കൊച്ചി: പ്രൊഫ. എം.കെ. സാനുവിനെ 'ബർത്ത്‌ഡേ ബോയ്' എന്നുവിളിച്ചശേഷം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു: 'നിഷ്‌കളങ്കത മാനദണ്ഡമെങ്കിൽ മാഷ് ഏറ്റവും ചെറിയ കുട്ടിയാണ്..' തൊണ്ണൂറ്റിയെട്ടാം ജന്മദിനത്തിൽ പേരക്കുട്ടിക്കൊപ്പം കേക്ക് നുണഞ്ഞും പൊന്നാടകളുടെ മാലകളണിഞ്ഞുമിരുന്ന സാനുമാഷ് അപ്പോൾ ദർബാർ ഹാൾ ഗ്രൗണ്ടിലെ പതിവ് വൈകുന്നേര നടത്തത്തിൽ പണ്ട് ജസ്റ്റിസ് കൃഷ്ണയ്യർക്കും ഡോ. സി.കെ. രാമചന്ദ്രനുമൊപ്പമുണ്ടായിരുന്ന ഒരാളെ വികാരവായ്പോടെ ഓർത്തിരിക്കണം-ദേവൻ രാമചന്ദ്രന്റെ പിതാവ് എം.പി.ആർ. നായരെ..
ജന്മദിനത്തിൽ ചാവറ കൾച്ചറൽ സെന്ററിൽ ഇങ്ങനെ നല്ല ഓർമകൾക്കും കൊച്ചിയുടെ സ്നേഹാശംസകൾക്കും നടുവിലിരിക്കുമ്പോഴും സാനുമാഷ് പതിവുപോലെ എല്ലാ വികാരങ്ങളെയും മുഖത്തൊളിപ്പിച്ചു.
രാവിലെതന്നെ ശ്രീനാരായണസേവാസംഘത്തിന്റെ പരിപാടിയിൽ പങ്കെടുത്തശേഷമാണ് മാഷ് ചാവറ കൾച്ചറൽ സെന്ററിലെ ജന്മദിനാഘോഷത്തിനെത്തിയത്. പേരക്കുട്ടി മാനവ് വിഷ്ണുവിനൊപ്പം മാഷ് കേക്ക് മുറിച്ചതോടെ ജന്മദിനമധുരത്തിന് തുടക്കം. ഒരു നൂറ്റാണ്ടിനും അനുഭവങ്ങളുടെ ആകാശത്തിനും അരികെ മാഷിന്റെ ഏറ്റവും പുതിയ പുസ്തകം ചടങ്ങിൽ പ്രകാശിതമായി- 'അന്തിമേഘങ്ങളിലെ വർണഭേദങ്ങൾ'. ജസ്റ്റിസ് ദേവൻ രാമചന്ദ്രനിൽനിന്ന് ഫാ. പോൾ തേലക്കാട്ട് ആദ്യകോപ്പി സ്വീകരിച്ചു. എം.കെ. സാനുവിനെക്കുറിച്ച് പ്രൊഫ. എം. തോമസ് മാത്യു എഴുതിയ ‘ഗുരുവേ നമ:’ എന്ന പുസ്തകവും ഇതൊടൊപ്പം പുറത്തിറങ്ങി.
ഫാ. മാർട്ടിൻ മള്ളാത്ത് അധ്യക്ഷനായി. ടി.ജെ. വിനോദ് എം.എൽ.എ., പ്രൊഫ. എം. തോമസ് മാത്യു, ഡോ. പി.വി. കൃഷ്ണൻനായർ, ഗോകുലം ഗോപാലൻ, വി.കെ. മിനിമോൾ, പദ്‌മജ എസ്. മേനോൻ, സതീഷ് ആലപ്പുഴ, പി. രാമചന്ദ്രൻ, സി.ജി. രാജഗോപാൽ, സി.ഐ.സി.സി. ജയചന്ദ്രൻ, ഡി.ബി. ബിനു, തനൂജ ഭട്ടതിരി, ഫാ. അനിൽ ഫിലിപ്പ് തുടങ്ങിയവർ ആശംസയർപ്പിച്ചു. മാഷിന്റെ മകൻ രഞ്ജിത്ത് സാനു നന്ദി പറഞ്ഞു.
സാനുമാഷ് മറുപടി ഏതാനും വാചകങ്ങളിലൊതുക്കി: 'ഇവിടെ നിൽക്കുമ്പോൾ ഞാൻ ചെറുതാണെന്നാണ് തോന്നൽ. ഇത്രയും മനുഷ്യരുടെ സ്നേഹവും ആശംസകളും ഏറ്റുവാങ്ങാൻ തക്ക വലുപ്പം എനിക്കില്ല. സമൂഹത്തിൽനിന്ന് എനിക്ക് ലഭിച്ചതിന്റെ ഒരംശം പോലും എനിക്ക് തിരികെ നൽകാനായിട്ടില്ല. എങ്കിലും ശേഷിയുള്ളിടത്തോളം കാലം ഞാൻ നിങ്ങൾക്കുനടുവിൽതന്നെ കാണും. പിന്നെ തൊണ്ണൂറ്റിയെട്ടുവയസ്സിന്റെ ചെറുപ്പത്തോടെ എം.കെ. സാനു പിറന്നാൾ സദ്യയുണ്ടു.
എം.കെ. സാനുവിന്റെ പേരിൽ സാഹിത്യോത്സവം-മേയർ
കൊച്ചി : അടുത്ത ഫെബ്രുവരിയിൽ കൊച്ചിയിൽ പ്രൊഫ. എം.കെ. സാനുവിന്റെ പേരിൽ സാഹിത്യോത്സവം സംഘടിപ്പിക്കുമെന്ന് മേയർ എം. അനിൽകുമാർ. ഇതിനായി സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.
സാഹിത്യോത്സവത്തിനൊപ്പം സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ നേതൃത്വത്തിലുള്ള ‘കൃതി പുസ്തകോത്സവം’ എന്ന നിർദേശമാണ് മുന്നോട്ടുവച്ചിട്ടുള്ളത്. സഹകരണമന്ത്രി വി.എൻ. വാസവനോടും സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ പ്രസിഡന്റ് പി.കെ. ഹരികുമാറിനോടും ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് മന്ത്രി സജി ചെറിയാന് അയച്ച കത്തിനുള്ള മറുപടിയിലാണ് പത്തുലക്ഷം അനുവദിച്ച വിവരം അറിയിച്ചത്. ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻപിള്ളയും പിന്തുണ നൽകുമെന്ന് പറഞ്ഞിട്ടുണ്ട്.
നഗരത്തിന്റെ ഏറ്റവും ശ്രേഷ്ഠനായ അധ്യാപകന്റെ തലപ്പൊക്കത്തിന് ചേർന്നവിധത്തിൽ സാഹിത്യോത്സവം സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group