മാനന്തവാടി : പ്രശസ്ത ഗായിക എസ്. ജാനകിയുമായുള്ള വർഷങ്ങൾ നീണ്ട ആത്മബന്ധത്തിന്റെ നെഞ്ചുലയ്ക്കുന്ന ഓർമ്മകൾ പങ്കുവെച്ച് തിരുനെല്ലി നിട്ടറയിലെ പ്രശസ്ത പാരമ്പര്യവൈദ്യൻ വെള്ളൻ വൈദ്യർ. എട്ടുവർഷം മുൻപ്, അസുഖബാധിതയായി ഇനി പാടാനാകില്ലെന്ന് കരുതിയ ജാനകിയമ്മയ്ക്ക് തന്റെ മരുന്നിലൂടെ ശബ്ദം തിരിച്ചുകിട്ടിയതോടെയാണ് ആ ബന്ധം ആരംഭിക്കുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. രോഗിയെ നേരിട്ട് കാണാതെ മരുന്ന് നൽകില്ലെന്ന നിർബന്ധമുണ്ടായിരുന്നിട്ടും, അന്ന് മൂക്കിൽ ട്യൂബിട്ട അവസ്ഥയിലായിരുന്ന ജാനകിയമ്മയ്ക്കായി മടിച്ചു മടിച്ചാണ് രണ്ടാഴ്ചത്തെ മരുന്ന് നൽകിയത്. രോഗം മാറിയ ശേഷം ഫോണിലൂടെ സ്വയം പരിചയപ്പെടുത്തി തനിക്ക് പാട്ടുകൾ പാടിത്തന്ന ജാനകിയമ്മയുടെ ആ ശബ്ദം റേഡിയോയിലൂടെ മാത്രം കേട്ടുപരിചയിച്ചിരുന്ന തനിക്ക് വലിയ അമ്പരപ്പും അത്ഭുതവുമായിരുന്നെന്ന് വൈദ്യർ ഓർത്തെടുക്കുന്നു.
തുടർന്ന് തന്നെ നേരിട്ട് കാണാൻ മാത്രമായി വയനാട്ടിലെത്തിയ ജാനകിയമ്മയുടെ നാഡിമിടിപ്പ് പരിശോധിക്കാൻ സാധിച്ചതിനെ ഒരു മഹാഭാഗ്യമായാണ് വെള്ളൻ വൈദ്യർ കരുതുന്നത്. നെറ്റിയിൽ നിറയെ കുറിയണിഞ്ഞ്, മാറിൽ പനിനീർപ്പൂക്കൾ കുത്തിവെച്ച് എത്തിയ ജാനകിയമ്മയുടെ ആ രൂപം ജീവനുള്ളിടത്തോളം കാലം മനസ്സിൽ നിന്ന് മാഞ്ഞുപോവില്ലെന്ന് അദ്ദേഹം പറഞ്ഞു. അവർ പാടിയ പാട്ടുകളിൽ ഒന്നുപോലും തനിക്ക് മോശമായി തോന്നിയിട്ടില്ലെന്നും എല്ലാം അത്രമേൽ മനോഹരമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുനെല്ലി ക്ഷേത്രത്തിന് സമീപത്തുനിന്ന് പിന്നീട് കാട്ടിക്കുളത്തേക്ക് മാറ്റിയ ചികിത്സാ കേന്ദ്രത്തിൽ മാസങ്ങൾക്ക് മുൻപാണ് ജാനകിയമ്മ അവസാനമായി എത്തിയത്.
താൻ ജീവനുതുല്യം സ്നേഹിക്കുന്ന ഏകമകൻ മുരളീകൃഷ്ണന് ബാധിച്ച അർബുദരോഗം മാറ്റണമെന്ന വലിയ പ്രതീക്ഷയോടെയാണ് അവർ മകനെയും കൂട്ടി തന്റെയടുക്കൽ വന്നത്. എന്നാൽ അവിടെ എത്തുമ്പോഴേക്കും രോഗം മരുന്നുകൾ ഫലിക്കാത്ത ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞിരുന്നെന്നും പിന്നീട് ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും വൈദ്യർ വിഷമത്തോടെ പങ്കുവെച്ചു. മകൻ മരണപ്പെട്ട വിവരം അറിഞ്ഞപ്പോൾ അത് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. തനിക്ക് മറക്കാനാവാത്ത ഒട്ടനവധി ഓർമ്മകൾ സമ്മാനിച്ചാണ് ജാനകിയമ്മ മടങ്ങിയതെന്ന് വെള്ളൻ വൈദ്യർ അനുസ്മരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































