പാലക്കാട് : ലോകത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്കുള്ള പറക്കലിനിടയിൽ ചെങ്കാലൻപുള്ള് (അമൂർ ഫാൽക്കൺ) നെന്മാറയിലുമെത്തി. ദീർഘദൂരം ദേശാടനം നടത്തുന്ന പക്ഷികളിൽ പ്രമുഖരാണ് ‘ഫാൽകോ അമ്യുറെൻസിസ്’ എന്ന് ശാസ്ത്രീയനാമമുള്ള അമൂർ ഫാൽക്കണുകൾ. ദേശാടനത്തിനായി വർഷംമുഴുവൻ 22,000 കിലോമീറ്റർവരെ ഇവ സഞ്ചരിക്കാറുണ്ടെന്നാണ് നിരീക്ഷണം.
തെക്കുകിഴക്കൻ സൈബീരിയയിലും വടക്കൻ ചൈനയിലുമാണ് ഇവ പ്രജനനം നടത്തുന്നത്. ശൈത്യകാലം ചെലവഴിക്കാൻ തെക്കേ ആഫ്രിക്കയിലേക്ക് പറക്കും. ഒക്ടോബറിലും നവംബറിലുമായി നടത്തുന്ന ദേശാടത്തിനിടെ മൂന്നാഴ്ചയോളം ഇവ നാഗാലാൻഡിലുമെത്തും. നാഗാലാൻഡിൽനിന്ന് പറക്കുന്നതിനിടെയാണ്, കേരളത്തിലുമെത്തിയത്.
പക്ഷിനിരീക്ഷണത്തിനായി നെല്ലിയാമ്പതിയിലേക്കു പുറപ്പെട്ട സംഘത്തിലെ തൃശ്ശൂർ സ്വദേശി മനോജ് കരിങ്ങാമഠത്തിലാണ് ഇത്തവണ ചെങ്കാലൻപുള്ളിനെ ക്യാമറയിലാക്കിയത്. ഡിസംബർ 19-ന് നെന്മാറ എൻ.എസ്.എസ്. കോളേജിനുസമീപത്തുവെച്ചായിരുന്നു ഇത്.
2016-ൽ ഇവയെ മലമ്പുഴ അണക്കെട്ടിന്റെ പരിസരത്തു കണ്ടെത്തിയിരുന്നു.
ആൺപക്ഷികൾക്ക് ഇരുണ്ട ചാരനിറവും തവിട്ടുനിറവുമാണ്. കണ്ണുകൾ ചുവപ്പുകലർന്ന ഓറഞ്ചുനിറമാണ്. പെൺപക്ഷികൾക്കു കുറച്ചുകൂടി ഇളംനിറമാണ്. കൂട്ടമായി പറന്നുതുടങ്ങുന്ന സംഘം പിന്നീട് ചെറുസംഘങ്ങളായി തിരിഞ്ഞാണ്, അറബിക്കടലിനുമീതേക്കൂടി ആഫ്രിക്കയിലേക്കു പറക്കുകയെന്ന് പക്ഷിനിരീക്ഷകർ പറയുന്നു.
14 വർഷത്തോളമായി പക്ഷിനിരീക്ഷണരംഗത്തുള്ള മനോജ് കരിങ്ങാമഠത്തിൽ ഇതിനുമുൻപും വിവിധ ജില്ലകളിൽനിന്ന് ചെങ്കാലൻപുള്ളിനെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. രാഹുൽ ശങ്കർ, കെ.എസ്. സുബിൻ, ഇർവിൻ സെബാസ്റ്റ്യൻ എന്നിവരായിരുന്നു സംഘത്തിലെ മറ്റംഗങ്ങൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group