
കൊച്ചി: "അൽഹംദുലില്ലാ..." (ദൈവത്തിനു സ്‌തുതി) മമ്മൂട്ടി തലയിൽ കിരീടം ചൂടിക്കുമ്പോൾ മറിയം ജാഫറിൻ്റെ വാക്കുകൾ വൈകാരികമായിരുന്നു. മറിയത്തിനൊപ്പം രണ്ടും മൂന്നും സമ്മാനങ്ങൾ നേടിയ ആൻസി സാബുവും ഹബീബ സുബൈറും വൈകാരികമായി തന്നെയാണ് മലയാളത്തിൻ്റെ മഹാ നടനിൽനിന്ന് സമ്മാനം ഏറ്റുവാങ്ങിയത്. ജേതാക്കൾ ബിരിയാണിക്ക് സ്തുതിപറഞ്ഞ് വിശേഷങ്ങൾ പറഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന കാണികളും അതേ വികാരത്തിൻ്റെ തനിയാവർത്തനങ്ങളായിരുന്നു.
ഇവിടെ വരാനും ഇത്രയും വലിയൊരു വേദിയിൽ മത്സരിക്കാനും തനിക്ക് ആരോഗ്യം തന്ന ദൈവത്തിന് സ്‌തുതിപറഞ്ഞ മറിയം സമ്മാനദാന ചടങ്ങിൽ കുടുംബത്തെ വേദിയിലേക്ക് വിളിച്ച് മമ്മൂട്ടിക്കൊപ്പം ഫോട്ടോയെടുത്താണ് ബിരിയാണി ക്വീൻ പട്ടം ആഘോഷിച്ചത്. കണ്ണൂർ തളിപ്പറമ്പ് കുപ്പം സ്വദേശിയായ മറിയം അവിടെ ഹോം ഫുഡ് ബിസിനസ് നടത്തുകയാണ്. ഭർത്താവ് ജാഫർ കോൺട്രാക്ടറാണ്. ജില്ലയിൽ രണ്ടാം സ്ഥാനം നേടിയിരുന്ന മറിയം ഗ്രാൻഡ് ഫിനാലെയിൽ എല്ലാവരെയും അദ്‌ഭുതപ്പെടുത്തി ഒന്നാം സമ്മാനത്തിന്റെ സന്തോഷത്തിലെത്തുകയായിരുന്നു. ബിരിയാണി വിളമ്പുന്ന നല്ലൊരു ഹോട്ടൽ സ്ഥാപനത്തിന്റെ ഉടമയാകണമെന്നാണ് മറിയത്തിൻ്റെ ആഗ്രഹം.
രണ്ടാം സ്ഥാനക്കാരി കൊല്ലത്തുനിന്നുള്ള ആൻസി സാബു സമ്മാനം ഏറ്റുവാങ്ങുമ്പോൾ മമ്മൂട്ടിയോട് ഒരാളെ വേദിയിലേക്ക് വിളിപ്പിച്ചോട്ടേയെന്ന് അനുവാദം ചോദിച്ചു. ബധിരനും മൂകനുമായ സഹോദരൻ അസീമിന്റെ കാര്യം പറഞ്ഞപ്പോൾ മമ്മൂട്ടി സ്നേഹത്തോടെ അദ്ദേഹത്തെ ക്ഷണിച്ചു. ചിത്രകാരനായ അസീം താൻ വരച്ച മമ്മൂട്ടിയുടെ ചിത്രം മമ്മൂട്ടിക്കു തന്നെ സമ്മാനിച്ച് അദ്ദേഹത്തിന് അരികിൽ മിഴി നിറഞ്ഞ് നിന്നപ്പോൾ സദസ്സും ആ വൈകാരിക നിമിഷത്തിന് സാക്ഷിയായി കൈയടിച്ചു. കുഞ്ഞുന്നാൾ മുതൽ മമ്മൂട്ടിയുടെ ആരാധകനായ അസീം കൊല്ലത്തുനിന്ന് കൊച്ചിയിലേക്ക് വരുന്നതിന് തൊട്ടുമുൻപാണ് ഇഷ്‌ടനടൻ്റെ ചിത്രം വരച്ചത്. ആ ചിത്രത്തിൽ കൈയൊപ്പിട്ട മമ്മൂട്ടി സ്നേഹസമ്മാനം പോലെ അത് തിരികെ നൽകിയതും അസിം നിറഞ്ഞ സന്തോഷത്തോടെയാണ് ഏറ്റുവാങ്ങിയത്. കൊല്ലം പുനലൂർ സ്വദേശിയായ ആൻസി സാബുവും ഹോം ഫുഡ് ബിസിനസ് നടത്തുകയാണ്. ഭർത്താവ് സാബുദീൻ ഗൾഫിൽ കഫേ നടത്തുന്നു.
മൂന്നാം സ്ഥാനത്തെത്തിയ ഹബീബ സുബൈർ കോഴിക്കോട് തിരുവമ്പാടി സ്വദേശിയാണ്. ഭർത്താവ് സുബൈർ ദുബായിയിൽ ജോലി ചെയ്യുന്നു. പാചക മത്സരത്തിൽ ആദ്യമായിട്ടാണ് പങ്കെടുക്കുന്നതെങ്കിലും ഇവിടെ ഏതെങ്കിലും സമ്മാനം കിട്ടുമെന്ന് തന്നെയായിരുന്നു ഹബീബയുടെ പ്രതീക്ഷ.
കോഴിക്കോടൻ ദം ബിരിയാണിയാണ് ഹബീബ ഗ്രാൻഡ് ഫിനാലെയിൽ ഒരുക്കിയത്. ഹോം ഫുഡ് ബിസിനസിലേക്ക് തിരിയണമെന്ന് ആഗ്രഹിക്കുന്ന ഹബീബ അവിടെയും ബിരിയാണിയിൽ തന്നെയാണ് സിഗ്നേച്ചർ ഡിഷായി പ്രതീക്ഷിക്കുന്നത്. നേരത്തേ മമ്മൂട്ടിയുടെ വരവിനു മുൻപ് സംഗീതത്തിൻ്റെ മധുരവുമായാണ് ബിരിയാണി ക്വീൻ ഗ്രാൻഡ് ഫിനാലെ വേദി നിറഞ്ഞത്.
ഗായകൻ അഫ്‌സലും ഗായിക അഖില ആനന്ദും മനോഹരമായ പാട്ടുകളുമായെത്തിയപ്പോൾ ബിരിയാണി കഴിച്ചിരുന്ന സദസ്സിന് നല്ലൊരു സുലൈമാനി കിട്ടിയ ഫീലായി. ആർ.ജെ. മിഥുൻ അവതാരകനായെത്തിയ വേദിയിൽ ഗ്രാൻഡ് ഫിനാലെയിലെ വിധികർത്താക്കളായ ഷെഫ് പിള്ളയ്ക്കും ആബിദ റഷീദിനും ആനിക്കും പുറമേ ജില്ലാ തല മത്സരങ്ങളിലെ വിധികർത്താക്കളെയും ചടങ്ങിൽ ആദരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group