തെയ്യമാകുമ്പോൾ പരകായപ്രവേശം; വേഷം അഴിച്ചുവെച്ചാൽ സാധാരണമനുഷ്യർ…

തെയ്യമാകുമ്പോൾ പരകായപ്രവേശം; വേഷം അഴിച്ചുവെച്ചാൽ സാധാരണമനുഷ്യർ…
തെയ്യമാകുമ്പോൾ പരകായപ്രവേശം; വേഷം അഴിച്ചുവെച്ചാൽ സാധാരണമനുഷ്യർ…
Share  
2024 Oct 27, 07:36 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

തീക്കൂനയിലേക്ക്‌ ചാടിയും നിലത്തുരുണ്ടും തെങ്ങിൽ കയറിയുമൊക്കെ പരകായപ്രവേശമാകുന്ന കോലധാരികളിൽ കരുതലും കരുണയുമുണ്ടാകണം. സർക്കാരിന്റെ കനിവുമുണ്ടാകണം. ഇവർക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഒരുക്കലാണ് അതിലേറ്റവും പ്രധാനം. ചികിത്സ സാധ്യമാകുന്നതരത്തിൽ പ്രത്യേക ഇൻഷുറൻസ് പദ്ധതിയാണ് കോലധാരികൾക്ക് വേണ്ടത്.


മൂന്നും നാലും മുതൽ പത്തും പതിനൊന്നും മണിക്കൂർവരെ കോലംകെട്ടി നിൽക്കുന്നത് മനുഷ്യരാണ്. തുടയിലും അരയിലും കഴുത്തിന് താഴെയും നെറ്റിത്തടത്തിലുമെല്ലാം വലിച്ചുകെട്ടുന്ന അണിയലങ്ങൾ. ഞരമ്പുകളും അസ്ഥികളും മുറുകിക്കിടക്കുന്ന മണിക്കൂറുകൾ. തിന്നാതെ കുടിക്കാതെ, മൂത്രമൊഴിക്കാതെ നില്പും നടപ്പുമായി എത്രയോ നേരം. 22 കോൽ നീളമുള്ള കമുകിൻപാളികൾ വച്ചുകെട്ടിയ വലിയ മുടിയുമായി പുറപ്പെടുന്ന തെയ്യക്കാരൻ ഇത്രയുംസമയം എങ്ങനെ ഈ ഭാരം താങ്ങുന്നുവെന്നു ചോദിക്കുമ്പോൾ, അവർ ദൈവത്തിന്റെ പ്രതിപുരുഷന്മാരല്ലേയെന്ന ലളിതമായ മറുപടി. മുടി അഴിച്ചശേഷം അവരുടെ അവസ്ഥയെന്തെന്നുള്ള ചോദ്യം മാത്രം ഇല്ല. മൂർത്തി വേദനയും അടികാൽ വേദനയുമായാണ് ഓരോ കോലധാരിയും വീട്ടിലെത്തുക.


ഉറക്കമില്ലായ്മയും ദേഹാസ്വാസ്ഥ്യവുമൊക്കെയായി ചികിത്സയുടെ ദിവസങ്ങളാണ് പിന്നീട്. യൗവനം ഉദിക്കുംമുൻപേ ചിലമ്പണിയുന്നവരാണ് മിക്കവരും. വാർധക്യം വന്നുചേരുംമുൻപേ സന്ധിവാതവും തളർവാതവും വിട്ടുമാറാത്ത പേശീവേദനയുമൊക്കെയായി വീട്ടകങ്ങളിലേക്കൊതുങ്ങേണ്ടിവരുന്ന ദുരവസ്ഥ. ചികിത്സയ്ക്കുപോലും പണമില്ലാതെ കഷ്ടപ്പെടുന്നു.


സ്ഥിതി ദയനീയമാണെന്ന് 60 വയസ്സ്‌ പിന്നിട്ട കാനത്തൂർ പയത്തെ രാജൻ പണിക്കർ പറയുന്നു. 19-ാം വയസ്സിൽ കോലധാരിയായതാണ്. എത്രയെത്ര നീറുന്ന അനുഭവങ്ങളുണ്ട്. അതൊന്നും ആരോടും പറഞ്ഞിട്ട് കാര്യമില്ലെന്ന പരിഭവവും ഇദ്ദേഹം പങ്കുവയ്ക്കുന്നു. തെയ്യം സീസൺ കഴിഞ്ഞാൽ മിഥുനവും കർക്കടകവും നല്ല വിശ്രമംവേണം. ഉഴിച്ചിലും പിഴിച്ചിലും നടത്തണം. ചിങ്ങവും കന്നിയും അണിയലങ്ങളുടെ നിർമിതിയിലും മറ്റുകാര്യങ്ങളിലും സക്രിയമാകണം.


