വിളപ്പിൽശാല: എയർഫോഴ്‌സ് അക്കാദമിയിൽ പ്രവേശനം നേടിയ ആദ്യ മലയാളിപ്പെൺകുട്ടിയായി വിളപ്പിൽശാലയുടെ അഭിമാനമായി മാറിയ ലക്ഷ്മിയുടെ കണ്ണീരോർമ്മകൾക്ക് പത്തുവർഷം. വിളപ്പിൽശാല കുന്നുംപുറം ലക്ഷ്മിനിവാസിൽ എയർഫോഴ്‌സ് സ്‌ക്വാഡ്രൺ ലീഡർ ലക്ഷ്മി എസ്.നായർ 2014 ഒക്ടോബർ 23-നാണ് വിടപറഞ്ഞത്.
പഠനകാലത്ത് നാടിന്റെ അഭിമാനമായിരുന്നു ലക്ഷ്മി. 2004-ൽ സൈനികസേവനം പെൺകുട്ടികൾക്ക് അപ്രാപ്യമല്ലെന്ന് തെളിയിച്ച് സെക്കന്തരാബാദ് എയർഫോഴ്‌സ് അക്കാദമിയിൽ പ്രവേശനം നേടി. ഇരുപത്തിനാലാം വയസ്സിൽ ജമ്മുകശ്മീരിൽ ഫ്ളൈയിങ് ഓഫീസറായി നിയമനം. കശ്മീരിൽ മികച്ച സേവനത്തിന് ഗവർണറുടെ പുരസ്കാരത്തിന് അർഹയായി. 32-ാം വയസ്സിലാണ് നാടിനെ കണ്ണീരിലാഴ്ത്തി ലക്ഷ്മി വിടപറഞ്ഞത്.
ബുധനാഴ്ച ലക്ഷ്മിയുടെ പത്താം ഓർമ്മദിനമായിരുന്നു. അച്ഛൻ കെ.എസ്.നായരും അമ്മ ശോഭനനായരും ബന്ധുക്കളും സ്മൃതിമണ്ഡപത്തിൽ കണ്ണീരോർമ്മയിൽ പുഷ്പാർച്ചന നടത്തി.
2014-ൽ ഉത്തർപ്രദേശിലെ മധുര മിലിറ്ററി ആശുപത്രിയിൽ രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തെത്തുടർന്ന് ലക്ഷ്മിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് ഡൽഹി മിലിറ്ററി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അവിടെവെച്ച് 2014 ഒക്ടോബർ 23-ന് മരിച്ചു. മരിക്കുമ്പോൾ ആഗ്രയിൽ എയർ ട്രാഫിക് കൺട്രോളറായിരുന്നു ലക്ഷ്മി. പൂർണ സൈനികബഹുമതികളോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം.
സെക്കന്തരാബാദ് എയർഫോഴ്‌സ് സ്റ്റേഷനിൽ വിങ് കമാൻഡറാണ് ലക്ഷ്മിയുടെ ഭർത്താവ് ഷാജി നായർ. മക്കളായ പ്ലസ്‌വൺ വിദ്യാർഥി ശ്രേയ, അഞ്ചാം ക്ലാസുകാരൻ അവിനാഷ് എന്നിവർ അച്ഛനൊപ്പം ഹൈദരാബാദിലാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group