തൃശ്ശൂർ : കണിമംഗലം കോൾപ്പാടത്തെ കൃഷി കാണാൻ എക്സിക്യുട്ടീവ് ലുക്കിലൊരു അതിഥിയെത്തി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. കൃഷിപ്പണികളൊക്കെ കണ്ടുപോകാനായിരുന്നു വരവ്. എന്നാൽ, കർഷകരുടെ കൂട്ടായ്‌മ കണ്ട് കളക്ടർക്ക് ത്രില്ലടിച്ചു. പാടത്തേക്കിറങ്ങാൻ കർഷകരുടെ സ്നേഹക്ഷണം. എങ്ങനെ വേണ്ടെന്നുവയ്ക്കും. അതിനു മുമ്പിൽ പ്രോട്ടോകോൾ എല്ലാം മറന്നു. ഷൂ ഊരി കരയ്ക്കിട്ടു. പാന്റ്സ് മുകളിലേക്ക് കയറ്റിവെച്ചു. കണ്ടത്തിൽ ചാടാൻ കളക്ടർ തയ്യാർ.
എന്തായാലും ചാടാൻ തീരുമാനിച്ചു. അപ്പോ, വിതച്ചിട്ടുതന്നെ പോയേക്കാം എന്നായി. പാടത്തിന്റെ കരയിൽ വിതയ്ക്കാനുള്ള നെൽവിത്ത് തയ്യാർ. വിതയ്ക്ക് ഒരുക്കിയിട്ട പാടത്തേക്ക് കൈത്തോട് കടന്നുവേണം പോകാൻ. അരയ്ക്കൊപ്പം വെള്ളം. ആളുകൾ ഒന്ന് ആശങ്കപ്പെട്ടു, കളക്ടർ എങ്ങനെ അപ്പുറത്ത് കടക്കും. ആലോചനയ്ക്കിടെ ഒറ്റച്ചാട്ടത്തിന് കളക്ടർ വരമ്പിൽ. പിന്നാലെ കൃഷി ഓഫീസർമാരും ചാടി. വിതയ്ക്കാനുള്ള ഉമ വിത്ത് ബക്കറ്റിലാക്കി കളക്ടറുടെ കൈയിൽ കൊടുത്തു. പിന്നാലെ, കൃഷിക്കാരുടെ വക ‘വിത ക്ലാസ്’. വിരലുകളുടെ വിന്യാസവും എറിയുന്ന രീതിയുമൊക്ക പറഞ്ഞുകൊടുത്തു. ‘സ്റ്റാർട്ടിങ് ട്രബിൾ’ ഉണ്ടായി. എന്നാൽ, ആദ്യ പിടി വിത്ത് എറിഞ്ഞതോടെ ആൾ ഉഷാറായി. പിന്നീട് കളക്ടറുടെ വിതയ്ക്ക് കർഷകരുടെ അഭിനന്ദനപ്രവാഹം. ‘ഏക്കറിന് 700 രൂപ കൂലി തരാം, ഇവിടെ കൂടാമെന്ന്’ കൃഷിക്കാർ. കോൾകൃഷിയുടെ രീതികളും കർഷകരുടെ പ്രശ്‌നങ്ങളുമെല്ലാം വിശദമായി കേട്ടശേഷമാണ് കളക്ടർ പാടത്തുനിന്ന് കയറിയത്.
ഇത്തരമൊരു അനുഭവം ജീവിതത്തിൽ ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ഇത്തരം കാഴ്ചകൾ കാണാനായി കോൾ കേന്ദ്രീകരിച്ച് ചെറിയ വിശ്രമകേന്ദ്രങ്ങൾ ആലോചിക്കുമെന്ന് കളക്ടറുടെ ഉറപ്പ്. പുഞ്ച സ്പെഷ്യൽ ഓഫീസർ കെ.ജി. പ്രാൺസിങ്, കൃഷി ഓഫീസർ ബൈജു ബേബി, അസിസ്റ്റന്റ് കൃഷി ഓഫീസർ സി.ഡി. ബിസി, കൃഷി അസിസ്റ്റന്റ് കെ.ആർ. ഷൈബി, പാടശേഖരസമിതി സെക്രട്ടറി കെ. സുരേഷ് തുടങ്ങിയവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group