തുലാം തുടങ്ങിയാൽ തെയ്യംകെട്ടുന്നതിന്‌ ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തണം. പഞ്ചോപചാര കർമങ്ങൾ വേണം. കൈയിൽ കിട്ടുന്നത്‌ ഒന്നിനും തികയാത്തതിനാൽ ചികിത്സയൊന്നും കാര്യമായിട്ടില്ല. പട്ടോലയിൽ എഴുതിവെച്ചതാണ് കോളി(പ്രതിഫലം)ന്റെ കണക്ക്. ആനുപാതിക വർധനയല്ലാതെ, അതിനൊരു പൊളിച്ചെഴുത്തുണ്ടാകുന്നില്ല. അതിനൊരു മാറ്റം വരുത്തണം. അപകട ഇൻഷുറൻസ് നടപ്പാക്കണം. തെയ്യമാകുമ്പോഴാണ് പരകായപ്രവേശം. അതുകഴിഞ്ഞാൽ സാധാരണ മനുഷ്യരാണിവർ. അവർക്ക്‌ താങ്ങാകേണ്ട ബാധ്യത ഓരോ വിശ്വാസിക്കുമുണ്ട്.


അരങ്ങിൽ വീണുപോയവരുണ്ട്, ജീവിതത്തിലും


തെയ്യംകെട്ടി തെങ്ങിൽക്കയറുന്നതിനിടെ വീണ്‌ പരിക്കേറ്റ അള്ളട ദേശത്തെ ഒരു കോലധാരിക്ക് വർഷങ്ങൾ കഴിഞ്ഞിട്ടും എഴുന്നേൽക്കാനായിട്ടില്ല. തീക്കൂനയിലേക്ക്‌ ചാടി പൊള്ളലേറ്റവരുമുണ്ട്. അരയ്ക്കുചുറ്റും തീപ്പന്തങ്ങൾ ജ്വലിക്കുന്നതിനിടെ അണിയലങ്ങളിലേക്ക്‌ പാളി അപകടം സംഭവിച്ചവരുണ്ട്. ഭക്തൻ സമർപ്പിച്ച കോഴിയെ വാങ്ങി സഹായിയുടെ കൈയിലേക്ക്‌ കൊടുക്കവെ, കോഴിപ്പേൻ ഉടയാടകൾക്കുള്ളിലേക്ക് തെറിച്ച് ചൊറിച്ചലനുഭവപ്പെട്ട് ആസ്പത്രിയിലായവരുമുണ്ട്. കളിയാട്ടക്കാവുകൾക്ക് അകലെ കാട്ടിനുള്ളിൽ ദൈവത്തറകളുണ്ടാകും. പകൽ അവിടെ തേങ്ങ കൊണ്ടുവയ്ക്കും. രാത്രിയിൽ തെയ്യം ഒറ്റയ്ക്ക് പോയി അതെടുത്തുടയ്ക്കണം. പുഴകടക്കുന്ന തെയ്യങ്ങളുണ്ട്. ഇങ്ങനെ അപകടങ്ങൾ പലവിധത്തിൽ പതിയിരിക്കുന്നു ഓരോ കോലധാരിക്കും മുന്നിൽ.


സഹായ പാക്കേജ് വേണം


കോലധാരികളെ സാമ്പത്തികമായും മറ്റും സഹായിക്കുന്ന പാക്കേജുകൾ ഉണ്ടാകണം. തെയ്യംകെട്ടുന്നവരുടെ പ്രയാസങ്ങളും പിന്നീട് അവരനുഭവിക്കുന്ന ദുഃഖങ്ങളും അറിയാനോ മനസ്സിലാക്കാനോ പ്രതിവിധിയേകാനോ സർക്കാർ മുന്നോട്ടുവരാത്തത് പ്രയാസമുണ്ടാക്കുന്നു. മാസത്തിൽ 1600 രൂപ സഹായധനം നൽകുന്നത് തന്നെ കുടിശ്ശികയാണ്. ഈ പെൻഷൻ കിട്ടുന്നതിനാൽ 60 കഴിഞ്ഞവർക്കെല്ലാം ലഭിക്കുന്ന ക്ഷേമ പെൻഷൻ ഇല്ല. അതിന് അപേക്ഷിക്കാൻ അയോഗ്യതയും. ഇത്‌ മുടക്കമില്ലാതെ കിട്ടാത്ത അവസ്ഥയും. ഒരു വിശ്വാസത്തെ മുറുകെപ്പിടിച്ച് ജീവിതം നയിക്കുന്നവരോട് ഇത്തിരിയെങ്കിലും കരുണ കാണിക്കണം


ലക്ഷ്മണൻ മുതുകുട,


ഉത്തര കേരള തെയ്യം അനുഷ്ഠാന സംരക്ഷണ സമിതി പ്രസിഡന്റ്.


samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25