കണ്ണൂർ : മൂന്നുദിവസത്തെ ‘അജ്ഞാതവാസ’ത്തിനുശേഷം ‘ആൽഫി’ തിരിച്ചെത്തി, കണ്ണോത്തുംചാൽ ‘സരോവര’ത്തിലെ സ്നേഹക്കൂട്ടിലേക്ക്. സരോവരത്തിലെ കുട്ടികളായ ആരവും ആരാധ്യയും ആൽഫിയെ സ്വീകരിച്ചത് കൈവിട്ടുപോയെന്നു കരുതിയ പ്രിയ ചങ്ങാതിയെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തോടെ.
ഞായറാഴ്ച കണ്ണോത്തുംചാലിലെ വീട്ടിൽനിന്ന് പറന്നുപോയ ആൽഫി എന്ന് വിളിപ്പേരുള്ള ‘ആഫ്രിക്കൻ ഗ്രേ പാരറ്റ്’ ഇനത്തിൽപ്പെട്ട പക്ഷിയെയാണ് ബുധനാഴ്ച പനങ്കാവിലെ വീടിന്റെ ടെറസിൽ കണ്ടെത്തിയത്. വീട്ടുകാരൻ ഉടമയെ ഫോണിൽ ബന്ധപ്പെട്ട് അവരുടെ വീട്ടിലെത്തിക്കുയായിരുന്നു. തൂവലുകൾക്ക് ചെറിയ പോറലുകളുണ്ടെന്നല്ലാതെ കാര്യമായ മറ്റ് പ്രശ്നങ്ങളാന്നും പക്ഷിക്കില്ല.
മൂന്ന് ദിവസമായി ഗൃഹനാഥനായ രമിലും ഭാര്യ സരിതയും മക്കളായ ആരവും ആരാധ്യയും അരുമപ്പക്ഷിക്കുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു. അപ്രതീക്ഷിതമായി കാക്ക അക്രമിക്കാനെത്തിയപ്പോഴാണ് പക്ഷി പറന്നുപോയത്.
ആറുമാസംമാത്രം പ്രായമുള്ളതിനാൽ അധികദൂരം പറക്കാനിടയില്ലെന്ന് അറിയാമായിരുന്നു. ആൽഫിക്കുവേണ്ടി ഇവർ തിരയാത്ത ഇടമില്ല. വീട്ടുപരിസരത്തും പോകാനിടയുള്ള സ്ഥലങ്ങളിലുമെല്ലാം അന്വേഷിച്ചു. ‘മാതൃഭൂമി’യിൽ പരസ്യവും നൽകി.
ക്ഷേത്രത്തിലുൾപ്പെടെ പക്ഷിയെ തിരിച്ചുകിട്ടാൻ വഴിവാട് നേർന്നിരുന്നതായി രമിൽ പറഞ്ഞു. ഒരു മാസം പ്രായമുള്ളപ്പോൾ തിരുവനന്തപുരത്തുനിന്ന് 55,000 രൂപ നൽകിയാണ് കുടുംബം ആൽഫിയെ വാങ്ങിയത്.
വീട്ടിലെ കുട്ടികളുമായി നല്ല സൗഹൃദത്തിലായിരുന്നു 50 വർഷത്തിലേറെ ആയുസ്സുള്ള പക്ഷിവർഗത്തിൽപ്പെട്ട ആൽഫി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group