കോഴിക്കോട്: 1756-ൽ പ്രസിദ്ധീകരിച്ചതുമുതൽ അടുത്തിടെ വിപണിയിലെത്തിയതുവരെയുള്ള 72000-ത്തിലധികം പുസ്തകങ്ങൾ. സമ്പൂർണമായി ശീതീകരിച്ച നാലുനില കെട്ടിടം. ആകെ നാല്പതിനായിരത്തിലേറെ ചതുരശ്രയടി വിസ്തൃതി. പുസ്തകങ്ങൾ നിന്നും ഇരുന്നും കിടന്നുംവരെ വായിക്കാൻ സൗകര്യം. സംസാരിച്ചുകൊണ്ട് വായിക്കാൻ ഒരിടം, പതുക്കെ സംസാരിക്കുന്ന മറ്റൊരിടം, ഒട്ടുംശബ്ദിക്കാൻ പാടില്ലാത്ത വേറെ ഒരിടം... ഇങ്ങനെ നീളുന്നു അത്യാധുനികസംവിധാനങ്ങളോടെയുള്ള ‘ലൈബ്രറി മാളി’ന്റെ വിശേഷം.
കാഴ്ചയിൽ ഒരു മാളിന്റെയോ ഒരു വമ്പൻ ഐ.ടി. സ്ഥാപനത്തിന്റെയോ മുഖച്ഛായയുണ്ടെങ്കിലും ദേവഗിരി കോളേജിന്റെ 68 വർഷം പഴക്കമുള്ള ലൈബ്രറിയുടെ ഏറ്റവുംപുതിയ രൂപമാണിത്. 1978-ൽ കാംപസിൽ നിർമിച്ച ഇരുനില ലൈബ്രറിക്കെട്ടിടം കോടികൾ ചെലവിട്ട് നവീകരിച്ചാണ് അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തിയത്. വിവിധ ലോകരാജ്യങ്ങളിൽനിന്നുള്ള പ്രസിദ്ധീകരണങ്ങളും ഇ-മാസികകളും എത്തുന്ന ഇവിടെ കാഴ്ചപരിമിതി നേരിടുന്നവർക്കുപോലും ‘വായനാസൗകര്യം’ ഒരുക്കിയിട്ടുണ്ടെന്ന് ചീഫ് ലൈബ്രേറിയൻ എ.ജെ. ടോംസൺ പറഞ്ഞു.
‘കിബോ’ ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ സൗകര്യത്തോടെ പുസ്തകങ്ങളിലെ അക്ഷരക്കൂട്ടത്തെ ശബ്ദരേഖയായി കാതുകളിലേക്കെത്തിക്കും. ഇതിന് അസി. ലൈബ്രേറിയൻ കെ. ദൃശ്യയ്ക്കുപുറമേ വലിയൊരു സംഘം എൻ.എസ്.എസ്. വൊളന്റിയർമാരുടെ സേവനവും ലൈബ്രറി ഉറപ്പാക്കുന്നുണ്ട്. കോളേജിലെ കാഴ്ചപരിമിതിയുള്ള വിദ്യാർഥികൾക്കുപുറമേ, എവിടെനിന്നുള്ള ഇത്തരം വിദ്യാർഥികൾക്കും ഈ സേവനം ഉപയോഗിക്കാൻ കലാലയം അനുമതിനൽകുന്നുമുണ്ട്.
ലൈബ്രറിയിലേക്ക് കയറുന്നതും ഇറങ്ങുന്നതുമായ എല്ലാവരും ബയോമെട്രിക് കാർഡ് സ്വൈപ്പ് ചെയ്യണം. ഇതിലൂടെ എത്രപേർ കയറി, കയറിയവർ എപ്പോൾ തിരിച്ചിറങ്ങി എന്നറിയാനാകുന്നതിനുപുറമേ, അനുമതിയില്ലാതെ ആരും കയറില്ല എന്നും ഉറപ്പാക്കാനുമാകും. സൗകര്യം വർധിച്ചതോടെ, നാലായിരം വിദ്യാർഥികളിൽ 1300 പേർവരെ ലൈബ്രറിയിലെത്താനും മണിക്കൂറുകൾ വായനയിൽ ചെലവിടാനും തുടങ്ങിയതായി പ്രിൻസിപ്പൽ ഡോ. ബോബി ജോസ് പറഞ്ഞു.
വായനസുഖം വർധിപ്പിക്കുന്നതോടൊപ്പം, കെട്ടിടം പ്രകൃതിസൗഹൃദമാക്കാനും ഊർജസംരക്ഷണത്തിന് പ്രാധാന്യം നൽകുന്നതാകാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി ലൈബ്രറി പ്രോജക്ട് മേധാവി ഫാ. സുനിൽ എം. ആന്റണി വ്യക്തമാക്കി. ഗാന്ധി സ്ക്വയർ, ചാവറ സ്ക്വയർ, സ്ക്രിപ്ചർ സ്ക്വയർ എന്നിങ്ങനെ മൂന്ന് വിഷയാധിഷ്ഠിതകേന്ദ്രങ്ങളും ലൈബ്രറിയിലുണ്ട്. ഇതുൾപ്പെടെ പല മുഖ്യ ആശയങ്ങൾക്കും പിന്നിൽ ഫാദർ ഡോ. ജോൺ നീലംകാവിൽ എന്ന പ്രശസ്ത ലൈബ്രറി കൺസൽട്ടന്റാണെന്നും ആർക്കിടെക്ചർ എലാൻസാ ഡിസൈൻ സ്റ്റുഡിയോയുമായിരുന്നെന്നും ലൈബ്രറി കമ്മിറ്റി അംഗവും ബിസിനസ് മാനേജ്മെന്റ് വിഭാഗം മേധാവിയുമായ മനു ആന്റണി അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group