കൊച്ചി: അഞ്ച് ബോയിങ് ജെറ്റുകൾ ചേരുന്നതിനെക്കാൾ നീളം, ഗിസയിലെ ഗ്രേറ്റ് പിരമിഡിനെക്കാൾ രണ്ടര ഇരട്ടി ഉയരം, മൂന്ന് ബാസ്കറ്റ്‌ബോൾ കോർട്ടുകൾ ചേരുന്നതിനെക്കാൾ വീതി... കൊച്ചിയുടെ തീരത്തെത്തിയ കരീബിയൻ ക്രൂയിസ് ഇന്റർനാഷണലിന്റെ ‘ആന്തം ഓഫ് ദി സീസ്’ എന്ന ആഡംബരക്കപ്പലിന്റെ വലുപ്പമാണിത്.
ദുബായിയിൽനിന്ന് മുംബൈ വഴിയാണ് ‘ആന്തം ഓഫ് ദി സീസ്’ വ്യാഴാഴ്ച കൊച്ചിയിലെത്തിയത്. 4905 പേർക്ക് താമസിച്ച് യാത്ര ചെയ്യാൻ സൗകര്യങ്ങളുള്ള ആഡംബരക്കപ്പലിൽ യൂറോപ്പിൽനിന്നും അമേരിക്കയിൽനിന്നും ആഫ്രിക്കയിൽ നിന്നുമെല്ലാമുള്ള യാത്രക്കാരുണ്ട്. രാവിലെ കൊച്ചിയിലെത്തിയ കപ്പലിൽനിന്നിറങ്ങിയ സഞ്ചാരികളിൽ പലരും ഒരു പകൽ കൊച്ചിയിൽ ചുറ്റിക്കറങ്ങി.
കടലിന്റെ ഗാനം എന്നർഥമുള്ള ‘ആന്തം ഓഫ് ദി സീസ്’ റോയൽ കരീബിയൻ ക്വാണ്ടം ക്ലാസിൽ പെടുന്ന ക്രൂയിസ് കപ്പലാണ്.
940 ദശലക്ഷം യു.എസ്. ഡോളർ ചെലവിട്ട് നിർമിച്ച കപ്പൽ 2015-ലാണ് ലോഞ്ച് ചെയ്തത്. 16 ഡക്കുകളുള്ള കപ്പലിന് 1141 അടി നീളവും 136 അടി വീതിയുമുണ്ട്. 22 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാനാകുന്ന കപ്പൽ 2015 ഏപ്രിലിലാണ് ആദ്യത്തെ യൂറോപ്യൻ സമ്മർ സീസൺ യാത്ര തുടങ്ങിയത്.
ലോകോത്തര ഭക്ഷണം വിളമ്പുന്ന 15 റസ്റ്ററൻറുകളും 12 ബാറുകളുമുള്ള കപ്പലിൽ നീന്തൽക്കുളവും കാസിനോയും തിയേറ്ററും ബ്യൂട്ടി പാർലറും ജിംനേഷ്യവും ഇൻഡോർ ഗെയിംസ് കോർട്ടുകളുമൊക്കെയായി വിനോദങ്ങളുടെയും വിസ്മയങ്ങളുടെയും ഒരുപാട് കേന്ദ്രങ്ങളുണ്ട്. കൊച്ചിയുടെ തീരത്ത് ഇറങ്ങാതെ കപ്പലിനുള്ളിൽ തന്നെ കഴിഞ്ഞ സഞ്ചാരികൾ ഇതൊക്കെ ആസ്വദിക്കുന്നുണ്ടായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം കൊച്ചിയിൽനിന്ന് സഞ്ചാരികളുമായി സിങ്കപ്പൂരിലേക്കാണ് ‘ആന്തം ഓഫ് ദി സീസ്’ യാത്ര തിരിച്ചത്. ഇനിയുള്ള മൂന്നുമാസം സിങ്കപ്പൂരായിരിക്കും കപ്പലിന്റെ ഹോം പോർട്ട്. അവിടെ നിന്ന് മലേഷ്യയിലേക്കും തായ്‌ലാൻഡിലേക്കുമൊക്കെ ചെറിയ യാത്രകൾ സംഘടിപ്പിക്കാനാണ് റോയൽ കരീബിയൻസ് ലക്ഷ്യമിടുന്നത്. മൂന്നുമാസം കഴിഞ്ഞ് സിങ്കപ്പൂരിൽ നിന്ന് അമേരിക്കയിലെ അലാസ്‌കയിലേക്ക് ‘ആന്തം ഓഫ് ദി സീസ്’ യാത്ര തിരിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group