വടക്കാഞ്ചേരി: 1995-ൽ പ്രശസ്തർ ഓർമകൾ പങ്കുവെക്കുന്ന പുസ്തകത്തിൽ എം.ടി. വാസുദേവൻ നായർ ഓർത്തത് ബാലകൃഷ്ണനെഴുത്തച്ഛൻ എന്ന കർഷകനായ വായനക്കാരനെയായിരുന്നു. പണ്ട്, ആശുപത്രിയിൽ കഴിയവേ പരിചരിക്കാനെത്തിയ ആരാധകനെക്കുറിച്ച് എം.ടി. എഴുതി- ‘‘തനി നാടൻ മനുഷ്യൻ. ആവശ്യങ്ങളില്ല, ഉപദേശങ്ങളില്ല. ആസ്വാദകനെന്നും ആരാധകനെന്നും സ്വയം വിശേഷിപ്പിച്ചെത്തുന്നവരുടെ സാമാന്യ സ്വഭാവങ്ങളൊന്നുമില്ല. ആവശ്യത്തിനുവേണ്ട കൃഷിയുണ്ട്. മക്കൾ ഡോക്ടർമാരും പ്രൊഫസറും. വായനയാണിഷ്ടം.’’ കടലാസിൽ വിവരം വായിച്ച്, കൂട്ടുനിൽക്കാൻ അവശ്യംവേണ്ട വസ്ത്രങ്ങൾ സഞ്ചിയിലാക്കി ആശുപത്രിയിലേക്കു വന്നു. പുസ്തകം വല്ലതും കൊടുക്കാമെന്നു കരുതി. വാങ്ങാത്തത് ഒന്നുമില്ലെന്നായിരുന്നു സൗമ്യ മറുപടി. എഴുതിക്കൂട്ടിയ കുറേ വാക്കുകൾക്കുവേണ്ടി മാത്രം സ്നേഹിക്കുന്ന ഒരാൾ.’’
ഈ സ്നേഹം, ഈ വികാരം അജ്ഞാതമായിരുന്നു, അദ്‌ഭുതവുമായിരുന്നെന്ന് എം.ടി. ഓർമയിൽ പങ്കുവെക്കുന്നു. മച്ചാട് മങ്ങാട്ടുവളപ്പിൽ ബാലകൃഷ്ണൻ എഴുത്തച്ഛന് എം.ടി.യോട് ആരാധന തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ ഏറെയായി. ശതാഭിഷിക്തനായ ബാലകൃഷ്ണൻ എഴുത്തച്ഛൻ മികച്ച കർഷകനാണ്. അസുരവിത്തിലെ ഗോവിന്ദൻകുട്ടിയെന്ന എം.ടി.യുടെ കഥാപാത്രമാണ് ഈ ആരാധനയ്ക്ക് നിമിത്തമായതെന്ന് തുറന്നുപറയുന്നു ബാലകൃഷ്ണൻ. തന്നെ മനസ്സിൽക്കണ്ടാണ് ഗോവിന്ദൻകുട്ടിയെ സൃഷ്ടിച്ചതെന്ന് ബാലകൃഷ്ണൻ വിശ്വസിക്കുന്നു.
എം.ടി.യുടെ എല്ലാ പുസ്തകങ്ങളും വിലകൊടുത്ത് ഈ കർഷകൻ സ്വന്തമാക്കി. ആരാധനാമൂർത്തിയെ നേരിൽക്കാണാൻ കോഴിക്കോട്ടേക്ക് വണ്ടി കയറിയത് 1965-ലാണ്. എം.ടി.യുടെ കൃതികളെല്ലാം വായിക്കുക മാത്രമല്ല, അതെല്ലാം എഴുത്തച്ഛനു മനഃപാഠവുമാണ്.
മച്ചാട് വിദ്വാൻ ഇളയത് വായനശാലയിലെ ബെഞ്ചിലിരുന്ന് എം.ടി.യുടെ രചനകൾ കാണാതെ പറയുന്ന എഴുത്തച്ഛൻ എല്ലാവർക്കും വിസ്മയമാണ്. ഓർമ എന്ന തന്റെ പുസ്തകത്തിൽ വേറിട്ട ഈ ആരാധകനെക്കുറിച്ച് എം.ടി. എഴുതിയതോടെ എഴുത്തച്ഛൻ ശ്രദ്ധേയനായി.
വടക്കാഞ്ചേരി ശ്രീ കേരളവർമ പബ്ലിക് ലൈബ്രറിയിൽ എം.ടി. എത്തിയപ്പോഴെല്ലാം എഴുത്തച്ഛൻ വന്ന് കണ്ടു. ബുധനാഴ്ച രാത്രി പ്രിയ എഴുത്തുകാരന്റെ വേർപാടറിഞ്ഞ നിമിഷം മുതൽ അദ്ദേഹം ടി.വി.ക്കു മുന്നിലാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group