പാലക്കാട് : കുഞ്ഞൻ പ്ലാസ്റ്റിക് നക്ഷത്രങ്ങൾ, കൂറ്റൻ ക്രിസ്‌മസ് ട്രീകൾ, വിവിധ വർണങ്ങളിലും ഡിസൈനിലുമുള്ള സ്റ്റിക്കറുകൾ, ക്രിസ്‌മസ് ട്രീ അലങ്കരിക്കാനുള്ള ബോളുകളും സ്റ്റാറുകളും......ക്രിസ്‌മസ് ആഘോഷത്തിന് മോടികൂട്ടാൻ വിപണിയൊരുങ്ങി.ക്രിസ്‌മസ് തൊപ്പികളും ക്രിസ്‌മസ് അപ്പൂപ്പന്മാർക്കുള്ള ഉടുപ്പുമെല്ലാം കടകൾക്ക് മുന്നിൽ ഇടം പിടിച്ചുകഴിഞ്ഞു.
അലങ്കാരവിളക്കുകളാണ് താരം
ക്രിസ്‌മസിന് പുൽക്കൂടൊരുക്കാനുള്ള അലങ്കാരവിളക്കുകളിലാണ് ഇത്തവണത്തെ പരീക്ഷണങ്ങൾ... കുഞ്ഞു ബൾബുകൾ മാത്രമുള്ള അലങ്കാരദീപത്തിന് പകരം ഇത്തവണ മാനും കുഞ്ഞുനക്ഷത്രങ്ങളും വിവിധ വർണങ്ങളിലുള്ള എൽ.ഇ.ഡി. ബൾബുകളുമടങ്ങുന്ന അലങ്കാരദീപങ്ങൾ വിപണിയിൽ സജീവമാണ്. 450 മുതൽ 650 രൂപ വരെയാണ് വില.
വിവിധ വർണങ്ങളിൽ ലൈറ്റുകളുള്ള ക്രിസ്‌മസ് ട്രീകളും വിപണിയിലുണ്ട്. അയ്യായിരം രൂപയാണ് വില. വിലക്കൂടുതലായതിനാൽ വ്യാപാരസ്ഥാപനങ്ങളിലേക്കാണ് ഇത്തരത്തിലുള്ള ക്രിസ്‌മസ് ട്രീകൾ കൂടുതലായി വാങ്ങാറുള്ളതെന്ന് കടയുടമകൾ പറയുന്നു.
നക്ഷത്രച്ചന്തമേറെ
എൽ.ഇ.ഡി. പതിപ്പിച്ച നക്ഷത്രങ്ങൾ, ഗിൽറ്റ് പേപ്പർ ഉപയോഗിച്ചുള്ള നക്ഷത്രങ്ങൾ, നിറംമങ്ങാത്ത ഫൈബർ നക്ഷത്രങ്ങൾ,
വാൽനക്ഷത്രങ്ങൾ തുടങ്ങി നക്ഷത്രങ്ങളുടെ നീണ്ടനിരതന്നെയുണ്ട്. പേപ്പർനക്ഷത്രങ്ങൾ മുതൽ നിയോൺ, എൽ.ഇ.ഡി. സ്റ്റാറുകളും വിപണിയിൽ സജീവമാണ്.
പുൽക്കൂടൊരുക്കാം...
പലവലുപ്പത്തിൽ റെഡിമെയ്ഡ് ക്രിസ്‌മസ് ട്രീയും പുൽക്കൂടും വിപണിയിൽ കിട്ടും. മുള, പ്ലാസ്റ്റിക്, ഫൈബർ എന്നിവ ഉപയോഗിച്ചുള്ള കൂടുകളുണ്ട്. പുൽക്കൂടിൽവെക്കാൻ ഉണ്ണിയേശുവും പല വലുപ്പത്തിൽ ലഭ്യമാണ്.40-80 രൂപ വിലയുള്ള കുഞ്ഞൻ ക്രിസ്‌മസ് പാപ്പകൾ മുതൽ ആയിരക്കണക്കിന് വിലയുള്ള ഭീമൻ ക്രിസ്‌മസ് പാപ്പകളും വിപണിയിൽ ഇടംപിടിച്ചിട്ടുണ്ട്. പുൽക്കൂട് അലങ്കരിക്കുന്നതിന് ഒപ്പംവെക്കാനും ക്രിസ്‌മസ് സമ്മാനത്തിനൊപ്പം നൽകാനുമായി കുഞ്ഞു ക്രിസ്‌മസ് അപ്പൂപ്പന്മാരെ വാങ്ങുന്നവരായിരുന്നു ഏറെയും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group