കണ്ണൂർ: വിവാഹഘോഷയാത്രയ്‌ക്കിടെ വാഹനങ്ങളിൽ അപകടമുണ്ടാക്കും വിധം സുരക്ഷിതമല്ലാതെ യാത്ര ചെയ്തതതിന് 18 യുവാക്കൾക്കെതിരെ കേസെടുത്തു. കണ്ണൂർ ചൊക്‌ളി പൊലീസ് സബ് ഇൻസ്‌പെക്ടർ ആർ എസ് രഞ്ജുവാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇതിൽ വാഹനം ഓടിച്ചിരുന്ന ആറ് പേരുടെ ലെെസൻസ് റദ്ദ് ചെയ്യും.
വിവാഹത്തിൽ വരനെ അനുഗമിച്ച വാഹനങ്ങളുടെ വാതിലിൽ കയറിനിന്നും ഡിക്കിയിൽ ഇരുന്നും യാത്ര ചെയ്തവരെയാണ് പിടികൂടിയത്. ഒളവിലം മത്തിപ്പറമ്പിൽ സ്ഥാപിച്ച സിസിടിവി ക്യാമറയുടെ സഹായത്തോടെയാണ് ഇവരെ തിരിച്ചറിഞ്ഞത്.
ജൂലായ് 24ന് വെെകിട്ടോടെ നടന്ന സംഭവത്തിൽ ദിവസങ്ങൾ നീണ്ട അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആഡംബര കാറുകൾ ഓടിച്ച കരിയാട് പുളിയനമ്പ്രത്തെ കുഞ്ഞിപ്പറമ്പത്ത് എം കെ മുഹമ്മദ് ഷബിൻ ഷാൻ (19), ആലോള്ളതിൽ എ മുഹമ്മദ് സിനാർ (19), മീത്തൽ മഞ്ചീക്കര വീട്ടിൽ മുഹമ്മദ് ഷഫീൻ (19), പോക്കറാട്ടിൽ ലിഹാൻ മുനീർ (20), കാര്യാട്ട് മീത്തൽ പി മുഹമ്മദ് റാസി (19), കണിയാങ്കണ്ടിയിൽ കെ കെ മുഹമ്മദ് അർഷാദ് (19) തുടങ്ങിയവർക്കെതിരെയാണ് പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ വിട്ടുകിട്ടുന്നതിന് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഓഗസ്റ്റ് 14വരെ ഹർജി പരിഗണിക്കില്ലെന്നാണ് മജിസ്ട്രേറ്റ് വ്യക്തമാക്കിയതെന്ന് പൊലീസ് അറിയിച്ചു.
ഹെൽമറ്റ് ധരിക്കാതെ പുറംതിരിഞ്ഞ് യാത്ര ചെയ്യുകയായിരുന്ന സ്കൂട്ടർ യാത്രക്കാർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
മറ്റൊരു സംഭവത്തിൽ വിവാഹ പാർട്ടിയുടെ വീഡിയോ ചിത്രീകരണത്തിനായി കാറിന്റെ ഡിക്കിയിലിരുന്ന് യാത്ര ചെയ്തതിന് ക്യാമറാമാൻ കുറ്റ്യാടിയിലെ പറമ്പത്ത് ഹൗസിൽ മുഹമ്മദ് ആദിൽ (22), കാറോടിച്ചിരുന്ന ചൊക്ളി സി പി റോഡിലെ ജാസ് വില്ലയിൽ ഇർഫാൻ ഹബീബ് (32) എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തു.
ഓഗസ്റ്റ് നാലിന് വെെകിട്ടായിരുന്നു ഈ സംഭവം നടന്നത്. റോഡപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അപകടകരമായ വാഹനയാത്രയ്‌ക്കെതിരെ കർശന നടപടിയെടുക്കാൻ തലശ്ശേരി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് നിർദേശിച്ചതിനെ തുടർന്നാണ് വിവിധ ഇടത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് ചൊക്‌ളി പൊലീസ് നടപടി തുടങ്ങിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group