സ്നേഹവും സൗഹൃദവും ഓർമ്മകളും പങ്കുവെച്ച് എടക്കാട് തൈലക്കണ്ടി തറവാട്ടിൽ കുടുംബമഹാസംഗമം
എടക്കാട്: നൂറ്റാണ്ടുകളുടെ പാരമ്പര്യവും ചരിത്രവും കാത്തുസൂക്ഷിക്കുന്ന എടക്കാട് തൈലക്കണ്ടി കുടുംബത്തിന്റെ 'സ്മൃതി സംഗമം' സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും അപൂർവ മുഹൂർത്തങ്ങൾക്ക് സാക്ഷിയായി. തൈലക്കണ്ടി തറവാട്ടുമുറ്റത്ത് നടന്ന കുടുംബസംഗമത്തിൽ നൂറുകണക്കിന് കുടുംബാംഗങ്ങൾ പങ്കെടുത്തു. പഴയ തലമുറയുടെ ഓർമ്മകളും പുതുതലമുറയുടെ ആവേശവും ഒത്തുചേർന്ന സംഗമം കുടുംബചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി മാറി.
സംഗമത്തിൽ പങ്കെടുക്കാനെത്തിയ ഓരോ കുടുംബാംഗവും പ്രത്യേകം തയ്യാറാക്കിയ 'ഓർമ്മച്ചുവരിൽ' ഒപ്പുവെച്ചാണ് വേദിയിലേക്ക് പ്രവേശിച്ചത്. കുടുംബത്തിലെ മുതിർന്ന അംഗം സക്കീന ആദ്യ ഒപ്പ് രേഖപ്പെടുത്തി ചടങ്ങിന് തുടക്കം കുറിച്ചു.
കുടുംബസംഗമത്തിന്റെ കൺവീനർ തൈലക്കണ്ടി ഷഫീഖ് സ്വാഗതം പറഞ്ഞു. ടി.സി. ബഷീർ അധ്യക്ഷത വഹിച്ചു. ഷാഹിർ ആശംസകൾ നേർന്നു. ടി. ഷാഹുൽ ഹമീദ് കുടുംബത്തിന്റെ ചരിത്രവും പാരമ്പര്യവും സദസ്സിന് പരിചയപ്പെടുത്തി. കഴിഞ്ഞകാലങ്ങളിൽ വിടപറഞ്ഞുപോയ മുൻതലമുറയിലെ പ്രിയപ്പെട്ടവരെ ചടങ്ങിൽ സ്നേഹാദരങ്ങളോടെ അനുസ്മരിച്ചു.
വിനോദത്തിനും സൗഹൃദത്തിനും ഒരുപോലെ പ്രാധാന്യം നൽകിയ വിവിധ പരിപാടികൾ സംഗമത്തിന് ഉത്സവാന്തരീക്ഷം പകർന്നു. സ്ത്രീകളുടെ ബഡായി വർത്തമാനം, തൽസമയ ക്യാഷ് പ്രൈസ് ചോദ്യോത്തര മത്സരം എന്നിവ ശ്രദ്ധേയമായി. കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചുകൊണ്ട് സംഘടിപ്പിച്ച 'ആദരണീയം' ചടങ്ങും പുതുതായി കുടുംബത്തിലേക്ക് കടന്നുവന്ന പുതിയാപ്ലമാരുമായുള്ള സംവാദവും വേറിട്ട അനുഭവമായി.
തറവാട്ടിലെ അമ്മായിമാർ അണിനിരന്ന 'അമ്മായിപ്പോര്' സദസ്സിൽ ചിരിയും കൗതുകവും നിറച്ചു. അഷ്ഫാക്, ഫിദ എന്നിവരുടെ നേതൃത്വത്തിൽ ഒപ്പന, മാപ്പിളപ്പാട്ട്, ഗ്രൂപ്പ് ഡാൻസ് തുടങ്ങിയ കലാപരിപാടികളും വിവിധ കായിക മത്സരങ്ങളും അരങ്ങേറി.
ഷാഹുൽ ഹമീദ് രചിച്ച കുടുംബഗാനം കുടുംബാംഗങ്ങളെല്ലാവരും ചേർന്ന് ആലപിച്ചത് സംഗമത്തിലെ വൈകാരികമായ മുഹൂർത്തങ്ങളിലൊന്നായി. കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ചണിനിരന്ന മെഗാ ഫാമിലി ഫോട്ടോയും കേക്ക് മുറിക്കലും ആഘോഷത്തിന് കൂടുതൽ മധുരം പകർന്നു.
വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണത്തോടെ 'സ്മൃതി സംഗമം' സമാപിച്ചു. കുടുംബബന്ധങ്ങളുടെ ഊഷ്മളതയും പൂർവികരുടെ പാരമ്പര്യത്തോടുള്ള ആദരവും പുതുതലമുറയിലേക്ക് കൈമാറിയ ഈ ഒത്തുചേരൽ, വരുംതലമുറകൾക്കും ഓർത്തുവെക്കാവുന്ന സ്നേഹസംഗമമായി മാറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































