പാലോട്: സർക്കാർ സർവീസിൽനിന്നു വിരമിച്ചെങ്കിലും ഇവർക്ക് വീട്ടിലിരിക്കാനോ വിശ്രമിക്കാനോ സമയമില്ല, മനസുമില്ല. വിവിധ പഞ്ചായത്തുകളിലെ കിടപ്പുരോഗികളുടെ ക്ഷേമ പ്രവർത്തനങ്ങൾ നോക്കിനടത്താൻ ഈ കൂട്ടായ്മ സദാ സന്നദ്ധമാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് നന്ദിയോട് കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങിയ സാന്ത്വനക്കൂട്ടായ്മ ഈ പാലിയേറ്റീവ് ദിനത്തിലും അക്ഷീണം മുന്നേറുകയാണ്.
സർക്കാർ സർവീസിൽനിന്നു വിരമിച്ചവർ, ജനസേവനത്തിന് നല്ല മനസ്സുള്ളവർ എന്നിവരെല്ലാം അടങ്ങുന്നതാണ് നന്ദിയോട്ടെ പെയിൻ ആൻഡ് പാലിയേറ്റീവ് സംഘം. ആഴ്ചയിൽ രണ്ടുദിവസം ഡോക്ടർ, നഴ്‌സ് എന്നിവരടങ്ങുന്ന സംഘത്തോടൊപ്പം കിടപ്പുരോഗികളുടെ വീട്ടിലെത്തി ആവശ്യംവേണ്ട ചികിത്സകളും മരുന്നുകളും നൽകും. നന്ദിയോട്, പെരിങ്ങമ്മല. വിതുര, പനവൂർ, ആനാട്, പാങ്ങോട് ഗ്രാമപ്പഞ്ചായത്തുകളിലായി നിലവിൽ ഇരുന്നൂറിലധികം രോഗികളുടെ തുടർചികിത്സയും പരിചരണവും ഈ സംഘടന ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സേവനത്തിന് പാലിയം ഇന്ത്യയുടെ മാർഗനിർദേശം ലഭിക്കുന്നുണ്ട്. നിർധന രോഗികൾക്ക് വാട്ടർ ബെഡ്, എയർ ബെഡ്, കട്ടിൽ, വീൽച്ചെയർ, വാക്കർ, ഓക്‌സിജൻ കോൺസൻട്രേറ്റർ തുടങ്ങിയവയും നൽകുന്നുണ്ട്.
എല്ലാ ശനിയാഴ്ചകളിലും പാലിയേറ്റീവ് പ്രവർത്തകരും ഡോക്ടറും നഴ്‌സുമാരും ചേർന്ന് നന്ദിയോട് ഗ്രീൻ ഓഡിറ്റോറിയത്തിലെ മിനി ഹാളിൽ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകളും നൽകും. എല്ലാ മാസത്തിലേയും ആദ്യ ശനിയാഴ്ച നിർധനരായ കിടപ്പുരോഗികൾക്ക് ഭക്ഷണസാധനങ്ങൾ അടങ്ങിയ സൗജന്യ ഭഷ്യകിറ്റ് വിതരണം ചെയ്യുന്നുണ്ട്.
അർബുദബാധിതർക്ക് വേദനസംഹാര ഗുളികകളും പ്രത്യേക പരിഗണനയും നൽകി സാന്ത്വനം നൽകുന്നതിനാണ് പ്രഥമ പരിഗണന. മിക്കപ്പോഴും സ്വന്തം പണം തന്നെയാണ് സേവനപാതയിൽ ഇവർക്ക് ചെലവിടേണ്ടിവരുന്നത്. ബി.ചക്രപാണി, പാലുവള്ളി ശശി. കെ.ശിവദാസൻ, ചന്ദ്രശേഖരൻനായർ, ഭാസ്കരൻനായർ, കെ.ഗോപിനാഥൻ, ബാബു എന്നിവരാണ് നിലവിൽ ഈ കൂട്ടായ്മയ്ക്ക് ചുക്കാൻപിടിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group