ആലപ്പുഴ : ഈവർഷം ശരീരം ഫിറ്റാക്കിയിട്ടുതന്നെ കാര്യമെന്നു പുതുവർഷ പ്രതിജ്ഞയെടുത്തു ജിമ്മിൽ പോകാൻ വരട്ടെ. വെറുതേ പോയി സ്വന്തമിഷ്ടപ്രകാരം ഓരോന്നു ചെയ്താൽ വിളിച്ചുവരുത്തുന്നത് ഗുരുതര അപകടമായിരിക്കുമെന്നു പറയുന്നത് ഡോക്ടർമാർതന്നെയാണ്. ആദ്യംതന്നെ കഠിനമായി വർക്കൗട്ട് ചെയ്ത് പെട്ടെന്നു ലക്ഷ്യത്തിലെത്താനാണ് ഏവരുടെയും ലക്ഷ്യം.
യു ട്യൂബ് വീഡിയോകളും ബോഡി ബിൽഡർമാരുടെ രീതികളും അനുകരിക്കാനാകും ശ്രമം. തങ്ങളെ അനുസരിക്കുന്നവർ വളരെ കുറവാണെന്നു പരിശീലകർ തന്നെ പറയുന്നു.
ശരീരഘടനയ്ക്കനുസരിച്ച് വർക്കൗട്ട്
ഓരോരുത്തരുടെയും ശേഷിയനുസരിച്ചുവേണം വർക്കൗട്ട് ചെയ്യിക്കാനെന്നു പരിശീലകർ പറയുന്നു. ഒരാളെ രണ്ടുമൂന്നുദിവസം പരിശീലിപ്പിച്ചാലേ അതു മനസ്സിലാക്കാനാകൂ. ശരീരഘടനയ്ക്കനുസരിച്ച് വർക്കൗട്ട് ക്രമീകരിക്കുന്നതിൽ പരിശീലകരുടെ അനുഭവസമ്പത്തും പ്രധാനമാണ്.
പ്രായമായവരാണെങ്കിൽ തുടക്കത്തിൽ ലളിതമായ വർക്കൗട്ടുകൾ ചെയ്യിപ്പിക്കും. ജിമ്മിലെ വർക്കൗട്ടിനു പകരം ഓട്ടവും നടത്തവും അല്പം വ്യായാമവുമൊക്കെ ചെയ്യുന്നവരുണ്ട്. എന്നാൽ, ഇവർ ഭാരമുയർത്തൽ പരിശീലനം(വെയ്റ്റ് ട്രെയിനിങ്)കൂടി ചെയ്യാൻ ശ്രമിക്കണം. ഓടുമ്പോൾ എല്ലാ മസിലുകളും ഉപയോഗിക്കുന്നില്ല.
ആരോഗ്യപ്രശ്നമുണ്ടെങ്കിൽ പറയണം
ജിമ്മിൽ ചേരുംമുൻപ് ഡോക്ടറുടെ ഉപദേശം തേടണമെന്നു നിർബന്ധമില്ല. എന്നാൽ, ആരോഗ്യപ്രശ്നങ്ങളുള്ളവരാണെങ്കിൽ ഡോക്ടറുമായി സംസാരിക്കുന്നതു നല്ലതാണ്. വർക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ സംഭവമുണ്ടാകാറുണ്ട്. ഹൃദയസംബന്ധമായ അസുഖമുള്ളവർ കഠിനമായ വർക്കൗട്ടുകൾ ഒഴിവാക്കണം.
കോവിഡിനുശേഷം ഹൃദയ, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവർ ഒട്ടേറെയാണ്. അങ്ങനെയുള്ളവർ ഡോക്ടറെ കണ്ടശേഷമേ വ്യായാമങ്ങൾ ചെയ്യാവൂ. 30-60 പ്രായത്തിനിടയിലുള്ളവരാണ് കൂടുതലും ജിമ്മിലെത്തുന്നവർ. എന്നാൽ, കൗമാരത്തിൽത്തന്നെ വർക്കൗട്ട് ചെയ്തുതുടങ്ങുന്നതാണു നല്ലത്.
ഭക്ഷണവും വിശ്രമവും പ്രധാനം
വർക്കൗട്ടിനൊപ്പം കൃത്യമായ ഭക്ഷണക്രമീകരണവും വിശ്രമവും ആവശ്യമാണ്. ഇപ്പോഴത്തെ ഭക്ഷണരീതിയാണ് പ്രധാന വെല്ലുവിളി. രാത്രിയിൽ കൂടുതൽ ഭക്ഷണമെന്നതാണ് ഇപ്പോഴത്തെ ശീലം. ശരീരത്തിന് ഇത്രയും ഭക്ഷണത്തിന്റെ ആവശ്യമില്ല. എന്തും കഴിക്കാം. പക്ഷേ, പരിധി വേണം. ഫുഡ് സപ്ലിമെന്റുകൾ അനാവശ്യമായി കഴിക്കരുത്. ഇക്കാര്യത്തിൽ വിദഗ്ധോപദേശം തേടാം.
ചുരുങ്ങിയത് ആറുമുതൽ എട്ടുമണിക്കൂർ വരെ ഉറങ്ങണം. തുടർച്ചയായി വർക്കൗട്ട് ചെയ്യുന്നയാൾ ഇടയ്ക്ക് കുറച്ചുദിവസം ചെയ്തില്ലെങ്കിൽ പ്രശ്നമാണെന്നത് തെറ്റിദ്ധാരണയാണ്. ഡയറ്റും വിശ്രമവും ശ്രദ്ധിച്ചാൽ മതി.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. ബി. പദ്മകുമാർ, പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളേജ്, കൊല്ലം.
ഡോ. കെ.എസ്. അനീഷ്, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ്, പി.എച്ച്.സി. മണ്ണഞ്ചേരി.
ശിവപ്രസാദ് (ജിം ട്രെയിനർ)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group