റാന്നി: ഇരുന്നൂറോളം ആകാശപ്പറവകൾക്ക് ദിവസവും രണ്ടുനേരം അന്നം നൽകി ഹോട്ടലുടമ. ആര്യഭവൻ ഹോട്ടൽ ഉടമ എം.കെ. മുരുകനാണ് ദിവസവും രാവിലെയും ഉച്ചയ്ക്കും മിണ്ടാപ്രാണികൾക്ക് തീറ്റ നൽകിവരുന്നത്. റാന്നി, കോഴഞ്ചേരി എന്നിവിടങ്ങളിലെ ആര്യഭവൻ ഹോട്ടലുകൾക്ക് മുമ്പിലും വീട്ടുമുറ്റത്തുമാണ് ഇവയ്ക്കായി അരി വിതറുന്നത്.
പ്രാവുകളാണ് ഏറെയും. കാക്കകളും മറ്റ് പക്ഷികളും എത്താറുണ്ട്. ഇതുകൂടാതെ വീട്ടിൽ വളർത്തുപക്ഷികളുമുണ്ട്.
രാവിലെ 6.30-നും ഉച്ചയ്ക്ക് രണ്ടിനുമാണ് ഇവയ്ക്കായി അരി വിതറുന്നത്. കിളികൾ കൃത്യമായി ഈ സമയത്ത് ഇവിടെ എത്തുന്നു.
റാന്നി ചെത്തോങ്കരയലെ ഹോട്ടലിന് മുമ്പിലെ സ്റ്റെപ്പുകളിലാണ് അരി വിതറാറുള്ളത്. സമയമാകുമ്പോൾ ഇവയെല്ലാം വൈദ്യുതലൈനിൽ നിരനിരയായി സ്ഥാനം പിടിച്ചിരിക്കുന്നത് പതിവ് കാഴ്ചയാണ്.
രണ്ട് ഹോട്ടലുകളിലും അരി ഇട്ടുനൽകുന്നതിന് ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റാന്നിയിൽ സെക്യൂരിറ്റി തോണിക്കടവ് സ്വദേശി ജോയി, ജീവനക്കാരൻ ലക്ഷ്മൺ എന്നിവർക്കാണ് ചുമതല. പക്ഷികൾ വൈദ്യുതലൈനിൽ സ്ഥാനം പിടിക്കുന്നതോടെ ഇവർ അരി ഇട്ടുനൽകും.
പരിസരം വീക്ഷിച്ച ശേഷം ആദ്യം ഒന്നോ രണ്ടോ പ്രാവുകളാണ് ആദ്യം എത്തുന്നത്. പിന്നാലെ കൂട്ടത്തോടെ എല്ലാം പറന്നെത്തും.
കാക്കകൾ പ്രാവുകളുമായി അല്പം അകലം പാലിച്ചാണ് അരിമണികൾ കൊത്തിത്തിന്നുന്നത്. രാവിലെ നൂറിലധികം കിളികൾ ഇവിടെ എത്താറുണ്ടെന്ന് സെക്യൂരിറ്റി ജോയി പറഞ്ഞു. തീറ്റയ്ക്കുശേഷം ഇവ മടങ്ങുകയും ചെയ്യുന്നു.
കൂട്ടത്തോടെ പക്ഷികൾ അരിമണി കൊത്തിത്തിന്നുന്ന കാഴ്ച കൗതുകത്തോടെയാണ് ഇതുവഴി എത്തുന്നവർ കണ്ടുനിൽക്കുന്നത്. മിക്കവരും ഇതിന്റെ ചിത്രവും പകർത്തുന്നു. കോഴഞ്ചേരിയിലും 50-ലേറെ പക്ഷികളെത്തുന്നു.
ബാല്യംമുതൽ പക്ഷികളെ ഇഷ്ടമാണെന്ന് ആര്യഭവൻ ഹോട്ടലുടമ എം.കെ. മുരുകൻ പറഞ്ഞു. ലൗ ബേർഡ്‌സടക്കം നിരവധി പക്ഷികളെ വളർത്തിവരുന്നു. വീട്ടിലും പക്ഷികൾക്ക് പണ്ടുമുതൽ അരി ഇട്ടുനൽകാറുണ്ട്. അത് ഇപ്പോഴും തുടരുന്നു. കോഴഞ്ചരിയിൽ ഹോട്ടൽ തുടങ്ങിയനാൾമുതൽ 20 വർഷത്തോളമായി ഇത് തുടർന്നുവരുന്നു.
ഒന്നരവർഷം മുമ്പ് റാന്നിയിൽ ഹോട്ടൽ ആരംഭിച്ചപ്പോൾ ഈ പതിവ് ഇവിടെയും തുടരുകയാണെന്ന് മുരുകൻ പറഞ്ഞു. ഇതിൽ ഏറെ സന്തോഷവും സംതൃപ്തിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group