ഫറോക്ക് :വിരൽത്തുമ്പിലൂടെ ലോകമറിഞ്ഞ ഇവർ ഇന്ന് ഈ വിദ്യാലയത്തെ അറിയുകയും നയിക്കുകയുമാണ്. കോഴിക്കോട് ചെറുവണ്ണൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ പ്രധാനാധ്യാപകനായ എം. ഉമ്മർ, സ്റ്റാഫ് സെക്രട്ടറിയായ ജി. മണികണ്ഠൻ, സംസ്ഥാനസർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാരജേതാവ് ഷദ ഷാനവാസ് എന്നിവർ തളരാത്ത മനസ്സുണ്ടെങ്കിൽ എല്ലാ പ്രതിബന്ധങ്ങളെയും തോൽപ്പിച്ച് മുന്നേറാമെന്ന പാഠം സമൂഹത്തിന് നൽകുന്നു.
കൊണ്ടോട്ടി ഒഴുകൂർ സ്വദേശിയായ എം. ഉമ്മറിന് നാലാംവയസ്സിലാണ് കാഴ്ച നഷ്ടമായത്. നാലാംക്ലാസ് വരെ ഒഴുകൂർ എ.എം.എൽ.പി.യിൽ പഠനം തുടർന്നു. പിന്നീടാണ് വീട്ടുകാർ കൊളത്തറ കാലിക്കറ്റ് ഓർഫനേജിനു കീഴിലുള്ള സ്പെഷ്യൽ സ്കൂളിനെപ്പറ്റി അറിയുന്നത്. അഞ്ചാംക്ലാസ് മുതൽ ബ്രെയിലി ലിപി പഠനം തുടങ്ങി. അക്കാലത്ത് ആ ലിപിയിൽ പാഠപുസ്തകങ്ങൾ ഉണ്ടായിരുന്നില്ല. പാഠപുസ്തകം ബ്രെയിലി ലിപിയിലേക്ക് മാറ്റിയശേഷം വേണം പഠിക്കാൻ. മുക്കം ഗവ. ഹൈസ്കൂൾ, ഗവ. ഹയർസെക്കൻഡറി പൂന്നൂര്, ഫറോക്ക് ഗവ. ഗണപത് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ സോഷ്യൽ സ്റ്റഡീസ് അധ്യാപകനായിരുന്ന എം. ഉമ്മർ രണ്ടുവർഷംമുൻപാണ് ആയിരത്തിയഞ്ഞൂറ് കുട്ടികൾ പഠിക്കുന്ന ചെറുവണ്ണൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ പ്രധാനാധ്യാപകനായെത്തിയത്.
സ്കൂളിലെ സ്റ്റാഫ് സെക്രട്ടറിയായ ഇംഗ്ലീഷ് അധ്യാപകൻ കക്കോടി തണ്ണീർപ്പന്തൽ സ്വദേശി ജി. മണികണ്ഠന് ആറാംവയസ്സിലാണ് കാഴ്ചയില്ലാതായത്. ഒന്നാംക്ലാസ് മുതൽ കൊളത്തറ സ്പെഷ്യൽ സ്കൂളിലായിരുന്നു പഠനം. ഇവിടെവെച്ച് ബ്രെയിലി ലിപി പരിചയപ്പെട്ടു. എം.ടി.യുടെ മഞ്ഞും കാലവും കുട്ട്യേടത്തിയുമെല്ലാം ബ്രെയിലിയിലൂടെ സ്പർശിച്ചറിഞ്ഞു. പന്ത്രണ്ടുവർഷമായി ഈ വിദ്യാലയത്തിൽ ജോലിചെയ്യുന്ന മണികണ്ഠൻ എല്ലാവർക്കും പ്രിയപ്പെട്ട മാഷാണ്. കൊയിലാണ്ടി അരിക്കുളം കളരിക്കണ്ടി മീത്തൽ ഷാനവാസിന്റെയും ശോണിമയുടെയും മകളാണ് ഷദ ഷാനവാസ്. ഉജ്ജ്വലബാല്യം പുരസ്കാരജേതാവായ ഷദ ഈ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. ഓർമ്മവെച്ച നാൾമുതൽതന്നെ ഷദയ്ക്ക് കാഴ്ചയില്ല. ബ്രെയിലി ലിപി പഠിച്ചെടുത്തതോടെ പല കവിതകളും വിരൽത്തുമ്പിലൂടെ അറിഞ്ഞുതുടങ്ങി. കഴിഞ്ഞവർഷത്തെ സംസ്ഥാനതല സ്കൂൾ യുവജനോത്സവത്തിൽ പദ്യംചൊല്ലൽ മത്സരത്തിൽ എ ഗ്രേഡ് നേടി. 2023-ൽ കോഴിക്കോട്ടുനടന്ന ‘സംഗീതമേ ജീവിതം’ എന്ന പരിപാടിയിൽ കെ.എസ്. ചിത്രയ്ക്കൊപ്പം പാടി ശ്രദ്ധനേടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group