പുരസ്കാരം: തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന്; തൊഴിലുറപ്പിൽ കവിയൂരിന്റെ മികവുറപ്പ്

പുരസ്കാരം: തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന്; തൊഴിലുറപ്പിൽ കവിയൂരിന്റെ മികവുറപ്പ്
പുരസ്കാരം: തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന്; തൊഴിലുറപ്പിൽ കവിയൂരിന്റെ മികവുറപ്പ്
Share  
2024 Oct 12, 09:46 AM
VASTHU
MANNAN
laureal

കവിയൂർ: സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികവുമായി ബന്ധപ്പെട്ട നൂറുദിന കർമ്മ പദ്ധതിയിൽ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സംസ്ഥാനത്തെ 8 പഞ്ചായത്തുകളിൽ ഒന്നായി കവിയൂരിനെ തിരഞ്ഞെടുത്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനാണു തിരഞ്ഞെടുത്തത്. 26നു പാലക്കാട് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി.രാജേഷിൽ നിന്നു പുരസ്കാരം പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ ഏറ്റുവാങ്ങും.  

ജലസംരക്ഷണത്തിന്റെ ഭാഗമായി തോടുകളുടെയും കുളങ്ങളുടെയും നവീകരണം, കയർ ഭൂവസ്ത്രം വിരിക്കൽ, വൃക്ഷത്തൈ നടീൽ തുടങ്ങി 100 ദിവസത്തിനുള്ളിൽ പൂർത്തീകരിച്ച പ്രവർത്തനങ്ങളാണു പുരസ്കാരത്തിനു പരിഗണിച്ചത്. പഞ്ചായത്തിലെ പോളച്ചിറ മത്സ്യ വിത്തുത്പാദനകേന്ദ്രത്തിലെ 15 കുളങ്ങളുടെ നവീകരണവും വെണ്ണീർവിള പാടശേഖരത്തിലെ പനയമ്പാല തോടിന്റെ നവീകരണവുമാണു നടത്തിയത്.

ഇതിൽ 12 എണ്ണം പൂർത്തിയാക്കി. വർഷങ്ങളായി കാടു പിടിച്ചു ചെളി നിറഞ്ഞു കിടന്ന കുളങ്ങളിലെ കാടു നീക്കി വൃത്തിയാക്കി കയർ ഭൂവസ്ത്രം വിരിച്ചു വശങ്ങൾ ബലപ്പെടുത്തുന്ന ശ്രമകരമായി ജോലിയാണു തൊഴിലാളികൾ പൂർത്തീകരിച്ചത്.ജൂൺ മുതലുള്ള പ്രവൃത്തി കൂടിയാകുമ്പോൾ 33 കുളങ്ങളാണു വൃത്തിയാക്കി സംരക്ഷിച്ചത്. 2991 തൊഴിൽ ദിനങ്ങളും 10.34 ലക്ഷം രൂപയും ഇതിനു വേണ്ടിവന്നു.


മുടങ്ങാതെ കൃഷി നടക്കുന്ന വെണ്ണീർവിള പാടശേഖരത്തിലെ 3 കിലോമീറ്റർ ദൂരമുള്ള പനയമ്പാല തോടിന്റെ സംരക്ഷണമാണു മറ്റൊന്ന്. ഇതിൽ ഒരു കിലോമീറ്റർ ദൂരം തോട് വൃത്തിയാക്കി വശങ്ങളിൽ കയർ ഭൂവസ്ത്രം വിരിച്ചു. ബാക്കി ജോലി നടന്നുകൊണ്ടിരിക്കുകയാണ്. 7,10 വാർഡിലാണു മത്സ്യക്കുളം. എന്നാൽ മത്സ്യക്കുളങ്ങളുടെയും പനയമ്പാല തോടിന്റെയും സംരക്ഷണത്തിന് 6, 7, 10, 11, 12 വാർഡുകളിലെ തൊഴിലാളികളെ മുഴുവൻ പങ്കെടുപ്പിച്ചു. 3095 പ്രവൃത്തിദിനങ്ങളും 10.7 ലക്ഷം രൂപയുമാണ് ഇതിനു വേണ്ടിവന്നത്.


വേനലിലെ പ്രതിരോധിക്കാനായി നഴ്സറി നിർമാണമാണു മറ്റൊരു പ്രവൃത്തി. 3000 വൃക്ഷതൈകൾ ഉത്പാദിപ്പിച്ച് നട്ടുവളർത്തി. ഇതിന് 391 തൊഴിൽദിനങ്ങളും 1.35 ലക്ഷം രൂപയും ചെലവായി. 100 ദിനങ്ങൾ കൊണ്ട് 201 തൊഴിലാളികൾക്ക് 6086 തൊഴിൽ ദിനങ്ങൾ ഈ പ്രവൃത്തികളിലൂടെ നേടിയെടുക്കാൻ കഴിഞ്ഞു.

തൊഴിലുറപ്പു പദ്ധതി കാർഡ് ഉള്ളവർ‌ പഞ്ചായത്തിൽ 657 പേരുണ്ട്. സ്ഥിരമായി ജോലിക്കെത്തുന്നവർ 325 പേർ മാത്രമാണ്. 5 വാർഡിലെ 127 പേരാണ് 100 ദിനത്തിനുള്ളിൽ പഞ്ചായത്തിനു മുഴുവനും പ്രയോജനപ്പെടുന്ന 2 വൻ പദ്ധതികൾ ഏറ്റെടുത്തത്. പദ്ധതി അസിസ്റ്റന്റ് എൻജിനീയർ വി.എസ്.പ്രണവ്, ഓവർസീയർ എം.ടി.മായാമോൾ, അക്കൗണ്ടന്റുമാരായ സിന്ധു പി.ഡേവിഡ്സൺ, എസ്.സ്മിത എന്നിവരാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2