ഒറ്റപ്പാലം/ചെർപ്പുളശ്ശേരി : ‘വലിപ്പച്ചെറുപ്പമില്ലാതെ കലാകാരന്മാരെ അംഗീകരിക്കുന്ന ഉസ്താദ്' -തായമ്പക കലാകാരൻ പനമണ്ണ ശശി തബലവാദകൻ സാക്കിർ ഹുസൈൻ ഓർക്കുന്നത് അങ്ങനെയാണ്.
2010-ലെ മുംബൈയിലെ ‘കേളി’ ഫെസ്റ്റിവലിൽവെച്ചാണ് പനമണ്ണി ശശിക്ക് ആ അപൂർവഭാഗ്യമുണ്ടായത്. ‘കേളി’യിലെ വേദിയിൽ തായമ്പക അവതരിപ്പിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. അതിനിടെ സംഘാടകനായ കേളി രാമചന്ദ്രൻ വന്ന് ശശിയുടെ ചെവിയിൽ പറഞ്ഞു- ‘‘ഒരു അതിഥിയുണ്ട്. ഉസ്താദ് സാക്കിർ ഹുസൈൻ’’. പേടിയോടെയാണ് അതു കേട്ടത്. പൊടുന്നനെ സദസ്സിലെ മുൻനിരയിൽ സംഘാടകർ ഒരു തൂവെള്ളത്തുണി വിരിച്ചു. ആളുകൾക്കിടയിലൂടെ വന്ന സാക്കിർ ഹുസൈൻ ആ സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. അഭിമാനത്തോടെയാണു ശശി തായമ്പക കൊട്ടിത്തുടങ്ങിയത്. അത് ആസ്വദിച്ചുകൊണ്ട് മുഴുവൻസമയവും സാക്കിർ ഹുസൈൻ സദസ്സിലുണ്ടായിരുന്നു. കൊട്ടിക്കലാശിച്ച് നിമിഷങ്ങൾക്കകം അദ്ദേഹം വേദിയിലേക്കെത്തി. പനമണ്ണ ശശിയുടെ കാൽ തൊട്ടു വന്ദിച്ചു. ആ അന്ധാളിപ്പിൽനിന്ന് ഉണർന്നയുടനെ പനമണ്ണ ശശിയും തിരിച്ചു സാക്കിർ ഹുസൈന്റെ കാൽ തൊട്ടു വന്ദിച്ചു.
തായമ്പകയെ അദ്‌ഭുതത്തോടെ കണ്ട അദ്ദേഹം ചോദിച്ചു, ‘‘എങ്ങനെയാണ് ചെണ്ടയ്ക്ക് മുകളിൽ ഇത്ര ശക്തിയായി കൊട്ടാൻ കഴിയുന്നത്.’’ -ചിരിച്ചുകൊണ്ട്, കുട്ടിക്കാലംമുതൽ ആശാൻമാർ പഠിപ്പിച്ചുതന്നെ പാഠങ്ങളെക്കുറിച്ച് അദ്ദേഹത്തോടു വിവരിച്ചു. ആ സമാഗമം അവിടെ തീർന്നുവെന്നാണു ശശി അപ്പോൾ കരുതിയത്.
എന്നാൽ, അദ്‌ഭുതങ്ങൾ സംഭവിക്കാനിരിക്കുന്നേയുണ്ടായിരുന്നുള്ളൂ. ‘‘എന്റെ കൂടെ ഒരു ഫ്യൂഷൻ ചെയ്യാൻ താത്പര്യമുണ്ടോ’’യെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് കേട്ട പാതി കേൾക്കാത്ത പാതി ‘‘തീർച്ചയായും’’ എന്നു മറുപടി നൽകി. എന്നാൽ, അത് വെറും മോഹമാകുമെന്നു മനസ്സിനെ പഠിപ്പിച്ചു. പക്ഷേ, ആറുമാസത്തിനുശേഷം മുംബൈയിലെ എൻ.സി.പി.എ. എന്ന സംഘടനയിൽനിന്നൊരു വിളിയെത്തി. താങ്കൾക്കൊപ്പം സാക്കിർ ഹുസൈന് ഒരു ഫ്യൂഷൻ ചെയ്യാൻ താത്പര്യമുണ്ടെന്നറിയിച്ച്. സ്വപ്നമല്ലെന്നുറപ്പിച്ചു. ഒടുവിൽ അതു സംഭവിച്ചു. പുണെയിലെ ‘ആദി ആനന്ദ്’ ഫെസ്റ്റിവലിൽ ചെണ്ടയിൽ പനമണ്ണ ശശിയും തബലയിൽ സാക്കിർ ഹുസൈനുമായൊരു ഫ്യൂഷൻ. രണ്ടുമണിക്കൂർ നീണ്ട കലാസമന്വയത്തിനുശേഷം, നിശ്ശബ്ദമായ സദസ്സിൽനിന്നു നിറഞ്ഞ കൈയടി ഉയർന്നു.പിന്നെ ഒരിക്കൽ സാക്കിർ ഹുസൈൻ പെരുവനത്തു വന്നപ്പോൾ മാത്രമാണു കാണാനായത്. ഇടയ്ക്ക്, ശാസ്ത്രജ്ഞനായ ഡോ. അശ്വിൻ ശേഖറിനെ കണ്ടപ്പോൾ സാക്കിർ ഹുസൈൻ അന്വേഷിച്ചിരുന്നതായി പറഞ്ഞു. ഇപ്പോഴും ഓർത്തിരിക്കുകയെന്നതു ചെറിയ കാര്യമല്ല. കൃത്രിമത്വമില്ലാത്ത മനസ്സിന് ഉടമയായവർക്കുമാത്രമേ ഇത്തരത്തിൽ കലാകാരന്മാരെ മനസ്സിലാക്കാനാകൂ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group