ചെട്ടിക്കുളം : കോടശ്ശേരിമലയുടെ താഴ്‌വാരത്തും കുട്ടവഞ്ചി സവാരി ഒരുക്കി വനംവകുപ്പ്. വകുപ്പിനുകീഴിലുള്ള 'കോടശ്ശേരി നഗരവനം ഇക്കോ ഹെൽത്ത് പാർക്കി'ന്റെ വിപുലീകരണത്തിന്റെ ഭാഗമായാണ് സന്ദർശകർക്ക് കുട്ടവഞ്ചിസവാരിയും ഒരുങ്ങുന്നത്. ഇതിനുപുറമേ ഒരു വർഷം മുൻപ് ചെട്ടിക്കുളം നഴ്‌സറിയുടെ കീഴിൽ ആരംഭിച്ച പാർക്കിന്റെ നടത്തിപ്പുചുമതല കോടശ്ശേരി വനസംരക്ഷണസമിതി(വി.എസ്.എസ്.)ക്കാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലാസത്തിനും ആരോഗ്യസംരക്ഷണത്തിനും ഉപയോഗപ്പെടുത്താൻ കഴിയുന്ന വിധമാണ് പാർക്ക് രൂപകല്പന ചെയ്തിരിക്കുന്നത്.
കുട്ടവഞ്ചി കൂടാതെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മാതൃക, സെൽഫി പോയിന്റ്, ആകർഷകങ്ങളായ ഇരിപ്പിടങ്ങൾ, പാർക്ക് സൗന്ദര്യവത്‌കരണം തുടങ്ങി പത്തുലക്ഷം രൂപയുടെ നിർമാണജോലികളാണ് പുരോഗമിക്കുന്നത്.
ശലഭത്തിന്റെ മാതൃകയിൽ കവാടം, കുട്ടികൾക്കുള്ള പാർക്ക്, മുതിർന്നവർക്ക് ഓപ്പൺ ജിം, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ പക്ഷികളുടെയും മൃഗങ്ങളുടെയും ലൈറ്റ് ഡിസ്‌പ്ലേ ചിത്രങ്ങൾ, വനശ്രീ ഉത്പന്നങ്ങൾ, വന വൃക്ഷത്തെകളുടെ നഴ്‌സറി, വാട്ടർ ഫൗണ്ടൻ, ഏറുമാടം, പെടിക്കുറ ഇനത്തിൽപ്പെട്ട വർണമത്സ്യങ്ങൾ എന്നിവയും പാർക്കിലെ ആകർഷകങ്ങളാണ്.
രണ്ടരയേക്കർ വലുപ്പത്തിൽ ശലഭ പാർക്ക്, കുറ്റിമുല്ലത്തോട്ടം, ആഘോഷങ്ങൾക്കും വിരുന്നുസത്‌കാരത്തിനുമായി ഓപ്പൺ സ്റ്റേജ്, ഫുട്‌ബോൾഗ്രൗണ്ട് തുടങ്ങിയവ നിർമിക്കാനും നാഗപ്പാറയിലേക്ക് ട്രെക്കിങ് ആരംഭിക്കാനുമുള്ള നടപടികളും പുരോഗമിക്കുന്നു.
പഞ്ചായത്തംഗം ഷാജു മേക്കാട്ടുകുളം, റേഞ്ച് ഓഫീസർ മാത്യു, വി.എസ്.എസ്. പ്രസിഡന്റ് വിൽസൻ പറോട്ടി, സെക്രട്ടറി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ശനിയാഴ്ച വൈകീട്ട് നാലിന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജെയിംസ് കുട്ടവഞ്ചി ഉദ്ഘാടനംചെയ്യും. വി.എസ്.എസ്. പ്രസിഡന്റ് വിൽസൻ പറോട്ടി അധ്യക്ഷനാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group