മാനു ഏട്ടൻ വിടവാങ്ങി
; ഘടികാര സൂചി നിലച്ചു
: ദിവാകരൻ ചോമ്പാല
ചോമ്പാല സി എസ് ഐ പള്ളിക്ക് സമീപം ദീർഘകാലമായി കുടുംബസമേതം സ്ഥിരതാമസക്കാരനും നാട്ടുകാരുടെ പ്രിയങ്കരനുകമായ ക്രിസ്റ്റോഫർ ദാസ് എന്ന പേരുള്ള ഞങ്ങളുടെ മാനു ഏട്ടൻ്റെ ദൈവഭവനത്തിലേക്കുള്ള യാത്ര രണ്ടുദിവസം മുൻപ് .
അന്ത്യം കോഴിക്കോട്ടുള്ള മക്കളുടെ വീട്ടിൽ വെച്ച് .
അന്ത്യദർശനത്തിനായി അയൽക്കൂട്ടായ്‌മയിൽ ഞങ്ങൾ ഇന്നലെ കോഴിക്കോട്ടെത്തി.
.തൊണ്ണൂറാമത്തെ വയസ്സിൻറെ നിറവിലും അശേഷം ഓർമ്മക്കുറവോ വകതിരിവ്‌കേടോ ഇല്ലാതെ ഏതാനും ദിവസങ്ങൾക്ക് മുൻപ് പതിവുപടി സ്നേഹോഷ്മളമായ നിലയിൽ ചോമ്പാലയിൽ നിന്നും ഞങ്ങളോട് യാത്രചോദിച്ച് കോഴിക്കോട്ടെ വീട്ടിലേയ്ക്ക് യാത്രയായി .
മാനുവേട്ടൻ പണ്ടൊരിക്കൽ സംസാരത്തിനിടയിൽ പറഞ്ഞ വാചകം അറിയാതെ ഓർത്തുപോകുന്നു .
എൻ്റെ അമ്മ മരിച്ച വിവരമറിഞ്ഞപ്പോൾ എന്നെ ആശ്വസിപ്പിക്കാൻ വേണ്ടിയാവാം അദ്ദേഹം പറഞ്ഞതിങ്ങനെ -
"ആരും മരിക്കുന്നില്ല .നമ്മളവരെ മറക്കുന്നതുവരെ "-
വലിയ തത്വജ്ഞാനിയൊന്നുമല്ലാത്ത സാധാണക്കാരനായ മാനുവേട്ടൻ പറഞ്ഞതായ വാക്കുകളുടെ അർത്ഥവ്യാപ്‌തി ഏറെ വലുതാണെന്ന് എനിക്കിപ്പോൾ തോന്നുന്നു .
ശരിയാണ് , മാനുവേട്ടൻ മരിച്ചിട്ടില്ല .മരണമില്ലാത്ത ഞങ്ങളുടെ മനസുകളിൽ ജീവിക്കുന്നു.
ദൈവ വിശ്വാസിയും സദ്ഗുണസമ്പന്നനുമായ ഈ നല്ലമനുഷ്യൻറെ വേർപാട് എനിക്കെന്നല്ല ചുറ്റുപാടിലുള്ള പലർക്കും തീരാനൊമ്പരമാണുണ്ടാക്കിയത് .
മരണസമയത്ത്, സമ്പൂർണ്ണ ഭക്തിയോടെ, പരമാത്മാവിനെ സ്മരിക്കുന്ന ഒരു വ്യക്തി നിസ്സംശയമായും ഈശ്വരൻ്റെ പരമമായ വ്യക്തിത്വത്തെ പ്രാപിക്കും എന്നുപറയാറുള്ളതും എത്രയോ ശരി .
