അക്കൗണ്ടില്‍ തെറ്റി ലഭിച്ച തുക
തിരികെ അയച്ചാലും പണികിട്ടാം!
ഊണു സമയത്ത് സാന്ദ്രയ്ക്ക് ബാങ്കില്‍ നിന്നൊരു എസ്.എം.എസ് വന്നു. അക്കൗണ്ടില്‍ പതിനായിരം രൂപ ക്രെഡിറ്റായെന്നായിരുന്നു സന്ദേശം. ആരാണാവോ തനിക്കു പൈസ അയച്ചത് എന്നു ചിന്തിച്ചു തുടങ്ങിയതാണു സാന്ദ്ര. പൈസ വന്ന വിവരം സഹപ്രവര്‍ത്തകയായ സ്‌നേഹയോടു പറഞ്ഞു. പണ്ട് കടംകൊടുത്ത ആരെങ്കിലും തിരികെ തന്നതായിരിക്കും, ഒന്നോര്‍ത്തുനോക്ക് എന്നു സ്‌നേഹ പറഞ്ഞെങ്കിലും സാന്ദ്രയ്ക്ക് ഒന്നുമങ്ങ് ഓര്‍മ്മ വന്നില്ല.
എങ്കില്‍പ്പിന്നെ വൈകീട്ട് ഷോപ്പിങിനുപോയി അടിച്ചുപൊളിക്കാം എന്നു തമാശ പറഞ്ഞുചിരിക്കുമ്പോഴാണ് സാന്ദ്രയ്‌ക്കൊരു കോള്‍ വന്നത്. പതിനായിരം രൂപ തെറ്റി അയച്ചുപോയതാണ്, തന്റെ അക്കൗണ്ടിലേക്ക് തിരിച്ചയക്കാമോ എന്നു ചോദിച്ച് ഒരാള്‍ വിളിച്ചിരിക്കുന്നു.
അതിനെന്താ, ആകാമല്ലോ എന്നായി സാന്ദ്ര. ഉടനടി തന്നെ വിളിച്ചയാളുടെ നമ്പരിലേക്ക് തുക ഗൂഗിള്‍ പേ ചെയ്തു.
പിറകെ വന്ന പണി
തന്റേതല്ലാത്ത പണം ഉടമസ്ഥന്‍ ചോദിച്ചയുടനെ തിരികെ കൊടുത്തെന്ന സന്തോഷമായിരുന്നു സാന്ദ്രയ്ക്ക്. 'കളഞ്ഞുകിട്ടിയ പണം തിരികെ കൊടുത്ത് മാതൃകയായി യുവതി' എന്ന മട്ടില്‍ പത്രത്തില്‍ വാര്‍ത്ത വരേണ്ട കാര്യമാണ് സാന്ദ്ര ചെയ്തതെന്നു പറഞ്ഞ് സ്‌നേഹ കളിയാക്കിച്ചിരിക്കുകയും ചെയ്തു. പക്ഷേ ആ അഭിമാനത്തിനും സന്തോഷത്തിനുമൊക്കെ അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ.
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് സാന്ദ്രയ്‌ക്കൊരു കോള്‍ വന്നു. ക്രിപ്‌റ്റോ കറന്‍സി നല്‍കാമെന്നു പറഞ്ഞ് സാന്ദ്ര പതിനായിരം രൂപ തട്ടിച്ചു എന്ന് ആരോ പരാതിപ്പെട്ടത്രെ.
ആകെ ഭയന്നുപോയ സാന്ദ്ര ഭര്‍ത്താവിനേയും കൂട്ടി പോലീസ് സ്റ്റേഷനില്‍ ചെന്നു. സാന്ദ്രയുടെ ഭാഗ്യത്തിന്, ഈ മാഡത്തോടല്ല താന്‍ സംസാരിച്ചതെന്ന് പരാതിക്കാരന്‍ പറഞ്ഞതുകൊണ്ട് കൂടുതല്‍ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നില്ല.
ഇനി മുതല്‍ അക്കൗണ്ട് ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കി സാന്ദ്രയെ മടക്കി അയക്കുകയാണ് പോലീസ് ചെയ്തത്.
ശരിക്കും എന്താണ് സംഭവിച്ചത്?
വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി തട്ടിപ്പുകാര്‍ ഇരകളുടെ പക്കല്‍ നിന്ന് അപരിചിതരുടെ അക്കൗണ്ടിലേക്ക് പണം അയപ്പിക്കും. എന്നിട്ട്, അയച്ച അക്കൗണ്ട് മാറിപ്പോയി എന്ന വ്യാജേന, പണം ലഭിച്ചവരെ ബന്ധപ്പെട്ട് തങ്ങളുടെ അക്കൗണ്ടിലേക്കോ വാലറ്റിലേക്കോ തുക ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കും.
വഞ്ചിക്കപ്പെട്ടവര്‍ പരാതിപ്പെട്ടാലും തങ്ങളിലേക്ക് അന്വേഷണമെത്തുന്നത് ഒഴിവാക്കാനോ താമസിപ്പിക്കാനോ ആണ് തട്ടിപ്പുകാര്‍ ഇങ്ങനൊരു വഴി കണ്ടെത്തിയിരിക്കുന്നത്.
അക്കൗണ്ടില്‍ നമ്മുടേതല്ലാത്ത തുകയെത്തിയാല്‍ എന്താണു ചെയ്യേണ്ടത്?
ഉടനടി രേഖാമൂലം ബാങ്ക് ശാഖയെ അറിയിക്കുക. തുക വന്ന ബാങ്കുമായി ബന്ധപ്പെട്ട് പണം തിരികെ അയക്കാനുള്ള നടപടികള്‍ ബാങ്ക് സ്വീകരിക്കും.
ഓര്‍ക്കുക, നമ്മുടെ അക്കൗണ്ടില്‍ തെറ്റി വന്ന തുക ഒരു കാരണവശാലും മറ്റൊരാളുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കരുത്.courtesy :mathrubhumi
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group