മയ്യഴി : മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങൾ' എന്ന നോവലിന്റെ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘാടകർ വെള്ളിയാങ്കല്ലിലേക്ക് യാത്ര നടത്തി. കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന 'മയ്യഴി ആഖ്യാനവും വ്യാഖ്യാനവും' എന്ന പരിപാടിയുടെ സഹസംഘാടകരായ മാഹി സ്പോർട്സ് ക്ലബ് ലൈബ്രറി ആൻഡ് കലാസമിതിയാണ് ‘ജന്മങ്ങൾക്കിടയിലെ ആത്മാക്കളുടെ വിശ്രമസ്ഥലമായി’ എം.മുകുന്ദൻ വിശേഷിപ്പിച്ച വെള്ളിയാങ്കല്ലിലേക്ക് യാത്ര നടത്തിയത്.
സ്വാഗതസംഘം കൺവീനറും ക്ലബ് പ്രസിഡന്റുമായ അടിയേരി ജയരാജൻ, വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി, താജുദ്ദീൻ അഹമ്മദ് കറപ്പയിൽ, വിനയൻ പുത്തലം, ജ്യോതിഷ് പദ്മനാഭൻ, പി.എ.ഷബീർ, ഇ.പി.ഹരിദാസ്, യു.ടി.സതീശൻ, എസ്.വി.സന്ദീപ്, പി.പ്രേമൻ എന്നിവരായിരുന്നു യാത്രാസംഘം.
സംഘാടകർ യാത്രയ്ക്കായി കഥാകാരനെ ക്ഷണിച്ചപ്പോൾ -'ഞാൻ വരുന്നില്ല... മനസ്സിലുള്ള വെള്ളിയാങ്കല്ല് അങ്ങനെത്തന്നെ കിടക്കട്ടെ' - എന്നായിരുന്നു മറുപടി.
യാത്രികസംഘം വെള്ളിയാങ്കല്ലിലെത്തുമ്പോൾ കടൽ പ്രക്ഷുബ്ധമായിരുന്നു. വെള്ളിയാങ്കല്ലിൽ തലതല്ലിച്ചിതറുന്ന കൂറ്റൻ തിരമാലകൾ പിൻവാങ്ങുംവരെ ഏതാണ്ട് രണ്ടുമണിക്കൂർ ആഴക്കടലിലെ കാത്തിരിപ്പിനുശേഷം കൂറ്റൻപാറയിൽ വടം ബന്ധിച്ച് സാഹസികമായാണ് സംഘം വെള്ളിയാങ്കല്ലിൽ ഇറങ്ങിയത്. അദ്‌ഭുതമെന്ന് പറയട്ടെ അന്നേരം അവിടെ ഒരുപാട് തുമ്പികളുണ്ടായിരുന്നുവെന്ന് സംഘം സാക്ഷ്യപ്പെടുത്തുന്നു. അതിലൊരുപക്ഷേ ദാസനും ചന്ദ്രികയും ഉണ്ടാകാം... എന്നാണ് യാത്രികരുടെ വാക്കുകൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group