മാനുഎട്ടൻറെ വേർപാടിൻറെ അൽപ്പസമയം മുൻപ് മക്കളെ അടുത്തുവിളിച്ച് അശേഷം പത്രർച്ചയില്ലാത്ത സ്വരത്തിൽ പറഞ്ഞതിങ്ങിനെ
" സമയമായി എല്ലാവരും
പപ്പയ്ക്കുവേണ്ടി പ്രാർത്ഥിക്കൂ " .
പ്രാർത്ഥനാനിർഭരമായ മനസ്സോടെയായിരുന്നു പപ്പയുടെ ദൈവഭവനത്തിലേക്കുള്ള യാത്രയെന്ന് ദുഃഖം കടിച്ചമർത്തിക്കൊണ്ട് മകൻ ഷൈജുവും ബൈജുവും റോജുവും പറയുകയുണ്ടായി .
നമ്മളോരോരുത്തരും ഇന്നല്ലെങ്കിൽ നാളെ അതുമല്ലെങ്കിൽ എന്നെങ്കിലും മരിക്കേണ്ടവരാണെന്ന ഓർമ്മപ്പെടുത്തൽകൂടിയാണ് ഇത്തരം സന്ദർഭങ്ങൾ .
മരണം ആരെയും ഒഴിവാക്കുന്നുമില്ല .നിർദ്ധിഷ്ഠ വ്യക്തിയെ മാത്രം പിടികൂടുന്നുമില്ല .
അന്ത്യനാളുകളിൽ ജീവിതത്തേക്കുറിച്ച് നഷ്ട്ബോധമുണ്ടാ കാതിരിക്ക ണമെങ്കിൽ നാം ജീവിച്ചുകൊണ്ടിരുന്ന കാലയളവിൽ അഥവാ ദൈവം അനുവദിച്ച കാലപരിധിക്കുള്ളിൽ അനുവദനീയവും അനുയോജ്യകരവുമായ നിലയിൽ ജീവിക്കേണ്ടിയിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് മാനു ഏട്ടൻ്റെ ജീവിതം വ്യക്തമാക്കുന്നത് .
സ്വതവേ മിതഭാഷിയും അതിലേറെ സൗമ്യനും ജനപ്രിയനുമായ ഒരു പാവം നാട്ടുമ്പുറത്തുകാരനായിരുന്നു ഈ ശുദ്ധ മനുഷ്യൻ,.
സദാ പുഞ്ചിരിച്ചുകൊണ്ടുള്ള മുഖഭാവം .
നിന്നെപ്പോലെ നിൻ്റെ അയൽക്കാരാനെയും സ്നേഹിക്കുക എന്ന വേദവാക്യം ബൈബിളിൽ മാത്രമൊതുങ്ങാതെ സ്വന്തം ജീവിതത്തിലുടനീളം നടപ്പിലാക്കിയ മാനു ഏട്ടൻ്റെ വേർപാടിൻ്റെ ദുഃഖം അദ്ദേഹത്തിൻ്റെ കുടുംബത്തിനൊപ്പം ചുറ്റുപാടിലെ പൊതുസമൂഹത്തിനു കൂടിയുള്ളതാണെന്ന് പറയാതെ വയ്യ .
ഏകദേശം അരനൂറ്റാണ്ടിനുമപ്പുറം മുക്കാളി ടൗണിൽ വാച്ചുകൾ ,ക്ളോക്കുകൾ തുടങ്ങിയവ റിപ്പയർചെയ്യാൻ നാട്ടുകാർ ആശ്രയിച്ചിരുന്നത് മാനുവേട്ടൻ്റെ മുക്കാളിയിലെ കടയായിരുന്നു .
പഴയകാലങ്ങളിൽ വാച്ച് കെട്ടിനടക്കുന്നവർതന്നെ നാട്ടുമ്പുറങ്ങളിൽ വിരളം .
ഘടികാരങ്ങൾ ഉള്ള വീടുകളും എണ്ണത്തിൽ കുറവ് .
