കാഞ്ഞങ്ങാട്: മാസത്തിൽ ഒരുതവണ സൗജന്യമായി രോഗികളെ പരിശോധിച്ചിരുന്ന, മെഡിക്കൽ ക്യാമ്പ് നടത്തി മരുന്ന് നൽകിയിരുന്ന ഡോ. ഇബ്രാഹിംകുഞ്ഞി കാസർകോടിന്റെ തെക്കൻ ഗ്രാമത്തിലുള്ളവർക്ക് സുപരിചിതനാണ്. പ്രായാധിക്യത്താൽ ഓരോ ഗ്രാമത്തിലുമെത്തി രോഗികളെ പരിശോധിക്കുന്നത് നിർത്തിയെങ്കിലും അന്ന് മാസത്തിലൊരിക്കലെത്തിയിരുന്ന ഡോക്ടറെക്കുറിച്ച് ആളുകൾ ഇപ്പോഴും പറയും. ഈ സേവനത്തിന് ഡോക്ടർ തയ്യാറായതെന്തുകൊണ്ടാണെന്ന് പക്ഷേ, ആർക്കുമറിയില്ല. ആരും ചോദിച്ചതുമില്ല. അത് ഇന്ദിരാഗാന്ധി പറഞ്ഞിട്ടാണെന്ന വിവരം പുറത്തുവന്നത് അടുത്തിടെയാണ്.
1978 ഏപ്രിൽ 22-ന് ഇന്ദിരാഗാന്ധി കോഴിക്കോട്ട് വന്നപ്പോഴാണ് ഇങ്ങനെയൊരു കാര്യം കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശിയായ ഇബ്രാഹിംകുഞ്ഞിയോട് പറയുന്നത്. അന്ന് കെ.പി.സി.സി. അംഗമായിരുന്നു അദ്ദേഹം. ചെറുവത്തൂർ മടക്കരയിൽ തുറമുഖം വേണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കെ. കേളൻ, കെ. ബാലകൃഷ്ണൻ, വി. കുഞ്ഞിരാമൻ, വി. നാരായണൻ തുടങ്ങിയവർ ഇന്ദിരാഗാന്ധിയെ കാണാൻ പോയിരുന്നു. ഇന്ദിരയോട് സംസാരിക്കാനാണ് ഇംഗ്ലീഷ് നന്നായി അറിയുന്ന ഇബ്രാഹിംകുഞ്ഞിയെ കൂടെക്കൂട്ടിയത്.
അക്കാലത്ത് അദ്ദേഹം ഡോക്ടറായി സേവനമനുഷ്ഠിച്ച് തുടങ്ങിയതേയുള്ളൂ. ഡോക്ടറാണെന്നറിഞ്ഞപ്പോൾ, മാസത്തിൽ ഒരുതവണയെങ്കിലും സൗജന്യസേവനം ചെയ്യണമെന്ന് ഇന്ദിരാഗാന്ധി പറഞ്ഞു. അപ്പോൾതന്നെ ഇബ്രാഹിംകുഞ്ഞി അതു സമ്മതിച്ചതും ഇന്ദിരാഗാന്ധി അഭിനന്ദിച്ചതും ഓർമയിലുണ്ടെന്ന് ഇന്ന് കോൺഗ്രസ് നീലേശ്വരം ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റായ കെ. കേളൻ പറഞ്ഞു.
തിരിച്ചെത്തിയ ഇബ്രാഹിംകുഞ്ഞി ഏതെങ്കിലുമൊരു പ്രദേശത്ത് മാസത്തിലൊരു തവണ സൗജന്യമായി രോഗികളെ പരിശോധിച്ചു. ആഴ്ചയിലൊരു ദിവസം വീട്ടിലെത്തുന്ന രോഗികളോട് ഫീസു വാങ്ങേണ്ടെന്ന തീരുമാനവുമെടുത്തു. ഏതാനും വർഷം മുൻപ് വരെ ഇതു രണ്ടും തുടർന്നു. വയസ്സ് 82 ആയി. ഇപ്പോഴും വീട്ടിൽ പരിശോധന നടത്തുന്നു. നാലോ അഞ്ചോ പേരെ ദിവസം നോക്കും. നാലഞ്ചുവർഷമായി ആരോടും ഫീസ് വാങ്ങിക്കാറില്ല. കാഞ്ഞങ്ങാട് നഗരസഭയുടെ മുൻ ചെയർപേഴ്‌സണൻ അന്തരിച്ച ഷെരീഫ ഇബ്രാഹിം ആണ് ഭാര്യ. മൂന്നു പെൺമക്കളുണ്ട്. മൂവരും ഡോക്ടർമാരാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group