വടകര : അറേബ്യൻ ഗൾഫ്കപ്പ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായതിന്റെ ആഹ്ലാദം ബഹ്‌റൈനിൽ നുരയുമ്പോൾ ഇങ്ങിവിടെ വടകര ചെമ്മരത്തൂരിലും ആവേശത്തിരയിളക്കം. ബഹ്‌റൈൻ ദേശീയ ഫുട്‌ബോൾ ടീമിന്റെ ഔദ്യോഗിക കിറ്റ് മാനേജർ ചെമ്മരത്തൂർ സ്വദേശി നെല്ലിക്കൂടത്തിൽ ഗിരിജനാണ്. ബഹ്‌റൈൻ ഫുട്‌ബോൾ ടീമംഗങ്ങളുമായി ഏറ്റവും അടുത്തബന്ധം പുലർത്തുന്നയാൾ. നാട്ടിൽ ഗിരിജനാണെങ്കിലും ടീമിനും അറബികൾക്കും ഇദ്ദേഹം ഗിരീഷാണ്.
1998 മുതൽ ബഹ്‌റൈൻ ഫുട്‌ബോൾ അസോസിയേഷനിൽ ജോലിചെയ്യുന്ന ഗിരിജൻ പത്തുവർഷത്തോളമായി മാനേജർ പദവിയിലാണ്. കളിക്കാർക്ക് വേണ്ട കിറ്റ്, പരിശീലന ഉപകരണങ്ങൾ എന്നിവയെല്ലാം എത്തിക്കുന്നത് ഗിരിജന്റെ നേതൃത്വത്തിലാണ്. രണ്ടാംതവണയാണ് ബഹ്‌റൈൻ ഗൾഫ് കപ്പ് ജേതാക്കളാകുന്നത്. 2019-ലായിരുന്നു ആദ്യ കിരീടനേട്ടം. രണ്ടുതവണയും ടീമിനൊപ്പം ഗിരിജനുണ്ട്.
ഇത്തവണ കുവൈത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കുവൈത്തിനെ ലീഗ് റൗണ്ടിലും സെമി ഫൈനലിലും തോൽപ്പിച്ചാണ് ബഹ്‌റൈൻ ഫൈനലിലെത്തിയത്. ഫൈനലിൽ ഒമാനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തകർത്തു. സൗദി അറേബ്യ, ഇറാഖ് എന്നീ ടീമുകളെയും തോൽപ്പിച്ചു. മികച്ച പ്രകടനമാണ് ഇത്തവണ ടീം പുറത്തെടുത്തതെന്നും അടുത്ത ലക്ഷ്യം ലോകകപ്പിന് യോഗ്യത നേടുകയാണെന്നും ഗിരിജൻ ‘മാതൃഭൂമി’യോട് പറഞ്ഞു. കപ്പ് നേടിയ ശേഷം ഞായറാഴ്ച ബഹ്‌റൈനിലെത്തിയ ടീമിന് രാജാവിന്റെ നേൃത്വത്തിൽ വൻ സ്വീകരണം നൽകിയിരുന്നു.
അടുത്ത ലോകകപ്പ് യോഗ്യതാമത്സരം ജപ്പാനിലാണ്. പിന്നെ ഇൻഡൊനീഷ്യയിലേക്ക് പോകും. ടീം എവിടെപ്പോകുമ്പോഴും ഗിരിജനും ഒപ്പമുണ്ടാകും. ടീമിലെ പ്രധാനതാരം മുഹമ്മദ് മർഹൂൻ ഉൾപ്പെടെയുള്ളവരുമായി അടുത്ത ബന്ധമുണ്ട് ഗിരിജന്. ഗിരിജനെ കൂടാതെ മറ്റു രണ്ടുമലയാളികൾ കൂടിയുണ്ട് ബഹ്‌റൈൻ ടീമിന്റെ ഭാഗമായിട്ട്. മസാജർ നാദാപുരം സ്വദേശി രാജനും കിറ്റ് വിഭാഗത്തിലുള്ള കണ്ണൂർ സ്വദേശി ബാബുവും.
ഒരു ബന്ധുവഴിയാണ് ഗിരിജൻ ബഹ്‌റൈൻ ഫുട്‌ബോൾ അസോസിയേഷനിലെത്തുന്നത്. നാട്ടിൽ വോളിബോൾ കമ്പക്കാരനായിരുന്ന ഗിരിജൻ അങ്ങനെ ഫുട്‌ബോളിനെ സ്നേഹിച്ചു. നേട്ടങ്ങളിലേക്ക് ടീം പന്തുതട്ടുമ്പോൾ ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം. ഭാര്യ സീനയും മക്കളായ അഭിമന്യുവും അഭിനന്ദും ഗിരിജനൊപ്പം ബഹ്‌റൈനിലുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group