ഒഞ്ചിയം: തുലാം പിറന്നതോടെ കടത്തനാടിന്റെ മടിത്തട്ടിൽ തിറയാട്ടങ്ങളുടെ കാലത്തിന് തുടക്കമായി. കാക്കുനി ഉമയംകുന്നുമ്മൽ പരദേവതാ കുട്ടിച്ചാത്തൻക്ഷേത്രത്തിൽ തുലാം ഒന്നിന് നേർച്ച വെള്ളാട്ടിന് തിരിതെളിയുന്നതോടെയാണ് കടത്തനാട്ടിലെ തെയ്യപ്പറമ്പുകൾ ഉണർന്നത്. ചാലോറ കുട്ടിച്ചാത്തൻ, തലച്ചില്ലോൻ പരദേവത, കരിയാത്തൻ പരദേവത, ഗുളികൻ, വിഷ്ണുമൂർത്തി എന്നീ കുലദൈവങ്ങൾ കെട്ടിയാടുന്ന ഇവിടുത്തെ തിറയുത്സവം 23, 24, 25 ദിവസങ്ങളിലാണ് നടക്കുന്നത്.
തെയ്യക്കുടുംബം എന്നത് പരമ്പരാഗത തെയ്യം തൊഴിൽ അനുഷ്ഠാനമാക്കിയവർ മാത്രമല്ല, ഓരോ ക്ഷേത്രങ്ങളിലെയും നടത്തിപ്പുകാർ, ക്ഷേത്രസംരക്ഷണസമിതികൾ, പ്രദേശത്തിന്റെ കുലദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച് പോരുന്ന ഭക്തജനങ്ങൾ എന്നിവരെല്ലാം ചേരുന്നതാണ്. ഇവരെല്ലാം മൂന്നുദിവസങ്ങളിലായി നടക്കുന്ന ആചാരാനുഷ്ഠാനങ്ങൾ കൂടുതൽ ജനകീയമാക്കി മാറ്റാനുള്ള മുന്നൊരുക്കങ്ങളിലാണ്. ഉമയംകുന്ന് കഴിഞ്ഞാൽ പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ കോമത്ത് ഭഗവതീക്ഷേത്രം, തിരുവള്ളൂർ പൂക്കോട്ടുമ്മൽ ക്ഷേത്രം, കൊളങ്ങാട്ട് ക്ഷേത്രം, പരോന്റവിട, ഒതയോത്ത് ചാമുണ്ഡി ക്ഷേത്രം, കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം, ചെരണ്ടത്തൂർ മൂഴിക്കൽ ക്ഷേത്രം തുടങ്ങിയ ദേശങ്ങളിലും തിറയുത്സവങ്ങൾ നടക്കും.
ആധുനിക സാങ്കേതികവിദ്യ വളർന്നതോടെ തെയ്യപ്രേമികളുടെ കൂട്ടായ്മയും തെയ്യങ്ങളുടെ പ്രചാരവും വലിയ തോതിൽ വർധിച്ചുവരുന്നുണ്ട്. കടമേരി പരദേവതാ ക്ഷേത്രത്തിൽ മേടം (ഏപ്രിൽ) മാസത്തിൽ തിറയുത്സവം കഴിയുന്നതോടെ കടത്തനാട്ടിൽ ചെണ്ടമേളങ്ങളുടെയും ചിലമ്പൊലികളുടെയും ആരവത്തിന് സമാപനമാകും. അതുവരെ നീളുന്ന ആറുമാസക്കാലം വ്യത്യസ്തങ്ങളായ നൂറുകണക്കിന് തെയ്യങ്ങളാണ് കടത്തനാടൻ മണ്ണിൽ കെട്ടിയാടുക.
പ്രകൃതിയുമായി മനുഷ്യനുള്ള ആത്മബന്ധത്തിന്റെയും തലമുറകളായി കൈമാറിവന്ന പാരമ്പര്യത്തിന്റെയും അടയാളപ്പെടുത്തൽ കൂടിയാണ് തെയ്യച്ചമയങ്ങൾ. തെങ്ങ്, കവുങ്ങ്, മുള തുടങ്ങിയവയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചാണ് പ്രധാന ചമയങ്ങൾ ഒരുക്കുന്നത്. മനോഹരമായ മുഖമെഴുത്തിന് ഈർക്കിളും മുളയും ബ്രഷായി ഉപയോഗിക്കുന്നു. നാഗഭഗവതിയുടെ 40ടിയോളം വലുപ്പമുള്ള മുടികെട്ടാൻ ഫ്രെയിമിനുള്ള വാട, കെട്ടാനുള്ള പാന്തോൻ, കുരുത്തോല തുടങ്ങിയവയെല്ലാം ജൈവവസ്തുക്കൾ മാത്രമാണ്. ഘണ്ടാകർണൻ, ഗുളികൻ, വിഷ്ണുമൂർത്തി തുടങ്ങിയ തെയ്യങ്ങളുടെ ഉടയാട കുരുത്തോല കൊണ്ടുള്ളതാണ്. വിഷ്ണുമൂർത്തി, ഗുളികൻ തെയ്യങ്ങളുടെ മുഖംമൂടി കവുങ്ങിൻപാളകൊണ്ട് രൂപപ്പെടുത്തുന്നതുമാണ്.
വിവിധ തെയ്യങ്ങളുടെ മുഖമെഴുത്തുകൾ തികച്ചും ജൈവികവസ്തുക്കൾ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. മിക്കതും വെളിച്ചെണ്ണയിൽ ചാലിച്ചാണ് ഉപയോഗിക്കുന്നത്. ചുവപ്പിന് മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കുന്ന ചായില്യം, മഞ്ഞയ്ക്ക് മഞ്ഞൾ, മനയോല, കറുപ്പിന് കരി, വെളുപ്പിന് അരിപ്പൊടി എന്നിവയാണ് ഉപയോഗിക്കുന്നത്. മിക്ക തെയ്യച്ചമയത്തിനും കഞ്ഞിവെള്ളത്തിൽ മുക്കിയ കോട്ടൻ കോറത്തുണി പ്രധാന ഘടകമാണെന്ന് തീക്കുനി ഉമയംകുന്നിലെ തെയ്യം കലാകാരനായ ഹരീഷ് പണിക്കർ വ്യക്തമാക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































