തൃത്താല: കുമരനല്ലൂരിനെ വിശ്വപ്രസിദ്ധമാക്കിയ രണ്ടാമത്തെ പ്രതിഭയും മടങ്ങി. അക്കിത്തം 2020-ൽ വിടപറഞ്ഞു. ഇപ്പോഴിതാ എം.ടി. വാസുദേവൻനായരും. ഒരേസ്കൂളിൽനിന്ന് രണ്ട് ജ്ഞാനപീഠ ജേതാക്കൾ എന്നത് അപൂർവമാണ്. അത് കുമരനല്ലൂർ ഹൈസ്കൂളിൽനിന്നാണ്. പഠനകാലംമുതൽ എം.ടി.ക്കുള്ള സൗഹൃദമായിരുന്നു അക്കിത്തം. കൂടല്ലൂരിൽനിന്ന് കിലോമീറ്ററുകൾ കാൽനടയായി കുമരനല്ലൂർ സ്കൂളിലെത്തി പഠിച്ചിരുന്ന എം.ടി. ഇടക്കാലത്ത് സ്കൂളിനടുത്ത് അമേറ്റിക്കരയിൽ വാര്യത്തുവളപ്പിൽ താമസിച്ചുപഠിച്ചിരുന്നു. ഇക്കാലത്ത് സൗഹൃദം ദൃഢമായി.
അക്കിത്തം മനയിലെ ലൈബ്രറിയിൽനിന്ന് അക്കാലത്ത് വായിച്ച പുസ്തകങ്ങളെക്കുറിച്ച് പിന്നീട് പലകുറി എം.ടി. വാചാലനായിട്ടുണ്ട്. ‘രക്തംപുരണ്ട മൺതരികൾ’ എന്ന രചനയുടെ പ്രചോദനവും കുമരനല്ലൂരും അമേറ്റിക്കരയുമായിരുന്നെന്നും പറഞ്ഞു.
നാട്ടിലെത്തുമ്പോഴെല്ലാം അക്കിത്തത്തെ കാണാൻ അമേറ്റിക്കരയിലെ ‘ദേവായനം’ വീട്ടിൽ ഓടിയെത്തുമായിരുന്നു അദ്ദേഹം. ‘കൂടുതൽ കേട്ടിരിക്കലാണു പതിവ്. ഇടയ്ക്കിടെ വാചാലമായ ഒരു മൂളൽമാത്രം ഉയരും.’ അച്ഛനുമായുള്ള സംഭാഷണത്തിന് എന്നും സാക്ഷിയായിരുന്ന അക്കിത്തത്തിന്റെ മകൻ നാരായണൻ ഓർത്തെടുത്തു. ‘അച്ഛന്റെ അറുപതാം പിറന്നാൾ ഗുരുവായൂരിൽ ആഘോഷിച്ചപ്പോൾ സംഘാടകർ എം.ടി.യെ ക്ഷണിക്കാൻ വിട്ടുപോയി. പിറന്നാൾ കഴിഞ്ഞശേഷം ഇക്കാര്യത്തിൽ സ്നേഹപൂർവമുള്ള പരിഭവം പറഞ്ഞ് വീട്ടിലേക്കു കത്തയച്ചു. എന്നാൽ, എഴുപതാം പിറന്നാൾ കോഴിക്കോട്ട് ആസ്വാദകരുടെ നേതൃത്വത്തിൽ ആഘോഷിച്ചപ്പോൾ സ്വാഗതസംഘം ചെയർമാനായി എം.ടി. നിറഞ്ഞുനിന്നു. അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു അദ്ദേഹത്തിന് അച്ഛനോടുള്ള ബന്ധം’.
പിൽക്കാലത്ത് ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ അക്കിത്തത്തിന്റെ ‘ബലിദർശനം’ എന്ന കവിത ഓണക്കാലത്ത് ആദ്യമായി ആകാശവാണിയിലൂടെ പ്രക്ഷേപണംചെയ്തപ്പോൾ അതുകേട്ട് അക്കിത്തത്തിന് അയച്ച കത്തിലെ വരികൾ ഇങ്ങനെ-‘‘ഞാൻ ഊട്ടിക്കു പോകുന്നു. കാറിന്റെ പിൻസീറ്റിലിരുന്ന് ബലിദർശനം കേൾക്കുന്നു. ഈ കവിത എക്കാലത്തും നിലനിൽക്കുന്ന ഒന്നായി മാറും.’’
അക്കിത്തം ഭാഗവതം തർജമ പൂർത്തിയാക്കിയപ്പോൾ അത് പ്രസിദ്ധീകരിക്കുന്നത് ‘മാതൃഭൂമി’ ആയിരിക്കുമെന്ന് അർഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞതും എം.ടി. തന്നെ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group