പട്ടാമ്പി: എം.ടി.യുടെ പട്ടാമ്പിക്കാലത്തിന് നിളയുടെ നിലാച്ചന്തമുണ്ട്, ആ നാടിെന്റ നിഷ്കളങ്കതയുടെ നിറവുമുണ്ട്. പട്ടാമ്പിയിലെ കാലംമുഴുവൻ നിളയായിരുന്നു എഴുത്തുകാരന്റെ ഉണർത്തുപാട്ട്. 1954-ൽ നാഷണൽ ഹൈസ്കൂളിൽ അധ്യാപകനായിട്ടാണ് എം.ടി. പട്ടാമ്പിയിൽ വരുന്നത്. വിക്ടോറിയകോളേജിൽ നിന്ന് ബി.എസ്‌സി. പാസായ ഉടനെയാണിത്. പട്ടാമ്പി ഊട്ടുപുരയ്‌ക്കടുത്തുള്ള ലോഡ്‌ജിലായിരുന്നു താമസം. കൺമുന്നിൽ പുഴ നിറഞ്ഞൊഴുകി.
പട്ടാമ്പി റെയിൽവേസ്റ്റേഷനടുത്തുള്ള അന്നപൂർണ ഹോട്ടലിലും ഭരതയ്യരുടെ ഹോട്ടലിലുമായിരുന്നു ഭക്ഷണം. രണ്ടുനേരവും കാശുകൊടുത്ത് ഭക്ഷണംകഴിക്കാൻ കഴിയാത്തതിനാൽ തന്റെ സഹപ്രവർത്തകർ ഉച്ചഭക്ഷണം രാവിലെയാക്കിയതിനെക്കുറിച്ചും പൈസയില്ലാഞ്ഞതിനാൽ അവർ ഒരു വെള്ളപ്പംമാത്രം കഴിക്കുമ്പോൾ താനും ഒന്നുമാത്രം കഴിച്ചതിനെക്കുറിച്ചും എം.ടി. പറഞ്ഞത് ഡോ. സി. രാജേന്ദ്രൻ ഓർക്കുന്നു.
പട്ടാമ്പി ഹൈസ്കുളിലെ അനുഭവമാണ് ഹൃദയസ്പർശിയായി മാറിയ ‘ഒരധ്യാപകൻ ജനിച്ചു’ എന്ന കഥ. എം.ടി.യുടെ പ്രശസ്തമായ ‘വാനപ്രസ്ഥ’മെന്ന കഥയും പട്ടാമ്പി ഹൈസ്കൂൾ പശ്ചാത്തലമായി രചിച്ചതാണ്. അതാണ് പിന്നീട് തീർഥാടനം സിനിമയായത്. പട്ടാമ്പി ഹൈസ്കൂൾ വാർഷികമെന്ന ബാനർ, നായിക വിനോദിനി പാടുമ്പോൾ പിന്നിൽ സിനിമയിൽ കാണാം.
ഇ.പി. ഗോപാലന്റെ തട്ടകത്തിൽ വരുന്നെന്ന ബോധമാണ് തനിക്കുണ്ടായതെന്ന് എം.ടി.തന്നെ അക്കാലത്തെക്കുറിച്ച് പറഞ്ഞിരുന്നു. എം.ടി.യെത്തിയതോടെ പട്ടാമ്പി ഹൈസ്കൂളിലെ സാഹിത്യസമാജം അക്ഷര പൂങ്കാവനമായി.
സാഹിത്യസമാജത്തിൽ സംസാരിക്കാൻ ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടിനായരെ പെരുമുടിയൂരിലെ അദ്ദേഹത്തിെന്റ വീട്ടിലെത്തി എം.ടി.തന്നെയാണ് ക്ഷണിച്ചുകൊണ്ടുപോയത്. അധ്യാപനകാലം കഴിഞ്ഞ് പിന്നീട് എം.ടി. പട്ടാമ്പി ഹൈസ്കൂളിലെത്തുന്നത്, നിരൂപകനായിരുന്ന ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടിനായരുടെ ഷഷ്ട്യബ്‌ദപൂർത്തി ആഘോഷത്തിൽ പങ്കെടുക്കാനാണ്. അന്ന് യുവപ്രതിഭയായ എം.ടി.യുടെ ശബ്ദം ഏറെ ശ്രദ്ധിക്കപ്പെട്ടു.
1965-ൽ സംസ്കൃതകോളേജ് പട്ടാമ്പി ഊട്ടുപുരയിൽ പ്രവർത്തിക്കുമ്പോൾ ലിറ്റററി അസോസിയേഷൻ ഉദ്ഘാടനംചെയ്യാനും എം.ടി. വാസുദേവൻനായർ എത്തി.
മദ്രാസിൽ സിനിമാ തിരക്കഥയെഴുതുന്ന തിരക്കിനിടയിൽ ചെറുകാട് മാഷിെന്റ രണ്ടുകത്തിലൂടെയായിരുന്നു ക്ഷണം. അന്ന് കവി വിഷ്ണുനാരായണൻ നമ്പൂതിരി പട്ടാമ്പി കോളേജിൽ ഇംഗ്ലീഷ് അധ്യാപകനാണ്. കമ്യൂണിസ്റ്റ് ആചാര്യനായിരുന്ന ഇ.പി. ഗോപാലന്റെ ശതാഭിഷേകാഘോഷത്തിന് പ്രസംഗിക്കാൻ 1996 ഓഗസ്റ്റ് 27-നും എം.ടി. പട്ടാമ്പിയിലെത്തി.
ബാല്യകാലത്ത് തനിക്ക് ആരാധനയുണ്ടായിരുന്ന രണ്ടുപേർ വി.ടി. ഭട്ടതിരിപ്പാടും ഇ.പി. യുമാണെന്ന് എം.ടി. പറഞ്ഞുവെച്ചു. 2005-ൽ എം.ടി.യുടെ കുമരനല്ലൂരിലെ കുളങ്ങളെന്ന പാരിസ്ഥിതി പ്രാധാന്യമുള്ള ആത്മകഥ എം.എ. റഹ്മാൻ ഡോക്യുഫിക്ഷനാക്കുമ്പോൾ അഭിനയിക്കാനും എം.ടി. പട്ടാമ്പിയിലെത്തി. നിളയുടെ പഞ്ചാരമണലിലൂടെ എം.ടി. നടക്കുമ്പോൾ കണ്ടത് അതിഥിത്തൊഴിലാളികൾ പട്ടാമ്പി പാലത്തിനടിയിലൂടെ മണൽച്ചാക്കുകൾ കൊണ്ടുപോകുന്നുതാണ്.
മൺവെട്ടികൊണ്ട് മണലിനെയും എം.ടി.യുടെ നിഴലിനെയും വെട്ടുന്നതും ഡോക്യുഫിക്ഷനിലുണ്ടെന്ന് റഹ്മാനും ഫോട്ടോഗ്രാഫർ ജയനും പറയുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group