എന്നിരുന്നാലും തൊട്ടടുത്തൊന്നും ഇത്തരം പണികൾക്കൊന്നും ഇവിടെ ആ കാലത്ത് ആരുമുണ്ടായിരുന്നില്ല ,വാച്ച് നന്നാക്കാനും ടോർച്ച് നന്നാക്കാനും സൈക്കിൾ നന്നാക്കാനും ഹാർമ്മോണിയം റിപ്പയർ ചെയ്യാൻ തുടങ്ങിയ പലകാര്യങ്ങളും നിർവ്വഹിച്ചിരുന്നവരിൽ ഏറെ വിദഗ്ദൻ തട്ടോളിക്കര മലോൽ ക്ഷേത്രത്തിനടുത്തുള്ള കേളു സ്രാപ്പ് എന്നൊരാൾ.
സ്വർണ്ണപ്പണിക്കാരനാണെങ്കിലും കേളു സ്രാപ്പിനെ വെല്ലുന്ന ഒരാൾ അക്കാലങ്ങളിൽ അടുത്തസ്ഥലങ്ങളിലൊന്നും ഇല്ലെന്നു പറഞ്ഞാൽ അതിശയോക്തിയോയാവില്ല .
മറ്റൊരാൾ തട്ടാൻ നാറൂട്ടി . മുല്ലപ്പള്ളിയുടെ തൊട്ടടുത്ത വീട്ടുകാരൻ .
പിൽക്കാലങ്ങളിലാണ് ഹാർബ്ബർ റോഡിലെ മിഷ്യൻ കോമ്പൗണ്ടിൽ സുരഭിയിൽ താമസിച്ചിരുന്ന എം എം അനന്തൻ രംഗത്തെത്തിയത് .
ജന്മസിദ്ധമായ കഴിവുകളായിരുന്നു ഇക്കൂട്ടരുടെ കൈമുതൽ .ഇക്കൂട്ടരിൽ ഒരുപടി മുന്നിലായിരുന്നു മാനുവേട്ടൻ .
പഴകാലങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന റോമർ , വെസ്റ്റൻഡ് ,ഫേവർ ലുബ,തുടങ്ങി സീക്കോ .ഒമേഗ . റോളക്സ് വാച്ചുകൾ വരെ മാനുവേട്ടന്റെ കൈകളിൽ സുരക്ഷിതം .
അക്കാലങ്ങളിൽ വാച്ചുകൾ മെഷ്യൻ അഴിച്ച് ക്ളീൻ ചെയ്യണമായിരുന്നു .
വാച്ചുകൾ മാത്രമായിരുന്നില്ല ,ഞങ്ങളുടെ തറവാട് വീട്ടിലെ ഗ്രാമഫോൺ, ക്ളോക്കുകൾ എല്ലാം റിപ്പയർ ചെയ്യാറുള്ളതും മാനു ഏട്ടനായിരുന്നു .
ചെറിയ പ്രായത്തിലെ എന്റെ ഓർമ്മകൾ . എന്റെ അച്ഛനും മാനുവേട്ടനും നല്ല കൂട്ടായിരുന്നു.
അച്ഛന്റെ കയ്യിലുണ്ടായിരുന്ന ബ്ളാക്ക് ബേർഡ് എന്ന പേനയുടെ നിബ്ബ് നിലത്ത് വീണ് ഒടിഞ്ഞത് ചെറിയ ചവണകൊണ്ട് പൂർവ്വസ്ഥിതിയിലാക്കിയ മാനുവേട്ടന്റെകൈവിരുത് നോക്കിക്കണ്ടത്അറുപത്തഞ്ചോളം വർഷങ്ങൾക്ക് മുൻപ് .
അക്കാലങ്ങൾ മുക്കാളിയിൽ കുടനന്നാക്കുന്നതിൽ വിദഗ്ധനായി പൊക്കുവച്ഛൻ എന്നൊരാൾ കൂടിയുണ്ടായിരുന്നു .ഇതൊക്കെ പഴയകാലത്തെ ഓർമ്മകൾ .
