അമ്പലവയൽ : അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി-2025 ഏഴുദിവസം പിന്നിടുമ്പോൾ മേള സന്ദർശിച്ചത് എഴുപതിനായിരത്തോളംപേർ. വൈകുന്നേരങ്ങളിലും അവധിദിനങ്ങളിലുമാണ് സന്ദർശകർ ഏറെയെത്തുന്നത്. വൈകുന്നേരങ്ങളിൽ കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികൾക്ക് നല്ല ജനപങ്കാളിത്തമുണ്ട്.
അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിലെ 13 ഏക്കറിൽ ഒരുക്കിയിരിക്കുന്ന പൂപ്പൊലിനഗരിയിൽ പൂക്കളുടെ കാഴ്ചകൾതന്നെയാണ് ഇത്തവണയും ആകർഷണം. കുട്ടികളുടെ പാർക്ക്, അമ്യൂസ്‌മെന്റ് പാർക്ക്, വാണിജ്യസ്റ്റാളുകൾ തുടങ്ങിയവയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. വയനാടിനു പുറത്തുനിന്ന് ധാരാളം സന്ദർശകർ കഴിഞ്ഞദിവസങ്ങളിൽ പൂപ്പൊലി കാണാനെത്തി.
ഞായറാഴ്ചമാത്രം 30,000 പേർ വന്നു. ഒട്ടേറെ സ്കൂൾവിദ്യാർഥികളും മേളകാണാനെത്തി. വൈകീട്ട് പൂപ്പൊലി നഗരിയിൽ നടക്കുന്ന കലാപരിപാടികൾ ആസ്വദിക്കാനും സന്ദർശകരുടെ തിരക്കാണ്. കലാപരിപാടികൾ വരുംദിവസങ്ങളിലും അരങ്ങേറും. ജനുവരി 15-ന് പൂപ്പൊലി കൊടിയിറങ്ങും.
‘ഹൈറേഞ്ചിലെ മൃഗസംരക്ഷണം’ ശില്പശാല
അമ്പലവയൽ : ‘ഹൈറേഞ്ച് മേഖലയിലെ മൃഗസംരക്ഷണം’ എന്ന വിഷയത്തിൽ ശില്പശാല നടത്തി. മൃഗസംരക്ഷണമേഖലയിലെ വിദഗ്ധരും വിവിധ ജില്ലകളിലെ ക്ഷീരകർഷകരും പങ്കെടുത്തു.
കാലികൾക്കായുള്ള ഉചിത തീറ്റക്രമം, അകിടുവീക്കം-കാരണങ്ങളും നിയന്ത്രണവും, മൃഗസംരക്ഷണമേഖലയിലെ മൂല്യവർധനയ്ക്കുള്ള സാധ്യതകൾ എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.
വയനാട് കൃഷിവിജ്ഞാനകേന്ദ്രം മുൻ മേധാവി ഡോ. രാധമ്മപിള്ള അധ്യക്ഷതവഹിച്ചു. കാർഷികസർവകലാശാല മൃഗസംരക്ഷണവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ. ഗിഗിൻ മോഡറേറ്ററായിരുന്നു.
ഡോ. ബിജു ചാക്കോ, ഡോ. വി. ജയേഷ്, ഡോ. ഇബ്രാഹിംകുട്ടി, ഡോ. ജാനസ്, ഡോ. രേണുക നായർ, ഡോ. അർച്ചന ചന്ദ്രൻ, ഡോ. പ്രജിഷ തുടങ്ങിയവർ വിഷയമവതരിപ്പിച്ചു.
പ്രാദേശികഗവേഷണകേന്ദ്രം മേധാവി ഡോ. സി.കെ. യാമിനിവർമ, ഡോ. ശ്രീരാം വിഷ്ണു എന്നിവർ സംസാരിച്ചു.
ഗന്ധകശാല ഔട്ട്‌ലറ്റ് തുറന്നു
അമ്പലവയൽ : പൂപ്പൊലിനഗരിയിൽ സുഗന്ധനെല്ല് ഉത്‌പാദകസമിതിയും വയനാട് പാഡി പ്രൊഡ്യൂസർ കമ്പനിയും കൃഷിവകുപ്പും പ്രാദേശിക കാർഷികഗവേഷണകേന്ദ്രവും ചേർന്നുനടത്തുന്ന ഗന്ധകശാല ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം ഡോ. സി.കെ. യാമിനിവർമ ഉദ്ഘാടനംചെയ്തു. വിവിധയിനം അരി ഉത്പന്നങ്ങൾ, മുത്താറി, തിന, കാട്ടുതേൻ തുടങ്ങിയ കാർഷികോത്പന്നങ്ങൾ സ്റ്റാളിലുണ്ട്. പാഡി പ്രൊഡ്യൂസർ കമ്പനി ചെയർമാൻ പി.കെ. അച്യുതൻ, എ.എസ്. വിജയ, അനിൽ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group