ബോവിക്കാനം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അമ്മയുടെ ശിക്ഷണത്തിൽ അരങ്ങിലെത്തിയ രണ്ടുമക്കൾക്കും എ ഗ്രേഡ്. മല്ലം ക്ഷേത്രത്തിന് സമീപത്തെ സരിതയുടെ ശിക്ഷണത്തിൽ ഹയർസെക്കൻഡറി വിഭാഗം മിമിക്രിയിൽ മാറ്റുരച്ച പി.കെ.വർഷയ്ക്കും ഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ പങ്കെടുത്ത പി.കെ.ശിവാനിക്കുമാണ് എ ഗ്രേഡ് ലഭിച്ചത്. വർഷ ബോവിക്കാനം ബി.എ.ആർ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയും സഹോദരി ശിവാനി ഇരിയണ്ണി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എട്ടാം തരത്തിലുമാണ് പഠിക്കുന്നത്.
വർഷ പത്താംതരത്തിൽ പഠിക്കുമ്പോഴും സംസ്ഥാനതലത്തിൽ മിമിക്രിയിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയിട്ടുണ്ട്. ശിവാനി ആദ്യമായാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ മിമിക്രിയിൽ അഞ്ചുവർഷം തുടർച്ചയായി സരിതയ്ക്കാണ് ഒന്നാം സ്ഥാനം. മുളിയാർ അട്ടപ്പറമ്പ് മധുവാഹിനി കുടുംബശ്രീ അംഗമായ സരിത പ്രധാനമായും നടിമാരുടെ ശബ്ദം അനുകരിച്ചാണ് കാണികളുടെ കൈയടി നേടിയതെങ്കിൽ, മക്കൾ പക്ഷിമൃഗാദികളെയും വാദ്യോപകരണങ്ങളെയും അനുകരിച്ചാണ് ശ്രദ്ധ നേടിയത്.
കുടുംബശ്രീ കലോത്സവത്തിൽ കാവ്യ മാധവൻ, ഭാവന, മീരാ ജാസ്മിൻ, കല്പന, അടൂർ ഭവാനി, നവ്യ നായർ തുടങ്ങിയവരെയാണ് പ്രധാനമായും അനുകരിക്കുന്നത്. നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്ത് സരിത ശ്രദ്ധനേടിയിട്ടുണ്ട്. ഇരിയ സ്വദേശിനിയായ സരിത സ്കൂൾ വിദ്യാർഥിനിയായിരിക്കെ, ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത് മികവ് പുലർത്തിയിട്ടുണ്ട്. മോണോ ആക്ട്, മാപ്പിളപ്പാട്ട് തുടങ്ങിയവയായിരുന്നു ഇനങ്ങൾ. മല്ലം അങ്കണവാടി വിദ്യാർഥിനിയായ ഇളയമകൾ നയോമികയും മിമിക്രി അവതരിപ്പിക്കും.
ബോവിക്കാനത്ത് ഓട്ടോ ഡ്രൈവറായിരുന്ന ഭർത്താവ് ശിവരാമൻ ജൂലായ് 12-ന് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത് കുടുംബത്തിന് വലിയ ആഘാതമായി. അച്ഛന്റെ വേർപാടിൽ തളർന്ന കുട്ടികൾക്ക് ഇക്കുറി കലോത്സവത്തിൽ പങ്കെടുക്കാൻ താത്‌പര്യമുണ്ടായിരുന്നില്ല. 'നിങ്ങളുടെ വിജയം ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുക അച്ഛന്റെ ആത്മാവിനെയായിരിക്കു'മെന്ന സരിതയുടെ വാക്കുകൾക്ക് മുന്നിൽ മക്കൾ തീരുമാനം മാറ്റുകയായിരുന്നു. പെരിയയിലെ കേരള കേന്ദ്രസർവകലാശാലയിൽ താത്‌കാലിക ജീവനക്കാരിയാണ് സരിത.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group