മാനുവേട്ടനും കുടുംബവും ഏറെക്കാലമായി താമസിച്ചിരുന്നത് ചോമ്പാൽ സി എസ ഐ പള്ളിക്കും സെമിത്തേരിക്കും അടുത്തു മിഷ്യൻ കോമ്പൗണ്ടിൽ .
നേരത്തെ സ്റ്റീഫൻ ഉപദേശിയർ താമസിച്ചിരുന്ന വീട് മാനുവേട്ടൻ എത്രയോ വർഷങ്ങൾക്ക് മുൻപ് വിലക്കെടുത്തായിരുന്നു ഇവിടെ താമസം തുടങ്ങിയത് .
തികഞ്ഞ ദൈവ വിശ്വാസിയായ മാനുഎട്ടൻറെ വീട്ടിൽ നടക്കാറുള്ള കുടുംബ പ്രാർത്ഥന ചടങ്ങുകളിലുമെല്ലാം വിശ്വാസി എന്ന നിലയിലല്ലെങ്കിലും ഒരു കുടുംബാംഗത്തെപ്പോലെ ഞാൻ പങ്കെടുത്തിട്ടുണ്ട് .
മാനുവേട്ടൻറെ മൃതശരീരം നോക്കിക്കാണുമ്പോൾ അറിയാതെ മനസ്സിലോടിയെത്തിയത് ദൈവത്തിൻറെ പാട്ടുകാരൻ എന്നപേരിൽ അറിയപ്പെടുന്ന വോൾബ്രീറ്റ് നാഗൽ എന്ന ജർമ്മൻ മിഷനറി മലയാളത്തിൽ രചിച്ച
സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര നടത്തുന്നു
എന്ന ഗാനമാണ് .
പ്രതീക്ഷയുടെ ഗാനം എന്നപേരിൽ അറിയപ്പെട്ട ഈ ഗാനം കാലാന്തരത്തിൽ കൃസ്‌തീയ വിഭാഗക്കാർ ശവസംസ്‌കാര ചടങ്ങുകളിൽ വ്യാപകമായി ഉപയോഗിച്ചുതുടങ്ങുകയുമുണ്ടായി .
ഒരർത്ഥത്തിൽ പറഞ്ഞാൽ ഈ ഗാനം ജാതിമത ഭേദമില്ലാതെ ആർക്കും ഉപയോഗിക്കുന്നതിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല .
അത്രയേറെ അർത്ഥസമ്പുഷ്ഠവും ഹൃദയസ്‌പൃക്കായതുമായ ഒരു ഗാനം വേറെയുണ്ടെന്നു തോന്നുന്നില്ല,
ഞങ്ങളുടെ എല്ലാമായ മാനുവേട്ടന് നിത്യ ശാന്തി നേർന്നുകൊണ്ട് ....
പാതിരിക്കുന്നും കുഞ്ഞിപ്പള്ളിയും ചോമ്പാലയിലെ നാട്ടുപുരാണം
ചോമ്പാല എന്ന ഉൾനാടൻ ഗ്രാമപ്രദേശത്തിനും പറയാനേറെയുണ്ട് ചരിത്രത്തിൻറെ നിറക്കൂട്ടുള്ള ഒരുപാട് നാട്ടുപുരാണങ്ങൾ . കേരളത്തിൻറെ നവോത്ഥാനത്തില്‍ ക്രൈസ്തവ സഭകള്‍ ചെയ്ത സേവനങ്ങളിലേയ്ക്ക് വെറുതെ ഒരു തിരിഞ്ഞു നോട്ടം . താഴ്ന്ന ചില ജാതിയിൽ ജനിച്ചവർ ഉയർന്ന ജാതിക്കാരെ സമീപിക്കുന്നതിനുള്ള പരിധി പണ്ടുകാലത്ത് നിർണ്ണയിക്കപ്പെട്ടിരുന്നു
https://malayalam.krishijagran.com/news/chombalayile-muslim/
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group