരാ. കാറ്റഗറി വ്യത്യാസമില്ലാതെ മത്സരിക്കാനും സമൂഹത്തിൽ ഇടപെടാനും എല്ലാ വിഭാഗം ആളുകൾക്കും കഴിയണം.
സമൂഹത്തിൽനിന്നും കുടുംബത്തിൽനിന്നും കിട്ടുന്ന സ്നേഹപൂർവമായ പിന്തുണയാണ് എന്റെ ശക്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group